ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന് വിജയം കൈ വരിച്ച പ്രിയങ്ക ചോപ്ര തന്റെ ജീവിതവും അമേരിക്കയിലാണ് കെട്ടിപ്പടുത്തത്. പോപ് ഗായകനായ നിക് ജോനാസാണ് പ്രിയങ്കയുടെ ഭർത്താവ്. മേരി മാലതി ചോപ്ര ജോനാസ് എന്ന മകളും ഇരുവർക്കും പിറന്നു. 2018 ലാണ് പ്രിയങ്കയും നിക് ജോനാസും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയകാലത്തെക്കുറിച്ച് ഇരുവരും നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

26ാം വയസ്സിലാണ് നിക് ജോനാസ് പ്രിയങ്കയെ വിവാഹം ചെയ്യുന്നത്. അന്ന് പ്രിയങ്കയ്ക്ക് പ്രായം 36 ഉം. 10 വയസ്സിന്റെ പ്രായവ്യത്യാസം അന്ന് വലിയ തോതിൽ ചർച്ചയായി. എന്നാൽ പ്രായം പ്രണയത്തിന് തടസ്സമല്ലെന്ന് ഇരുവരും തെളിയിച്ചു. ലോസ് ആഞ്ചലസിലാണ് പ്രിയങ്കയും ഭർത്താവും ഇപ്പോൾ താമസിക്കുന്നത്. ഇടയ്ക്ക് സിനിമകളുടെയും മറ്റും ആവശ്യത്തിന് ഇന്ത്യയിലെത്താറുണ്ട്. അടുത്തിടെ കസിൻ പരിനീതി ചോപ്രയുടെ വിവാഹത്തിന് പ്രിയങ്കയും ഭർത്താവും ഇന്ത്യയിൽ വന്നിരുന്നു. ഭർത്താവിന്റെ മുൻ കാമുകിയെക്കുറിച്ച് പ്രിയങ്ക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഗായിക മിലി സിറസ് ആണ് നിക് ജോനാസിന്റെ മുൻ കാമുകി. 2006 ലായിരുന്നു ഇരുവരും പ്രണയത്തിലായത്. പിന്നീടിവർ പിരിഞ്ഞു. മിലി സിറസിനെ ഒന്ന് രണ്ട് തവണ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ വളരെ നല്ല വ്യക്തിയാണെന്നും മുമ്പൊരിക്കൽ പ്രിയങ്ക പറഞ്ഞിട്ടുണ്ട്. മിലിക്കും മിലിയുടെ പങ്കാളി നടൻ ലിയാം ഹെൻസ്വർത്തിനുമൊപ്പം ഡബിൾ ഡേറ്റിന് പോകാൻ താനും ഭർത്താവും പദ്ധതിയിട്ടിരുന്നെന്നും പ്രിയങ്ക വ്യക്തമാക്കി. മിലി സിറസിന്റെ പാട്ടുകളുടെ ആരാധികയാണ് താനെന്നും പ്രിയങ്ക തുറന്ന് പറഞ്ഞു.

ലിയാമിനൊപ്പം 'ഈസ് ഇന്റ് ഇറ്റ് റാെമാന്റിക്' എന്ന സിനിമയിൽ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ പ്രൊമോ ഷൂട്ട് ചെയ്യുന്ന സമയത്ത് നടന് സുഖമില്ലായിരുന്നു. അന്ന് മിലി അദ്ദേഹത്തിനൊപ്പം നിന്ന് സഹായിച്ചെന്നും പ്രിയങ്ക ഓർത്തു. മിലി സിറസുമായി പിരിഞ്ഞ ശേഷം പോപ് ഗായിക സെലിന ഗൊമ്സിനെയാണ് നിക് ജോനാസ് പ്രണയിച്ചത്. എന്നാൽ പിന്നീട് ഇവരും പിരിഞ്ഞു. പ്രിയങ്കയുമായി പ്രണയത്തിലായ ശേഷം നിക് വേഗം വിവാഹ ജീവിതത്തിലേക്കും കടന്നു.
Content Highlight: #priyanka #chopra #bollywood

































