---
title: "ഇന്ത്യൻ ആർമിയോടും പ്രേക്ഷകരോടും മാപ്പ്'; ക്ഷമ ചോദിച്ച് അനിയൻ മിഥുൻ"
english_title: "Mithun has now apologized to the Indian Army for the incident that happened the other day."
publisher: "moviemax.in"
canonical_url: "https://moviemax.in/news/121730/mithun-has-now-apologized-to-the-indian-army-for-the-incident-that-happened-the-other-day"
published_at: "2023-06-12T12:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486be6ac1a8a_midhun.jpg"
keywords: []
---

# ഇന്ത്യൻ ആർമിയോടും പ്രേക്ഷകരോടും മാപ്പ്'; ക്ഷമ ചോദിച്ച് അനിയൻ മിഥുൻ

> **Lead Summary:** കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയിൽ അടക്കം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടൊരു വിഷയമായിരുന്നു ബി​ഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥി അനിയൻ മിഥുൻ ഇന്ത്യൻ ആർമിയുമായി ബന്ധപ്പെടുത്തി പറഞ്ഞ പ്രണയ കഥ. 

## Article Content

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയിൽ അടക്കം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടൊരു വിഷയമായിരുന്നു ബി​ഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥി അനിയൻ മിഥുൻ ഇന്ത്യൻ ആർമിയുമായി ബന്ധപ്പെടുത്തി പറഞ്ഞ പ്രണയ കഥ. 

ആർമി ഉദ്യോ​ഗസ്ഥയായ സനയെന്ന പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും അവരുടെ ക്യാമ്പിൽ പോയി സനയെ സന്ദർശിച്ചുവെന്നും പിന്നീട് ആ പെൺകുട്ടി വെടിയേറ്റ് മരിച്ചപ്പോൾ ദേശീയ പതാക പുതപ്പിച്ച മൃതശരീരത്തിൽ കെട്ടിപിടിച്ച് കരഞ്ഞുവെന്നുമാണ് അനിയൻ മിഥുൻ അനുഭവങ്ങൾ പാളിച്ചകളെന്ന വീക്ക്ലി ടാസ്ക്കിനിടെ ജീവിത കഥ വിവരിച്ച് പറഞ്ഞത്. 

എന്നാൽ അനിയൻ മിഥുൻ പറഞ്ഞ കാര്യങ്ങളെല്ലാം നുണയായിരുന്നു. സന എന്ന പേരിൽ പാരാ കമാൻഡോയിൽ ഒരു പെൺകുട്ടി ജോലി ചെയ്യുകയോ വെടിയേറ്റ് മരിക്കുകയോ ചെയ്തിട്ടില്ല. മിഥുന്റെ കഥ ചർച്ചയായതോടെ പ്രേക്ഷകർ പ്രതിഷേധിക്കാനും തുടങ്ങി. മോഹൻലാൽ ഇത് സംബന്ധിച്ച് മിഥുനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. എന്നാൽ അപ്പോഴും നുണയാണ് താൻ പറഞ്ഞതെന്ന് സമ്മതിക്കാതെ മോഹൻലാലിനോട് തർക്കിക്കുകയാണ് മിഥുൻ ചെയ്തത്. 

ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഇന്ത്യൻ ആർമിയോട് അടക്കം ക്ഷമ ചോദിച്ചിരിക്കുകയാണ് മിഥുൻ. നോമിനേഷനിൽ വന്നതിനെ കുറിച്ച് എന്തെങ്കിലും പറയാൻ താൽപര്യമുണ്ടോയെന്ന് എവിക്ഷന് മുമ്പ് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ മത്സരാർത്ഥികളോടും മോഹൻലാൽ ചോദിച്ചിരുന്നു. അപ്പോഴാണ് മിഥുൻ ക്ഷമ ചോദിച്ചത്. 'ഹൗസിൽ മുന്നോട്ട് പോകണമെന്നും നിൽക്കണമെന്നുള്ള ആ​ഗ്രഹം തന്നെയായിരുന്നു.

പക്ഷെ കഴിഞ്ഞ എപ്പിസോഡിന് ശേഷം, ബി​ഗ് ബോസ് സമ്മതിക്കുകയാണെങ്കിൽ എനിക്ക് പോകണം എന്നുള്ള ആ​ഗ്രഹമാണ് ഇപ്പോഴുള്ളത്. മത്സരത്തിൽ എനിക്കുണ്ടായിരുന്ന ​ഗുഡ് വൈബ് പോയി. കഴിഞ്ഞ എപ്പിസോഡിൽ നടന്ന സംഭവത്തിൽ എനിക്ക് എല്ലാവരോടും സോറി പറയണം. ബി​ഗ് ബോസ്, ഏഷ്യാനെറ്റ്, ലാലേട്ടൻ, പ്രേക്ഷകർ, എന്നെ ഇഷ്ടപ്പെടുന്ന ആളുകൾ, ഇന്ത്യൻ ആർമിയെന്ന വലിയ ഫോഴ്സ് എന്നിവരോടെല്ലാം ഞാൻ വലിയൊരു സോറി ചോദിക്കുന്നു.' 

'എനിക്ക് ഈ വേദിയിൽ വെച്ച് തന്നെ സോറി പറയണമെന്ന് തോന്നി. എന്റെ കഥയിൽ ഞാൻ പറഞ്ഞ കാര്യം ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് അറിയാം. ന്യായീകരിക്കുകയല്ല... പക്ഷെ സോറി പറയണമെന്ന് തോന്നി. ഞാൻ പറയാൻ പാടില്ലാത്ത കാര്യം പറഞ്ഞു എന്ന ബോധ്യമുണ്ട് എനിക്ക്.

എത്രത്തോളം ഷെയിം ഫുള്ളായ വിഷയമാണെന്നും എനിക്ക് അറിയാം', മിഥുൻ പറഞ്ഞ് അവസാനിപ്പിച്ചു. ഈ ആഴ്ച 'നോ എവിക്ഷൻ വീക്ക്' ആയിരുന്നതിനാൽ മിഥുൻ പന്ത്രണ്ടാം ആഴ്ചയിലേക്ക് സേഫായി. ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മിഥുൻ മാപ്പ് പറയാൻ തയ്യാറായതിനെ സുഹൃത്ത് റിനോഷും അഭിനന്ദിച്ചു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/121730/mithun-has-now-apologized-to-the-indian-army-for-the-incident-that-happened-the-other-day)