---
title: "#aishwaryarai |ഐശ്വര്യയുടെ മറുപടി പലരെയും ചൊടിപ്പിച്ചു, ഇതുകൊണ്ടാണ് ബോളിവുഡ് അകലം കാണിക്കുന്നത്; നടിയെ വിമർശിച്ച് സോഷ്യൽ മീഡിയ "
english_title: "#Socialmedia #criticized #Aishwaryarai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/129270/socialmedia-criticized-aishwaryarai"
published_at: "2023-07-11T09:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acd2f446589_aishwarya1.jpg"
keywords: []
---

# #aishwaryarai |ഐശ്വര്യയുടെ മറുപടി പലരെയും ചൊടിപ്പിച്ചു, ഇതുകൊണ്ടാണ് ബോളിവുഡ് അകലം കാണിക്കുന്നത്; നടിയെ വിമർശിച്ച് സോഷ്യൽ മീഡിയ 

> **Lead Summary:** **ഇ**ന്ത്യൻ സിനിമയിൽ ഐശ്വര്യ റായിക്കുള്ള താരപ്രഭയ്ക്ക് അന്നും ഇന്നും കോട്ടം തട്ടിയിട്ടില്ല. സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നതിന് മുമ്പേ ഫാഷൻ മേഖലയിൽ തരം​ഗം സൃഷ്ടിച്ച ഐശ്വര്യ ആരാധകരെ സംബന്ധിച്ച് വിസ്മയമാണ്. ഇത്രമാത്രം സൗന്ദര്യമുള്ള ഒരു നടി ഐശ്വര്യക്ക് മുമ്പോ ശേഷമോ വന്നിട്ടില്ല. 49ാം വയസ്സിലും ഐശ്വര്യയുടെ അഴക് ചർച്ചാ വിഷയമാണ്.

## Article Content

**ഇ**ന്ത്യൻ സിനിമയിൽ ഐശ്വര്യ റായിക്കുള്ള താരപ്രഭയ്ക്ക് അന്നും ഇന്നും കോട്ടം തട്ടിയിട്ടില്ല. സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നതിന് മുമ്പേ ഫാഷൻ മേഖലയിൽ തരം​ഗം സൃഷ്ടിച്ച ഐശ്വര്യ ആരാധകരെ സംബന്ധിച്ച് വിസ്മയമാണ്. ഇത്രമാത്രം സൗന്ദര്യമുള്ള ഒരു നടി ഐശ്വര്യക്ക് മുമ്പോ ശേഷമോ വന്നിട്ടില്ല. 49ാം വയസ്സിലും ഐശ്വര്യയുടെ അഴക് ചർച്ചാ വിഷയമാണ്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്ത് വീണ്ടും ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഐശ്വര്യ റായ്. പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു. ബോളിവുഡിലെ മുൻനിര നായികയാണെങ്കിലും ഐശ്വര്യയെ ബി ടൗണിലെ സുഹൃദ് വലയങ്ങളിൽ അധികം കാണാറില്ല. മുംബൈ സിനിമാ ലോകം ഐശ്വര്യയോട് ചെറിയ അകൽച്ച കാണിക്കുന്നെന്ന ആക്ഷേപം ആരാധകർക്കുണ്ട്.

ഐശ്വര്യയുടെ തിരിച്ച് വരവ് കൂടിയായ പൊന്നിയിൻ സെൽവനെക്കുറിച്ച് ഒരു ട്വീറ്റിടാൻ പോലും ബി ടൗണിലെ പ്രമുഖരിൽ പലരും തയ്യാറായില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ​ഗോസിപ്പുകളും മത്സരങ്ങളും നിലനിൽക്കുന്ന ബി ടൗണിൽ നിന്നും ചെറിയൊരു അകലം ഐശ്വര്യയും വെക്കാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യയുടെ പഴയൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ കണ്ടതിൽ ഏത് നടിയുടെ പെർഫോമൻസാണ് ഇഷ്ടപ്പെട്ടതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. മെറിൽ സ്ട്രീപ് ഉൾപ്പെടെയുള്ള ഹോളിവുഡ് നടിമാരുടെ പേരാണ് നടി പറഞ്ഞത്.

ഏതെങ്കിലും ഇന്ത്യൻ നടിയുണ്ടോ എന്ന ചോദ്യത്തിന് ആരുടെയും പേരെടുത്ത് പറയാൻ ഐശ്വര്യ തയ്യാറായില്ല. ഒരുപാട് പേർ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇത്രയും നടിമാരുടെ പേരെടുത്ത് പറഞ്ഞാൽ ഇവിടെ തന്നെ ഇരിക്കേണ്ടി വരുമെന്നും ഐശ്വര്യ വ്യക്തമാക്കി. 2015 ൽ നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഐശ്വര്യയുടെ മറുപടി പലരെയും ചൊടിപ്പിച്ചു. വർഷങ്ങളായി സിനിമാ രം​ഗത്തുള്ള ഐശ്വര്യക്ക് മറ്റൊരു നടിയെ പുകഴ്ത്തി സംസാരിക്കാൻ എന്താണിത്ര മടിയെന്ന ചോ​ദ്യമാണ് പലർക്കും.

ഈ മനോഭാവം കൊണ്ടാണ് ബോളിവുഡ് ഇൻഡസ്ട്രിയും ഐശ്വര്യയോട് അകലം കാണിക്കുന്നതെന്നും ചിലർ കമന്റ് ചെയ്തു. എന്തുകൊണ്ടാണ് പൊന്നിയിൻ സെൽവൻ പോലുള്ള സിനിമകൾ ബോളിവുഡിൽ നിന്നും ഐശ്വര്യക്ക് ലഭിക്കാത്തതെന്ന ചോദ്യം അടുത്തിടെ ഫിലിം ക്രിറ്റിക് അനുപമ ചോപ്ര താരത്തോട് ചോദിച്ചിരുന്നു. ബോളിവുഡിലെ രീതികളോട് ഐശ്വര്യക്ക് വലിയ താൽപര്യമില്ല. കടുത്ത മത്സരം നടക്കുന്ന ബി ടൗണിൽ പലപ്പോഴും ആരോ​ഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുകയെന്നതും പ്രയാസമാണ്.

മുമ്പൊരിക്കൽ ഐശ്വര്യ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മറ്റൊരാൾ കരിയറിൽ വളരുന്നത് നിരുത്സാഹപ്പെടുത്തുന്ന പ്രവണതയ്ക്കെതിരെയാണ് നടി സംസാരിച്ചത്. സിനിമാ രം​ഗത്ത് മാത്രമല്ല ഈ രീതി നിലനിൽക്കുന്നതെന്നും നടി ചൂണ്ടിക്കാട്ടി. ‍ഒരു കൊട്ടയിലുള്ള ഞണ്ടുകളെ പോലെ. ഒരു ഞണ്ട് തന്റെ പ്രയത്നം കൊണ്ട് പുറത്ത് കടക്കാൻ ശ്രമിക്കുമ്പോൾ അത് പ്രോത്സാഹിപ്പിക്കുന്നതിന് പകരം മറ്റ് ‍ഞണ്ടുകൾ അതിനെ വലിച്ച് താഴെയിട്ട്, നീ എവിടെയും പോകില്ല, ഞങ്ങളോടൊപ്പം നിൽക്കൂ എന്ന് പറയുന്ന മനോഭാവം. അത് ദുഖകരമാണെന്നും ഐശ്വര്യ റായ് അന്ന് വ്യക്തമാക്കി.

അന്നും ഇന്നും തെന്നിന്ത്യൻ സിനിമകളോട് ഐശ്വര്യക്ക് അടുപ്പമുണ്ട്. പൊന്നിയിൻ സെൽവന്റെ പ്രൊമോഷൻ ചടങ്ങുകളിൽ ഐശ്വര്യ റായ് വളരെ സന്തോഷവതിയായിരുന്നു. ഇത് പലപ്പോഴും ബോളിവുഡ് സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ കാണാറില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/129270/socialmedia-criticized-aishwaryarai)