---
title: "#nadiramehrin| ആറ് വർഷത്തിന് ശേഷം വീട്ടിൽ തിരികെ എത്തി; സുന്ദര നിമിഷങ്ങൾ പങ്കുവച്ച് നാദിറ"
english_title: "#Returned #home #aftersixyears  #Nadira #shares #moments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131346/returned-home-aftersixyears-nadira-shares-moments"
published_at: "2023-07-18T10:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6194097382_nadira_1.jpg"
keywords: []
---

# #nadiramehrin| ആറ് വർഷത്തിന് ശേഷം വീട്ടിൽ തിരികെ എത്തി; സുന്ദര നിമിഷങ്ങൾ പങ്കുവച്ച് നാദിറ

> **Lead Summary:** ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിച്ചപ്പോൾ എല്ലാം കൊണ്ടും നേട്ടങ്ങൾ ഉണ്ടായൊരു മത്സരാർത്ഥിയാണ് നാദിറ മെഹ്റിൻ. ട്രാൻസ്ജെന്റേഴ്സ് വിഭാ​ഗത്തിൽ നിന്നും നിരവധി മത്സരാർത്ഥികൾ ഇതിന് മുമ്പും ബി​ഗ് ബോസിൽ മത്സരാർത്ഥികളായി പങ്കെടുത്തിട്ടുണ്ടെങ്കിലും ബിഗ് ബോസ് വീടിനകത്തെ വാദപ്രതിവാദങ്ങളിൽ തന്റെ നിലപാട് കൃത്യമായി തുറന്ന് പറയാൻ നാദിറ മടി കാണിച്ചിരുന്നില്ല. ഫിസിക്കൽ ടാസ്കുകളിലും മറ്റും മികവോടെ മുന്നോട്ട് പോയ മത്സരാർത്ഥിയുമായിരുന്നു നാദിറ.

## Article Content

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിച്ചപ്പോൾ എല്ലാം കൊണ്ടും നേട്ടങ്ങൾ ഉണ്ടായൊരു മത്സരാർത്ഥിയാണ് നാദിറ മെഹ്റിൻ. ട്രാൻസ്ജെന്റേഴ്സ് വിഭാ​ഗത്തിൽ നിന്നും നിരവധി മത്സരാർത്ഥികൾ ഇതിന് മുമ്പും ബി​ഗ് ബോസിൽ മത്സരാർത്ഥികളായി പങ്കെടുത്തിട്ടുണ്ടെങ്കിലും ബിഗ് ബോസ് വീടിനകത്തെ വാദപ്രതിവാദങ്ങളിൽ തന്റെ നിലപാട് കൃത്യമായി തുറന്ന് പറയാൻ നാദിറ മടി കാണിച്ചിരുന്നില്ല. ഫിസിക്കൽ ടാസ്കുകളിലും മറ്റും മികവോടെ മുന്നോട്ട് പോയ മത്സരാർത്ഥിയുമായിരുന്നു നാദിറ.

നജീബ് എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. പിന്നീട് താനൊരു ട്രാൻസാണെന്നും പുരുഷനായി തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും മനസിലാക്കിയതോടെ സത്യം വീട്ടിൽ മാതാപിതാക്കൾക്ക് മുമ്പിൽ‌ നാദിറ തുറന്ന് പറഞ്ഞു. അതോടെ വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് കൊച്ചിയിൽ വന്ന് ട്രാൻസ് സമൂഹത്തിനൊപ്പം ജീവിച്ച് പഠിച്ചു. നിരവധി സർജറികൾ നടത്തിയ താരം ട്രാൻസ് വുമണായി മാറി. ആറ് വർഷത്തിലേറെയായി ബാപ്പയെയോ ഉമ്മയേയോ നാദിറ കണ്ടിരുന്നില്ല.

സഹോദരി ഷഹനാസുമായി മാത്രമാണ് നാദിറ സംസാരിച്ചിരുന്നതും ബന്ധം പുലർത്തിയിരുന്നതും. എന്നാൽ ബി​ഗ് ബോസിലേക്ക് നാദിറ പങ്കെടുക്കാൻ എത്തിയതോടെ കുടുംബം താരത്തെ അം​ഗീകരിക്കാൻ തുടങ്ങി. ഹൗസിൽ വെച്ച് പലപ്പോഴും ട്രാൻസ് സമൂഹത്തിന് വേണ്ടി നാ​ദിറ ഒരുപാട് സംസാരിക്കുകയും തന്റെ കുടുംബത്തെ തനിക്ക് എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും  ചെയ്തതോടെയാണ് കുടുംബം തന്നെ അം​ഗീകരിച്ച് തുടങ്ങിയെന്നത് നാദിറ മനസിലാക്കിയത്.

മണി ബോക്സ് ടാസ്കിൽ ഏഴേമുക്കാൽ ലക്ഷം രൂപയുമെടുത്താണ് നാദിറ ഹൗസിൽ നിന്നും പുറത്തിറങ്ങിയത്. മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്ത് പുറത്ത് വന്ന ശേഷം നാദിറ ആദ്യം വിളിച്ചതും മാതാപിതാക്കളെയായിരുന്നു. നാട്ടിൽ തിരികെ എത്തി വൈകാതെ തന്നെ നാദിറ വീട്ടിൽ‌ പോയി മാതാപിതാക്കളെ കണ്ടിരുന്നു. ഇപ്പോഴിതാ ആറ് വർഷത്തിന് ശേഷം ആദ്യമായി വീട്ടിൽ പോയി ബാപ്പയേയും ഉമ്മയേയും സന്ദർശിച്ചതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ നാദിറ മെ​ഹ്റിൻ.

നാദിറയെ കണ്ടയുടൻ ബാപ്പയും ഉമ്മയും കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതും വീഡിയോയിൽ കാണാം. നാദിറയെ കുടുംബത്തോടൊപ്പം കാണാൻ സാധിച്ച സന്തോഷമാണ് ഭൂരിഭാ​ഗം ആളുകളും കമന്റുകളിലൂടെ പ്രകടിപ്പിച്ചത്. താൻ ബി​ഗ് ബോസിൽ പങ്കെടുത്ത ശേഷം തന്നെ പോലെ സ്വന്തം സ്വത്വം വെളിപ്പെടുത്താൻ ആ​ഗ്രഹിച്ച പലർക്കും കുടുംബത്തോട് അത് വെളിപ്പെടുത്താനുള്ള ധൈര്യം ലഭിച്ചുവെന്നും തനിക്ക് വരുന്ന മെസേജുകളിൽ നിന്നും അത് വ്യക്തമാണെന്നും പലർക്കും പ്രചോദനമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നാദിറ വീഡിയോയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/131346/returned-home-aftersixyears-nadira-shares-moments)