---
title: "നിങ്ങള്‍ കഞ്ചാവ് വലിക്കാറുണ്ടല്ലേ? ആരാധകന്റെ ചോദ്യത്തിന് ശ്രുതി ഹാസന്റെ രസികന്‍ മറുപടി "
english_title: "Aren't you a weed smoker? Shruti Haasan's funny answer to a fan's question"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123546/arent-you-a-weed-smoker-shruti-haasans-funny-answer-to-a-fans-question"
published_at: "2023-06-19T19:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649066c7289ba_SRUTHI1.jpg"
keywords: []
---

# നിങ്ങള്‍ കഞ്ചാവ് വലിക്കാറുണ്ടല്ലേ? ആരാധകന്റെ ചോദ്യത്തിന് ശ്രുതി ഹാസന്റെ രസികന്‍ മറുപടി 

> **Lead Summary:** **അ**ച്ഛന്‍ കമല്‍ഹാസനെ പോലെ തന്നെ സകലകലാ വല്ലഭയാണ് താനും എന്ന് തെളിയിച്ച താരമാണ് ശ്രുതി ഹാസന്‍. തുടക്കം കൊറിയോഗ്രാഫറായിട്ടായിരുന്നു. പിന്നീട് ബോളിവുഡിലൂടെ അഭിനയത്തില്‍ അരങ്ങേറി. തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി മാറി. അഭിനയത്തിന് പുറമെ സംഗീതത്തിലും ഡാന്‍സിലുമൊക്കെ പ്രതിഭ തെളിയിക്കാന്‍ ശ്രുതിയ്ക്ക് സാധിച്ചു. 

## Article Content

**അ**ച്ഛന്‍ കമല്‍ഹാസനെ പോലെ തന്നെ സകലകലാ വല്ലഭയാണ് താനും എന്ന് തെളിയിച്ച താരമാണ് ശ്രുതി ഹാസന്‍. തുടക്കം കൊറിയോഗ്രാഫറായിട്ടായിരുന്നു. പിന്നീട് ബോളിവുഡിലൂടെ അഭിനയത്തില്‍ അരങ്ങേറി. തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി മാറി. അഭിനയത്തിന് പുറമെ സംഗീതത്തിലും ഡാന്‍സിലുമൊക്കെ പ്രതിഭ തെളിയിക്കാന്‍ ശ്രുതിയ്ക്ക് സാധിച്ചു. 

അച്ഛനെ പോലെ തന്നെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും ശ്രുതി മടിക്കാറില്ല. അതിന്റെ പേരില്‍ ഇടയ്‌ക്കൊക്കെ വിവാദങ്ങളില്‍ ചെന്നു പെടാറുണ്ടെങ്കിലും. തന്നെ എക്‌സ്പ്രസ് ചെയ്യാന്‍ യാതൊരു മടിയും കാണിക്കാറില്ല ശ്രുതി. സാധാരണ താരങ്ങളുടേത് പോലെയല്ല ശ്രുതിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍. തീര്‍ത്തും വ്യത്യസ്തമായ പോസ്റ്റുകളാണ് താരം പങ്കുവെക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുമുണ്ട് ശ്രുതി ഹാസന്‍. 

ഇപ്പോഴിതാ ഷൂട്ടിന്റെ ലഞ്ച് ബ്രേക്കിന്റെ ഇടവേളയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ശ്രുതി ഹാസന്‍. ആരാധകരില്‍ ഒരാള്‍ക്ക് അറിയാനുണ്ടായിരുന്നത് ശ്രുതി കഞ്ചാവ് വലിക്കുമോ എന്നായിരുന്നു. നിങ്ങള്‍ കഞ്ചാവ് വലിക്കാറുണ്ടല്ലേ എന്നായിരുന്നു ചോദ്യം.

ഇതിന് തന്റെ രസകരമായൊരു ചിത്രത്തോടൊപ്പമാണ് ശ്രുതി ഹാസന്‍ മറുപടി നല്‍കുന്നത്. ''ഇല്ല. ഞാന്‍ വലിക്കാറില്ല. ഞാന്‍ മദ്യപിക്കാറുമില്ല. എന്റേത് സോബറായ ജീവിതമാണ്. അതിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു'' എന്നാണ് ശ്രുതി നല്‍കിയ മറുപടി. മറ്റൊരാള്‍ താരത്തോട് ചോദിച്ചപ്പോള്‍ എപ്പോഴെങ്കിലും സംഗീതം തിന്നണമെന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു.

''നൂറ് ശതമാനവും. നല്ലൊരു പാട്ട് കേള്‍ക്കുമ്പോഴെല്ലാം. എടുത്ത് വായിലിടാന്‍ തോന്നും. ഞാന്‍ പറയുന്നത് എന്താണെന്ന് നിങ്ങള്‍ മനസിലാകുമല്ലോ. അതുകൊണ്ടാണല്ലോ നിങ്ങള്‍ ചോദിച്ചത്. എനിക്ക് സംഗീതം വളരെ ഇഷ്ടമാണ്, ചിലപ്പോഴൊക്കെ തിന്നാന്‍ തോന്നും'' എന്നായിരുന്നു ശ്രുതിയുടെ മറുപടി. 

തനിക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമല്ലെന്നും എന്നാല്‍ അഭിനേത്രിയായതിനാല്‍ കഥാപാത്രം ആവശ്യപ്പെടുന്ന വസ്ത്രം ധരിക്കേണ്ടി വരുമെന്നും ശ്രുതി പറയുന്നു. ഈയ്യടുത്ത് അതിശൈത്യമുള്ള സാഹചര്യങ്ങളിലും ഡാന്‍സ് ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച് ശ്രുതി നടത്തിയ പ്രസ്താവനയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

''ഇനിയും മഞ്ഞില്‍ സാരി ധരിച്ച് പാട്ട് രംഗത്തില്‍ അഭിനയിക്കാന്‍ വയ്യെനിക്ക്. അത് ഭയങ്കര അണ്‍കംഫര്‍ട്ടബിള്‍ ആണ്. പക്ഷെ ആളുകള്‍ അത് കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നു. അതിനാല്‍ ചെയ്തു കൊണ്ടേയിരിക്കണം. സ്ത്രീകള്‍ക്ക് അത് വല്ലാത്ത ബുദ്ധിമുട്ടാണുണ്ടാക്കുന്നത്'' എന്നാണ് ശ്രുതി പറഞ്ഞത്. ചിരഞ്ജീവി നായകനായ വാള്‍ട്ടര്‍ വീരയ്യയിലെ ശ്രീദേവി എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു ശ്രുതിയുടെ ഈ പരാമര്‍ശം. 

പ്രഭാസ് നായകനായ സലാര്‍ ആണ് ശ്രുതിയുടെ പുതിയ സിനിമ. പിന്നാലെ നാനി നായകനായ പേരിടാത്ത ചിത്രവും അണിയറയിലുണ്ട്. ദ ഐ ആണ് ശ്രുതി ഇപ്പോള്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രം. അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത് സംഗീതവുമായി ലോക സഞ്ചാരം നടത്തിയ ശേഷമാണ് ശ്രുതി ഹാസന്‍ സിനിമയിലേക്ക് തിരികെ വന്നിരിക്കുന്നത്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ശ്രുതി ഹാസന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശ്രുതിയ്ക്ക് പിന്നാലെ സഹോദരി അക്ഷര ഹാസനും സിനിമയിലെത്തിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/123546/arent-you-a-weed-smoker-shruti-haasans-funny-answer-to-a-fans-question)