---
title: "തെരുവുബാലികയ്‍ക്കൊപ്പം പന്ത് കളിച്ച് വളർത്തുനായ; അപൂർവ്വ സൗഹൃദത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ"
english_title: "Pet dog playing ball with street girl; Social media claps for a rare friendship"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123938/pet-dog-playing-ball-with-street-girl-social-media-claps-for-a-rare-friendship"
published_at: "2023-06-21T12:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64929f553caa6_viral.jpg"
keywords: []
---

# തെരുവുബാലികയ്‍ക്കൊപ്പം പന്ത് കളിച്ച് വളർത്തുനായ; അപൂർവ്വ സൗഹൃദത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

> **Lead Summary:** ആയിരക്കണക്കിന് വീഡിയോകളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുൻപിലേക്ക് എത്താറുള്ളത്. സന്തോഷവും സങ്കടവും കൗതുകവും ആകാംക്ഷയും ഒക്കെ ജനിപ്പിക്കുന്ന വീഡിയോകൾ ഇക്കൂട്ടത്തിൽപ്പെടുന്നു.

## Article Content

ആയിരക്കണക്കിന് വീഡിയോകളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുൻപിലേക്ക് എത്താറുള്ളത്. സന്തോഷവും സങ്കടവും കൗതുകവും ആകാംക്ഷയും ഒക്കെ ജനിപ്പിക്കുന്ന വീഡിയോകൾ ഇക്കൂട്ടത്തിൽപ്പെടുന്നു.

എന്നാൽ, ചുരുക്കം ചില വീഡിയോകൾ നമ്മുടെ ഹൃദയത്തിൽ പതിയുന്നത്ര മനോഹരമായിരിക്കും. അത്തരത്തിൽ ഒരു അപൂർവ സൗഹൃദം കാണിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി.

ഒരു വീട്ടിലെ വളർത്തുനായയും തെരുവുബാലികയും ചേർന്ന് പന്ത് കളിയ്ക്കുന്നതാണ് ഈ വീഡിയോ. അപരിചിതരെ കണ്ടാൽ അകറ്റി നിർത്താൻ നായ്ക്കളോളം കേമന്മാരായ മറ്റൊരു വളർത്തു മൃഗമില്ല. എന്നിട്ടും യാതൊരു പരിചയവുമില്ലാത്ത ഒരു തെരുവ് ബാലികയ്ക്കൊപ്പം കളിയ്ക്കുന്ന ഈ നായയ്ക്ക് വലിയ കയ്യടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിയ്ക്കുന്നത്.

ഒരു വലിയ വീടിന്റെ മുൻപിലെ അടച്ചിട്ട ഗേറ്റിനുള്ളിലാണ് നായ നിൽക്കുന്നത്. പുറത്തായി ഒരു തെരുവുബാലികയും നിൽക്കുന്നു. ആ പെൺകുട്ടി തന്റെ കൈവശമുണ്ടായിരുന്ന ഒരു ചെറിയ ബോൾ ഗേറ്റിനുള്ളിലേക്ക് എറിയുന്നു. ബോൾ നിലത്ത് വീഴും മുമ്പായി അതിസമർത്ഥമായി നായ വായിലാക്കുന്നു.

ഇത് കണ്ട് പെൺകുട്ടി സന്തോഷത്തോടെ തുള്ളിച്ചാടി തന്നോടൊപ്പം ഉള്ളവർക്ക് അത് കാണിച്ചു കൊടുക്കുന്നു. ഉടനെ തന്നെ കളി തുടരാൻ നായ വീണ്ടും പന്ത് ​ഗേറ്റിനിടയിലൂടെ പുറത്തേക്ക് ഇടുന്നു. പെൺകുട്ടി സന്തോഷത്തോടെ പന്ത് എടുത്ത് വീണ്ടും എറിഞ്ഞു കൊടുക്കുന്നു.

നായ പിടിക്കുന്നു. കളിനിർത്താൻ ഉദ്ദേശമില്ലാതെ വീണ്ടും ഇരുവരും കളി തുടരുന്നതാണ് വീഡിയോയിൽ. നായ ഉണ്ട് സൂക്ഷിക്കുക എന്ന് വീട്ടുകാർ ഗേറ്റിൽ തൂക്കിയിരിക്കുന്ന ബോർഡിന് തൊട്ട് താഴെ നിന്നാണ് ഇരുവരുടെയും കളി എന്നതും മറ്റൊരു രസകരമായ കാര്യമാണ്. ഏതായാലും നിരവധി ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123938/pet-dog-playing-ball-with-street-girl-social-media-claps-for-a-rare-friendship)