തിരുവനന്തപുരം: യുവതിയെ സ്വന്തമാക്കാൻ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഫോണുകൾ കസ്റ്റഡിയിൽ.ഫോണുകൾ ഇന്ന് ഫോറൻസിക്ക് പരിശോധനക്കയക്കും.ഇതിനിടെ ‘കത്തെഴുത്തുകാരെ’ പൊക്കാൻ പൊലീസ് തീരുമാനം. വീട്ടമ്മയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള കത്തുകൾ എഴുതിയവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞദിവസമാണ് വീട്ടമ്മയുടെ വ്യാജനഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടറും സീരിയൽ നടനും ഉൾപ്പെടെ മൂന്നുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ഡെന്റൽ കോളേജിലെ അസി.പ്രൊഫസർ ഡോ. സുബു, സീരിയൽ നടൻ ജാസ്മിർ ഖാൻ, മൊബെൽ ഫോൺ കടയുടമ കൊല്ലംകാവിലെ ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ ആവശ്യപ്രകാരം ഒന്നിലധികം പേരാണ് കത്ത് എഴുതിയിരിക്കുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കത്തെഴുതിയവരിൽ ഡോക്ടർ നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരുൾപ്പെടെയുണ്ടെന്ന് വിവരം ലഭിച്ചു.
ഇതേസമയം വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു. സുബുവിന്റെയും ജാസ്മിർ ഖാന്റെയും വീട്ടിൽനിന്നാണ് ഫോണുകൾ കണ്ടെത്തിയത്. ഡോക്ടറുടെ ഫോണിൽ വ്യാജനഗ്നചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ജാസ്മിർഖാന്റെതിൽനിന്ന് ചിത്രങ്ങൾ ലഭിച്ചിട്ടില്ല. ഡിലീറ്റ് ചെയ്തതായി ഇയാൾ വ്യക്തമാക്കി. വീട്ടമ്മയുടെ ഒറിജിനൽ ചിത്രങ്ങൾ ജാസ്മിർഖാന് താനാണ് നൽകിയതെന്ന് ഡോക്ടർ സമ്മതിച്ചു.
ഈ ചിത്രത്തിലേക്ക് മറ്റേതോ സ്ത്രീയുടെ നഗ്നഭാഗങ്ങൾ ജാസ്മിർഖാൻ കൂട്ടിച്ചേർക്കുകയായിരുന്നു. ഫോണുകളും സിംകാർഡുകളും തിങ്കളാഴ്ച ഫോറൻസിക് പരിശോധനയ്ക്ക് നൽകാൻ പൊലീസ് തീരുമാനിച്ചു. ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ വീണ്ടെടുക്കാനും ഏതെല്ലാം വ്യക്തികൾക്ക് ഇവ കൈമാറിയെന്ന് അറിയാനും മോർഫ് ചെയ്ത രീതി ഉൾപ്പെടെ മനസ്സിലാക്കാനുമാണ് ഫോറൻസിക് പരിശോധന.
Phones in custody in fake nude photos case: Phones to be sent to forensics today