---
title: "വണ്‍നൈറ്റ് സ്റ്റന്‍ഡിന് ശേഷം ഗര്‍ഭിണിയായി, തീര്‍ച്ചയായും എനിക്ക് ഞാനൊരു മോശം മനുഷ്യനാണെന്ന് തോന്നി; കുബ്ര സെയ്ത്"
english_title: "Getting pregnant after a one-night stand definitely made me feel like a bad person; Kubra Sait"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123745/getting-pregnant-after-a-one-night-stand-definitely-made-me-feel-like-a-bad-person-kubra-sait"
published_at: "2023-06-20T14:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64917177226ae_kobra.jpg"
keywords: []
---

# വണ്‍നൈറ്റ് സ്റ്റന്‍ഡിന് ശേഷം ഗര്‍ഭിണിയായി, തീര്‍ച്ചയായും എനിക്ക് ഞാനൊരു മോശം മനുഷ്യനാണെന്ന് തോന്നി; കുബ്ര സെയ്ത്

> **Lead Summary:** സിനിമയിലും ഒടിടിയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് കുബ്ര സെയ്ത്. സേക്രഡ് ഗെയിംസിലെ കുക്കു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കുബ്ര ശ്രദ്ധ നേടുന്നത്. ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യമാണ് കുബ്ര. അഭിനയത്തിന് പുറമെ എഴുത്തിലും കുബ്ര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ ജീവിത കഥ പറയുന്ന ഓപ്പണ്‍ ബുക്ക് എന്ന പുസ്തകത്തിലൂടെയാണ് കുബ്ര എഴുത്തിലേക്ക് കടക്കുന്നത്. 

## Article Content

സിനിമയിലും ഒടിടിയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് കുബ്ര സെയ്ത്. സേക്രഡ് ഗെയിംസിലെ കുക്കു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കുബ്ര ശ്രദ്ധ നേടുന്നത്. ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യമാണ് കുബ്ര. അഭിനയത്തിന് പുറമെ എഴുത്തിലും കുബ്ര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ ജീവിത കഥ പറയുന്ന ഓപ്പണ്‍ ബുക്ക് എന്ന പുസ്തകത്തിലൂടെയാണ് കുബ്ര എഴുത്തിലേക്ക് കടക്കുന്നത്. 

പോയ വര്‍ഷമാണ് കുബ്ര സെയ്ത് എഴുത്തുകാരിയായി മാറുന്നത്. ബാംഗ്ലൂരിലെ തന്റെ കുട്ടിക്കാലം മുതല്‍ ബോളിവുഡില്‍ ഒരിടം കണ്ടെത്തുന്നതു വരെയുള്ള തന്റെ ജീവിതം കുബ്ര പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. തന്റെ ജീവിതത്തില്‍ നടന്ന, ഇതുവരേയും എവിടേയും പറയാതിരുന്ന പല കാര്യങ്ങളും കുബ്ര പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ചെറുപ്പകാലത്ത് താന്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും താരം വിശദമായി എഴുതുന്നുണ്ട്. 

പുസ്തകത്തിലെ ഒരു അധ്യായത്തിന് കുബ്ര നല്‍കിയിരിക്കുന്ന പേര് ഞാനൊരു അമ്മയാകാന്‍ തയ്യാറായിരുന്നില്ല എന്നാണ്. താന്‍ ഗര്‍ഭിണിയായതിനെക്കുറിച്ചും പിന്നാലെ അബോര്‍ഷന്‍ നടത്തിയതിനെക്കുറിച്ചുമൊക്കെയാണ് ഈ അധ്യായത്തില്‍ കുബ്ര പറയുന്നത്. ഒരു വണ്‍നൈറ്റ് സ്റ്റാന്‍ഡിന് ശേഷമാണ് കുബ്ര ഗര്‍ഭം ധരിക്കുന്നത്. 

2013 ലായിരുന്നു സംഭവം. അന്‍ഡാമിനിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയതായിരുന്നു കുബ്ര. അന്ന് കുബ്രയുടെ പ്രായം 30 ആണ്. സ്‌കൂബാ ഡൈവിംഗിന് ശേഷം മദ്യപിക്കാന്‍ പോയി. അതിന് ശേഷം താനൊരു സുഹൃത്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും തുടര്‍ന്ന് താന്‍ ഗര്‍ഭിണിയായെന്നുമാണ് കുബ്ര പറയുന്നത്.

പിന്നീട് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലും അന്ന് നടന്നത് കുബ്ര ഓര്‍ത്തെടുക്കുന്നുണ്ട്. ''ഒരാഴ്ച ശേഷം ഞാന്‍ ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനിച്ചു. ഞാന്‍ തയ്യാറായിരുന്നില്ല. എന്റെ ജീവിതവും യാത്രയും ഞാന്‍ ചിന്തിച്ചത് പോലെയായിരുന്നില്ല. ഞാന്‍ തയ്യാറായിരുന്നില്ല എന്ന് തന്നെ തോന്നുന്നു. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ തയ്യറായിരുന്നില്ല.

ഇപ്പോഴും ഞാന്‍ റെഡിയാണെന്ന് തോന്നുന്നില്ല. പെണ്‍കുട്ടികള്‍ 23 ല്‍ കല്യാണം കഴിക്കണം 30 ല്‍ അമ്മയാകണം എന്നൊക്കെ പറയുന്നത് എനിക്ക് മനസിലാകുന്നില്ല. അലിഖിത നിയമം പോലെയാണ്. എനിക്കറിയാം ഞാന്‍ തയ്യാറല്ലെന്ന്'' എന്നാണ് കുബ്ര പറഞ്ഞത്. 

''തീര്‍ച്ചയായും എനിക്ക് ഞാനൊരു മോശം മനുഷ്യനാണെന്ന് തോന്നി. ഞാന്‍ തിരഞ്ഞെടുത്ത തീരുമാനത്തിന്റെ പേരില്‍ എനിക്ക് ഞാനൊരു മോശം മനുഷ്യനാണെന്ന് തോന്നി. പക്ഷെ എനിക്ക് മോശമായി തോന്നിയത് എനിക്ക് എന്തു തോന്നുന്ന എന്നതില്‍ നിന്നല്ല മറിച്ച് നാട്ടുകാര്‍ അതിനെ എങ്ങനെ കാണും എന്ന ചിന്തയില്‍ നിന്നുമാണ് വന്നത്. എന്റെ തിരഞ്ഞെടുപ്പ് എന്നെ മാത്രം ബാധിക്കുന്നതാണ്. ചിലപ്പോള്‍ അവനവനെ സഹായിക്കുന്നത് തന്നെ ബുദ്ധിമുട്ടാകും. പക്ഷെ അത് ചെയ്‌തേ പറ്റൂ'' എന്നാണ് കുബ്ര പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/123745/getting-pregnant-after-a-one-night-stand-definitely-made-me-feel-like-a-bad-person-kubra-sait)