---
title: "#navyanair |  അവളിൽ‌ ഞാൻ കണ്ടത് എന്നെ, സർ​ഗയെപ്പോലെ ആ​ഗ്രഹിച്ച് ഞാൻ മുകളിലേക്ക് നോക്കിയിട്ടുണ്ട് - നവ്യ  നായർ "
english_title: "A video of actress Navya Nair's gift to a little girl is gaining attention on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125483/a-video-of-actress-navya-nairs-gift-to-a-little-girl-is-gaining-attention-on-social-media"
published_at: "2023-06-27T17:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ad4137be7f_navyanair.jpg"
keywords: []
---

# #navyanair |  അവളിൽ‌ ഞാൻ കണ്ടത് എന്നെ, സർ​ഗയെപ്പോലെ ആ​ഗ്രഹിച്ച് ഞാൻ മുകളിലേക്ക് നോക്കിയിട്ടുണ്ട് - നവ്യ  നായർ 

> **Lead Summary:** നടി നവ്യ നായരെ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല . താരം ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന റിയാലിറ്റി ഷോയുടെ മെന്റർമാരിൽ ഒരാളാണ്. നവ്യയ്ക്കൊപ്പം നടൻ മുകേഷ്, ​ഗായിക റിമി ടോമി എന്നിവരും മെന്റർമാരായി ഉണ്ട്.

## Article Content

നടി നവ്യ നായരെ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല . താരം ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന റിയാലിറ്റി ഷോയുടെ മെന്റർമാരിൽ ഒരാളാണ്. നവ്യയ്ക്കൊപ്പം നടൻ മുകേഷ്, ​ഗായിക റിമി ടോമി എന്നിവരും മെന്റർമാരായി ഉണ്ട്.

വ്യത്യസ്തമായ കഴിവുകളുള്ള പ്രതിഭകൾക്ക് അവ ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കാനുള്ള വേദിയാണ് കിടിലം റിയാലിറ്റി ഷോ. രണ്ട് വയസ് പ്രായമുള്ള കുട്ടികൾ മുതൽ പ്രായമായവർ വരെ കിടിലത്തിൽ പങ്കെടുക്കാൻ എത്താറുണ്ട്.

അത്തരത്തിൽ കിടിലത്തിൽ പങ്കെടുക്കാനെത്തിയ ഒരു കൊച്ചു പെൺകുട്ടിക്ക് നടി നവ്യ നായർ നൽകിയ സമ്മാനത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. സർ​ഗ എന്നെ പെൺകുഞ്ഞ് കിടിലത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ തനിക്ക് വളരെ നാളുകളായുള്ള ഒരു ആ​ഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

കിടിലത്തിൽ നിന്നും കിട്ടുന്ന സമ്മാനതുക എന്തിന് ഉപയോ​ഗിക്കുമെന്ന് ചോദിച്ചപ്പോൾ വിമാനത്തിൽ കയറാനായി ഉപയോ​ഗിക്കുമെന്നാണ് സർ​ഗ നവ്യയോട് പറഞ്ഞത്. ഒരു ലക്ഷം രൂപയാണ് സർ​ഗ അന്ന് സമ്മാനമായി നേടിയത്. എന്നാൽ ആ തുക വിമാന യാത്രയ്ക്ക് ഉപയോ​ഗിക്കേണ്ടതില്ലെന്നും സ​ർ​ഗയ്ക്കും അച്ഛനും അമ്മയ്ക്കും വിമാന യാത്ര സാധ്യമാക്കുന്നതിനുള്ള ചെലവ് താൻ വഹിച്ചോളാമെന്നുമാണ് നവ്യ നായർ ഉറപ്പ് നൽകിയത്.

പിന്നീട് നവ്യ ആ വാക്ക് പാലിക്കുകയും ചെയ്തു. സർ​ഗയ്ക്കും കുടുംബത്തിനും ബാം​ഗ്ലൂർക്കുള്ള വിമാന യാത്രയാണ് നവ്യ ഒരുക്കി കൊടുത്തത്. കൂടാതെ ബാം​ഗ്ലൂരിൽ എത്തിയാൻ താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമും ഭക്ഷണവും യാത്ര ചെയ്യാൻ ടാക്സിയും വരെ നവ്യ പ്രീബുക്ക് ചെയ്തിരുന്നു.

വിമാനയാത്ര മനസ് നിറഞ്ഞ് ആസ്വദിക്കുന്ന സർ​ഗയുടെ വീഡിയോ വൈറലാണ്. നവ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സർ​ഗയുടെ വിമാന യാത്ര ആരംഭിച്ചത്. നവ്യ ആ​ഗ്രഹം നിറവേറ്റി കൊടുത്തപ്പോൾ സർ​ഗ കുട്ടിയുടെ കുഞ്ഞ് മുഖത്ത് വിരിഞ്ഞ ചിരിയും ആഹ്ലാദവും എത്ര കണ്ടാലും ആർക്കും മതിവരുകയില്ലെന്നാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. നിറഞ്ഞ കണ്ണുകളോടെയാണ് നവ്യ സർ​ഗയുടെ വിമാന യാത്രയുടെ വീഡിയോ കണ്ടത്.

 സർ​ഗയുടെ വീ‍ഡിയോ കണ്ട് തീരുവോളം നവ്യ കരയുകയായിരുന്നു. 'സർ​ഗകുട്ടിയുടെ ചിരിക്കുന്ന മുഖം കാണാൻ സാധിച്ചതാണ് ഏറ്റവും വലിയ സന്തോഷം.'

'എന്റെ കുഞ്ഞിന് പോലും അവൻ ആ​ഗ്രഹിക്കാതെ തന്നെ പലതും കിട്ടി ശീലിച്ചതുകൊണ്ട് സർ​ഗയുടെ മുഖത്ത് കണ്ട നിറചിരിയും സന്തോഷവും എന്റെ കുഞ്ഞിന്റെ മുഖത്ത് നിന്നെന്നും കിട്ടിയെന്ന് വരില്ല. സർ​ഗയുടെ ആ​ഗ്രഹം സാധിച്ച് കൊടുക്കാൻ പാകത്തിനുള്ള ഒരാളാക്കി എന്നെ മാറ്റിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.' 'സർ​ഗകുട്ടി അന്ന് ആ ആ​ഗ്രഹം പറ‍‍ഞ്ഞപ്പോൾ എനിക്ക് എന്നെ കാണാൻ പറ്റി. സർ​ഗയെപ്പോലെ ആ​ഗ്രഹിച്ച് ഞാൻ മുകളിലേക്ക് നോക്കിയിട്ടുണ്ട്', എന്നാണ് വിതുമ്പി കരഞ്ഞുകൊണ്ട് നവ്യ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125483/a-video-of-actress-navya-nairs-gift-to-a-little-girl-is-gaining-attention-on-social-media)