---
title: "#viral |ഒറ്റപ്പെട്ട ദ്വീപുകളിൽ ചെന്ന് താമസിക്കണം, കിട്ടുക 75 ലക്ഷം രൂപ വരെ...!ആളുകളെ ക്ഷണിച്ച് സർക്കാർ "
english_title: "You have to go and live in isolated #islands, get up to #75lakhrupees...! #Government #invites #people"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126979/you-have-to-go-and-live-in-isolated-islands-get-up-to-75lakhrupees-government-invites-people"
published_at: "2023-07-03T12:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2717077cda_islance.jpg"
keywords: []
---

# #viral |ഒറ്റപ്പെട്ട ദ്വീപുകളിൽ ചെന്ന് താമസിക്കണം, കിട്ടുക 75 ലക്ഷം രൂപ വരെ...!ആളുകളെ ക്ഷണിച്ച് സർക്കാർ 

> **Lead Summary:** **നാ**ട്ടിൻപുറത്തെ ജീവിതമോ, അല്ലെങ്കിൽ ഒറ്റപ്പെട്ട ഇടങ്ങളിലെ ജീവിതമോ ഒക്കെ ഉപേക്ഷിച്ച് ഇന്ന് ആളുകൾ ന​ഗരങ്ങൾ തേടി പോവുകയാണ്. കൂടുതൽ സൗകര്യങ്ങൾ ഉള്ള ഇടങ്ങളാണ് മിക്കവർക്കും ജീവിക്കാൻ ഇഷ്ടം. അതുകൊണ്ട് തന്നെ പല നാട്ടിലെയും ദ്വീപുകളും ഒറ്റപ്പെട്ട ഇടങ്ങളും ഒക്കെ ആളൊഴിഞ്ഞ് കിടക്കുകയാണ്.

## Article Content

**നാ**ട്ടിൻപുറത്തെ ജീവിതമോ, അല്ലെങ്കിൽ ഒറ്റപ്പെട്ട ഇടങ്ങളിലെ ജീവിതമോ ഒക്കെ ഉപേക്ഷിച്ച് ഇന്ന് ആളുകൾ ന​ഗരങ്ങൾ തേടി പോവുകയാണ്. കൂടുതൽ സൗകര്യങ്ങൾ ഉള്ള ഇടങ്ങളാണ് മിക്കവർക്കും ജീവിക്കാൻ ഇഷ്ടം. അതുകൊണ്ട് തന്നെ പല നാട്ടിലെയും ദ്വീപുകളും ഒറ്റപ്പെട്ട ഇടങ്ങളും ഒക്കെ ആളൊഴിഞ്ഞ് കിടക്കുകയാണ്.

അവിടെയുണ്ടായിരുന്ന ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നത് ആ നാടുകളിലെ സർക്കാരുകളെ ചെറുതായിട്ടല്ല ആശങ്കപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ പല സർക്കാരുകളും പല ഓഫറുകളും വച്ചുകൊണ്ട് ആളുകളെ തങ്ങളുടെ സ്ഥലങ്ങളിലേക്ക് ക്ഷണിക്കാറുണ്ട്. അതുപോലെ ഐറിഷ് സർക്കാരാണ് മികച്ച ഓഫറുകൾ നൽകി ഇപ്പോൾ ആളുകളെ അങ്ങോട്ട് ക്ഷണിക്കുന്നത്.

ന​ഗരങ്ങ‌ളുടെ ബഹളമില്ലാതെ അധികം ആളുകളുടെ കൂട്ടത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾക്ക് ഈ ഓഫറുകൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ, ഈ ഓഫർ അങ്ങനെ വെറുതെ പോയി ലഭ്യമാക്കാം എന്ന് കരുതണ്ട. അതിന് ചില വ്യവസ്ഥകളൊക്കെ ഉണ്ട്. 75 ലക്ഷം രൂപ വരെയാണ് ഇങ്ങനെ കിട്ടുന്നത്. ദ ഔവർ ലിവിം​ഗ് ഐലൻഡ്സ് പോളിസി പ്രകാരമാണ് ഒറ്റപ്പെട്ട ഇത്തരം സ്ഥലങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുന്നത്.

ഈ പദ്ധതി പ്രകാരം പണം കിട്ടുന്ന ആളുകൾ അവിടുത്തെ ജനസംഖ്യാവർധനവിൽ പങ്ക് വഹിച്ചേ തീരൂ. റൂറൽ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രിയായ ഹെതർ ഹംഫ്രീസ് ഈ മാസം ആദ്യം അറൈൻ മോർ ദ്വീപ് സന്ദർശിച്ചിരുന്നു. അപ്പോഴാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതി പ്രകാരം ഈ ദ്വീപിൽ കൂടുതൽ ആളുകൾ താമസിക്കുകയും കൂടുതൽ ആളുകൾ ജോലി ചെയ്യുകയും ചെയ്യും.

എവിടെയാണ് ഈ ആളുകൾ ജോലി ചെയ്യുന്ന കമ്പനികളുടെ ഹെഡ്‍ക്വാർട്ടറുകൾ എന്നതിൽ കാര്യമില്ല. ആളുകൾക്ക് ഇവിടെ ഇരുന്ന് ജോലി ചെയ്യാം എന്നും മന്ത്രി വ്യക്തമാക്കി. ജൂലൈ മുതൽ തന്നെ ഈ ​ഗ്രാന്റുകൾ കൊടുത്ത് തുടങ്ങും. ഐറിഷ് ​സർക്കാരിന്റെ നാഷണൽ ഐലൻഡ് പോളിസിയുടെ ഭാ​ഗം കൂടിയാണ് ഇത്. ​ഗ്രാന്റ് കിട്ടുന്നവർ ദ്വീപിൽ സ്ഥലവും വീടും വാങ്ങണം. രണ്ട് വർഷത്തേക്ക് ഇവിടെ തന്നെ താമസിക്കുകയും വേണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/126979/you-have-to-go-and-live-in-isolated-islands-get-up-to-75lakhrupees-government-invites-people)