---
title: "ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്ക് തുടരും; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍"
english_title: "Producers Association says ban imposed on Shane Nigam and Srinath Bhasi will continue."
publisher: "moviemax.in"
canonical_url: "https://moviemax.in/news/124486/producers-association-says-ban-imposed-on-shane-nigam-and-srinath-bhasi-will-continue"
published_at: "2023-06-23T16:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649576f9084b2_sreenathbasi.jpg"
keywords: []
---

# ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്ക് തുടരും; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

> **Lead Summary:** ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഷെയ്ന്‍ നിഗത്തിന്റെ കാര്യത്തില്‍ താരസംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മില്‍ ചര്‍ച്ചകള്‍ മാത്രമാണ് നടന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

## Article Content

ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഷെയ്ന്‍ നിഗത്തിന്റെ കാര്യത്തില്‍ താരസംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മില്‍ ചര്‍ച്ചകള്‍ മാത്രമാണ് നടന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

അതേസമയം, ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു എന്ന വാര്‍ത്തകളാണ് ആദ്യം എത്തിയത്. ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ശനിയാഴ്ച അമ്മ തീരുമാനമെടുക്കും.

ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ അപേക്ഷ നല്‍കിയത്.

‘ആര്‍ഡിഎക്സ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് ഷെയ്ന്‍ നിഗത്തെ വിലക്കിയത്. എഡിറ്റ് കാണണമെന്ന് ആവശ്യപ്പെട്ട് ഷെയ്ന്‍ സെറ്റില്‍ പ്രശ്നമുണ്ടാക്കി എന്നായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

സെറ്റില്‍ സമയത്ത് എത്താറില്ല, പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നീ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ശ്രീനാഥ് ഭാസിയെ വിലക്കിയത്. അതേസമയം, അമ്മയില്‍ പുതിയ അംഗത്വത്തിനായി 25 ഓളം പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/124486/producers-association-says-ban-imposed-on-shane-nigam-and-srinath-bhasi-will-continue)