---
title: "പണത്തിന് വേണ്ടി ഇങ്ങനെ ചെയ്യണോ;വിവാദ സംവിധായകനൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുന്ന റഹ്മാന് ആരാധകരുടെ വിമർശനം"
english_title: "Do you want to do this for money? Rehman fans criticize who is planning to work with the controversial director"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122144/do-you-want-to-do-this-for-money-rehman-fans-criticize-who-is-planning-to-work-with-the-controversial-director"
published_at: "2023-06-13T20:30:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648885dad6f6b_rahman.jpg"
keywords: []
---

# പണത്തിന് വേണ്ടി ഇങ്ങനെ ചെയ്യണോ;വിവാദ സംവിധായകനൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുന്ന റഹ്മാന് ആരാധകരുടെ വിമർശനം

> **Lead Summary:** അടുത്തിടെ തിയേറ്ററുകളിലെത്തിയ സിനിമകളിൽ ഏറ്റവും കൂടുതൽ വിവാദം സൃഷ്ടിച്ച ചിത്രമായിരുന്നു ദി കേരള സ്റ്റോറി. സുദീപ്തോ സെന്നാണ് ചിത്രത്തിന്റെ സംവിധായകൻ. കേരളത്തിലെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന് കാണിച്ച് കേരളത്തിൽ സിനിമയുടെ പ്രദർശനത്തിന് ഒരുപാട് എതിർപ്പ് വന്നിരുന്നു. ഇന്ത്യൻ സിനിമയുടെ അഭിമാനമായ സം​ഗീത സംവിധായകൻ എ.ആർ റഹ്മാനും ദി കേരള സ്റ്റോറിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

## Article Content

അടുത്തിടെ തിയേറ്ററുകളിലെത്തിയ സിനിമകളിൽ ഏറ്റവും കൂടുതൽ വിവാദം സൃഷ്ടിച്ച ചിത്രമായിരുന്നു ദി കേരള സ്റ്റോറി. സുദീപ്തോ സെന്നാണ് ചിത്രത്തിന്റെ സംവിധായകൻ. കേരളത്തിലെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന് കാണിച്ച് കേരളത്തിൽ സിനിമയുടെ പ്രദർശനത്തിന് ഒരുപാട് എതിർപ്പ് വന്നിരുന്നു. ഇന്ത്യൻ സിനിമയുടെ അഭിമാനമായ സം​ഗീത സംവിധായകൻ എ.ആർ റഹ്മാനും ദി കേരള സ്റ്റോറിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

കേരളത്തിലെ മുസ്ലിം പള്ളിയിൽ ഹിന്ദു വിവാഹം ഹൈന്ദവാചാരപ്രകാരം നടത്തിയതിന്റെ വീഡിയോ പങ്കുവെച്ചാണ് എ.ആർ റഹ്‌മാൻ കേരള സ്റ്റോറിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ ഇപ്പോൾ കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിന്റെ പുതിയ സിനിമയ്ക്ക് സം​ഗീതം നൽകാൻ പോകുന്നത് എ.ആർ ​റഹ്മാനാണെന്നാണ് പുതിയ റിപ്പോർട്ട്. സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സുദീപ്തോ സെൻ ഇനി സംവിധാനം ചെയ്യാൻ പോകുന്നത്.

സഹാറശ്രീ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഹിന്ദി, ബം​ഗാളി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. സിനിമയുടെ പോസ്റ്ററിൽ എ.ആർ റഹ്മാന്റെ പേര് കണ്ടതോടെ ആരാധകർ ആശ്ചര്യപെട്ടിരിക്കുകയാണ് . വിവാ​ദ സംവിധായകനൊപ്പം സിനിമ ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞതോടെ റഹ്മാനെ ആരാധകർ വിമർശിക്കുന്നുണ്ട് .

കേരള സ്റ്റോറിക്ക് എതിരെ പ്രതിഷേധം ശക്തമായിരുന്ന സമയത്ത് എ.ആർ റഹ്മാൻ‌ പങ്കുവെച്ച കുറിപ്പ് അടക്കം വെച്ചാണ് ആരാധകർ താരത്തെ വിമർശിച്ചിരിക്കുന്നത്. വിവാദ സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്ന സാഹ​ചര്യം വരാതിരിക്കാൻ ശ്ര​ദ്ധിക്കാറുള്ള എ.ആർ റഹ്മാൻ എങ്ങനെയാണ് ദി കേരള സ്റ്റോറിയുടെ സംവിധായകനുമായി കൂട്ടുകൂടിയത് എന്നാണ് ആരാധകർ ചോദിക്കുന്ന മറ്റൊരു ചോദ്യം. 'പണത്തിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യണോ?', എന്നുള്ള ചോദ്യങ്ങളും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്.

ദി കേരള സ്റ്റോറിയുടെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. 'കഥ കാണിച്ച് അവർ ഒരു നല്ല കാര്യവും ചെയ്തില്ല' എന്നെഴുതിയ ഭീഷണി സന്ദേശം ക്രൂ അംഗങ്ങളിൽ ഒരാൾക്ക് ലഭിച്ചതായി സംവിധായകൻ സുദീപ്തോ സെൻ പോലീസിനെ അറിയിച്ചത് വാർത്തയായിരുന്നു. അതേസമയം സഹാറശ്രീ എന്ന ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ഒരു സൂപ്പര്‍താരം തന്നെയായിരിക്കും സുബ്രത റോയിയെ അവതരിപ്പിക്കുകയെന്നാണ് വിവരങ്ങൾ. അടുത്ത വർഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ബിഹാർ, കൊൽക്കത്ത, ലണ്ടൻ എന്നിവിടങ്ങളിലാകും ചിത്രീകരണം

### Related Links & Sources
- [Original Story Source](https://moviemax.in/news/122144/do-you-want-to-do-this-for-money-rehman-fans-criticize-who-is-planning-to-work-with-the-controversial-director)