---
title: "ഒഴുക്കില്‍ പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന യുവാക്കൾ;  വീഡിയോ വൈറലാകുന്നു "
english_title: "Young men rescuing a young woman caught in the current; The video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124998/young-men-rescuing-a-young-woman-caught-in-the-current-the-video-goes-viral"
published_at: "2023-06-25T19:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64984df676e7c_viral.jpg"
keywords: []
---

# ഒഴുക്കില്‍ പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന യുവാക്കൾ;  വീഡിയോ വൈറലാകുന്നു 

> **Lead Summary:** ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ ഭൂരിപക്ഷവും പക്ഷേ, കാഴ്ചക്കാരെ കൂട്ടുന്നതിനായി തന്നെ ബോധപൂര്‍വം തയ്യാറാക്കുന്നവ ആയിരിക്കും.

## Article Content

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ ഭൂരിപക്ഷവും പക്ഷേ, കാഴ്ചക്കാരെ കൂട്ടുന്നതിനായി തന്നെ ബോധപൂര്‍വം തയ്യാറാക്കുന്നവ ആയിരിക്കും.

 സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു രക്ഷാപ്രവര്‍ത്തന വീഡിയോ. കുത്തിയൊഴുകുന്ന പുഴയിലെ ഒഴുക്കില്‍ പെട്ടുപോയ കാറിനകത്ത് നിന്ന് ഒരു സ്ത്രീയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന യുവാക്കളെയാണ് ഈ വീഡിയോയില്‍ കാണുന്നത്.

ഹരിയാനയില്‍ നിന്നുള്ളതാണ് ദൃശ്യം. പുഴയ്ക്കരികിലായി കാര്‍ പാര്‍ക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായ ഒഴുക്ക് വരികയും കാറോടെ യുവതി പുഴയിലേക്ക് പതിക്കുകയും ആയിരുന്നു. എന്നാല്‍ കാര്‍ പൂര്‍ണമായും പുഴയില്‍ മുങ്ങിപ്പോയില്ല.

ഇതോടെ ഒഴുക്കില്‍ കുടുങ്ങിനിന്ന കാറില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്താൻ പരിസരത്തുള്ള യുവാക്കള്‍ തുനിഞ്ഞിറങ്ങുകയായിരുന്നു. സംഘമായി നിന്ന് കയര്‍ കെട്ടിവലിച്ചാണ് ഒഴുക്കില്‍ പെട്ട കാറിനെ ഇവര്‍ പിടിച്ചുനിര്‍ത്തുന്നത്.

[**https://twitter.com/i/status/1672929918773018629**](https://twitter.com/i/status/1672929918773018629)

ശേഷം ഇതിനകത്ത് നിന്ന് യുവതിയെ പുറത്തിറക്കുന്നു. നെഞ്ചിടിക്കുന്ന കാഴ്ച തന്നെയാണിതെന്ന് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെയാണ് ആ ഒഴുക്കിനെ അതിജീവിച്ച് ഇവര്‍ക്ക് യുവതിയെ രക്ഷപ്പെടുത്താനായതെന്നും, തീര്‍ച്ചയായും വലിയ അഭിനന്ദനം തന്നെയാണീ യുവാക്കള്‍ അര്‍ഹിക്കുന്നതെന്നും നിരവധി പേര്‍ കമന്‍റ് ബോക്സില്‍ കുറിച്ചിരിക്കുന്നു.

യുവാക്കള്‍ രക്ഷപ്പെടുത്തിയ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. ഹരിയാനയില്‍ പലയിടത്തും കനത്ത മഴ നാശനഷ്ടം വിതയ്ക്കുന്നുണ്ട്. ഹരിയാനയ്ക്ക് പുറമെ മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു, യുപി എന്നീ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും മഴ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124998/young-men-rescuing-a-young-woman-caught-in-the-current-the-video-goes-viral)