---
title: "#kavyamadhavan |'കൺഫോം ആയി, നീ ഇതാരോടും പറയേണ്ട', അന്നത് ചിന്തിച്ചത് പോലുമില്ല; കാവ്യയുടെ വാക്കുകൾ "
english_title: "'Being #conformed, you don't tell #anyone', he didn't even #think about it then; #Kavya's words"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128829/being-conformed-you-dont-tell-anyone-he-didnt-even-think-about-it-then-kavyas-words"
published_at: "2023-07-09T13:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa707ce58fe_kavya1.jpg"
keywords: []
---

# #kavyamadhavan |'കൺഫോം ആയി, നീ ഇതാരോടും പറയേണ്ട', അന്നത് ചിന്തിച്ചത് പോലുമില്ല; കാവ്യയുടെ വാക്കുകൾ 

> **Lead Summary:** **മ**ലയാള സിനിമയിൽ കാവ്യ മാധവനെ പോലെ തരം​ഗം സൃഷ്ടിച്ച നടിമാർ വിരളമാണ്. 2000 ത്തിന്റെ തുടക്കത്തിൽ ഹിറ്റ് സിനിമകളിലെ നായികയായി നിറഞ്ഞ് നിന്ന കാവ്യ അന്ന് മലയാളത്തിന്റെ മുഖശ്രീയായി അറിയപ്പെട്ടു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ നായികയായി അരങ്ങേറുമ്പോൾ 9ാം ക്ലാസുകാരിയാണ് കാവ്യ. മുൻനിര നായിക നടിയായി വളരെ പെട്ടെന്ന് കാവ്യ ശ്രദ്ധ നേടി.

## Article Content

**മ**ലയാള സിനിമയിൽ കാവ്യ മാധവനെ പോലെ തരം​ഗം സൃഷ്ടിച്ച നടിമാർ വിരളമാണ്. 2000 ത്തിന്റെ തുടക്കത്തിൽ ഹിറ്റ് സിനിമകളിലെ നായികയായി നിറഞ്ഞ് നിന്ന കാവ്യ അന്ന് മലയാളത്തിന്റെ മുഖശ്രീയായി അറിയപ്പെട്ടു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ നായികയായി അരങ്ങേറുമ്പോൾ 9ാം ക്ലാസുകാരിയാണ് കാവ്യ. മുൻനിര നായിക നടിയായി വളരെ പെട്ടെന്ന് കാവ്യ ശ്രദ്ധ നേടി.

അക്കാലത്ത് ഒപ്പം വന്ന പല നായിക നടിമാരും മറുഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും കാവ്യ മലയാള സിനിമയിൽ ഉറച്ച് നിന്നു. പുതുമുഖങ്ങൾ തുടരെ വന്നപ്പോഴും കാവ്യക്കൊരു സ്ഥാനം എന്നും മലയാള സിനിമയിൽ ഉണ്ടായിരുന്നു. പെരുമഴക്കാലം, ​ഗദ്ദാമ, അനന്തഭദ്രം, ക്ലാസ്മേറ്റ്സ്, വാസ്തവം, മീശമാധവൻ തുടങ്ങിയ സിനിമകളിൽ കാവ്യ ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസ്സിൽ നിറഞ്ഞ് നിൽക്കുന്നു.

‌2016 ൽ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുന്ന കാവ്യ സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല. അതേസമയം നടിയുടെ ഫാൻ പേജുകൾ നിരവധിയുണ്ട്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ കാവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടി ​ഗോപികയെക്കുറിച്ചാണ് കാവ്യ സംസാരിച്ചത്.

'വിവാഹം എന്നത് തലയിൽ വരച്ചത് പോലെയാണ്. ​​ഗോപികയുടെ കാര്യം അതിന് ഉദാഹരണമാണ്. ഞങ്ങൾ എല്ലാവരും ഒരേ പ്രായക്കാരാണ്. അവൾക്ക് കല്യാണം ശരിയായതിന്റെ രണ്ടാഴ്ച മുമ്പ് വരെ ഞങ്ങൾ കണ്ടതാണ്. അപ്പോൾ വരെ ഒന്നും ആയിട്ടുണ്ടായിരുന്നില്ല. കുറച്ചിങ്ങനെ നോക്കി വെച്ചിരുന്നതേ ഉള്ളൂ. അന്ന് കണ്ട ശേഷം രണ്ടാമത്തെ ആഴ്ചയാണ് അവൾ എന്നെ വിളിക്കുന്നത്' 'കൺഫോം ആയി. നീ ഇതാരോടും പറയേണ്ട എന്ന് പറഞ്ഞു. ഞങ്ങൾ അടുത്ത കുറച്ച് സുഹൃത്തുക്കൾ ഉണ്ട്. ഞങ്ങളിൽ മാത്രം ഒതുങ്ങിയ കാര്യം ആയിരുന്നു. പിന്നെയാണ് പബ്ലിസിറ്റി ആയത്. ഇങ്ങനെയല്ലേ ഓരോ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതെന്ന് ഞാൻ ചിന്തിക്കും'.

ഞങ്ങളെല്ലാവരും റിമി ടോമിയുടെ കല്യാണത്തിന് കണ്ടപ്പോൾ സംസാരിച്ചതാണ്. അടുത്തയാഴ്ച പുതിയ ജീവിതം തുടങ്ങാൻ പോകുകയാണെന്ന് ആരും ചിന്തിച്ചില്ല. അവളും ചിന്തിച്ചിട്ടുണ്ടാകില്ല. എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്. എൻ​ഗേജ്മെന്റ് കഴിഞ്ഞു. അതിന്റെ അടുത്തയാഴ്ച കല്യാണം കഴിഞ്ഞു. റിസപ്ഷൻ കഴിഞ്ഞ് അവൾ അയർലന്റിലെ വീട്ടിലുമെത്തി. തന്റെ വിവാഹവും ഒരുപക്ഷെ അങ്ങനെയായിരിക്കുമെന്നും കാവ്യ അന്ന് പറഞ്ഞു.

എസിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. കാവ്യയും ​ഗോപികയും ഒരേ കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്നവരാണ്. വിവാഹശേഷം ​ഗോപിക സിനിമകളിൽ നിന്നും അകന്നു. 2008 ലായിരുന്നു ​ഗോപികയുടെ വിവാഹം. വിവാഹശേഷം നടി ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയി. ഡോക്ടറായ അജിലേഷ് ചാക്കോയാണ് ​ഗോപികയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് മക്കളും പിറന്നു. ​ഗോപികയുടെ വിവാഹത്തിന് പിന്നാലെ കാവ്യയുടെ വിവാഹവും നടന്നു. ‌2009 ഫെബ്രുവരിയിലായിരുന്നു കാവ്യയുടെ ആദ്യ വിവാഹം.

നിഷാൽ ചന്ദ്രയായിരുന്നു ഭർത്താവ്. വിവാഹശേഷം നടി കുവൈറ്റിലേക്ക് പോകുകയും ചെയ്തു. മാസങ്ങൾ മാത്രമേ ഈ വിവാഹബന്ധം നിലനിന്നുള്ളൂ. ആ വർഷം ജൂലൈ മാസത്തിൽ നാട്ടിലേക്ക് തിരിച്ചെത്തിയ നടി പിന്നീട് വിവാഹമോചനവും നേടി. 2017 ലാണ് നടൻ ദിലീപുമായി കാവ്യ വിവാഹിതയാകുന്നത്. ഈ ബന്ധത്തിൽ മഹാലക്ഷ്മി എന്ന മകളും ലഭിച്ചു. സിനിമകളിൽ നിന്ന് മാറി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണിപ്പോൾ കാവ്യ.

### Related Links & Sources
- [Original Story Source](https://moviemax.in/news/128829/being-conformed-you-dont-tell-anyone-he-didnt-even-think-about-it-then-kavyas-words)