---
title: "വൈറലാവാൻ മെട്രോയിൽ ഡാൻസ് കളിച്ച് യുവതി; 'അങ്കിളിന്‍റെ നോട്ടമാണ് കലക്കൻ' എന്ന് കമന്‍റുകള്‍ "
english_title: "Young woman dancing in Wiralawan Metro; Comments like 'Uncle's look is a mess'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121593/young-woman-dancing-in-wiralawan-metro-comments-like-uncles-look-is-a-mess"
published_at: "2023-06-11T19:27:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485d339813ed_metrodance.jpg"
keywords: []
---

# വൈറലാവാൻ മെട്രോയിൽ ഡാൻസ് കളിച്ച് യുവതി; 'അങ്കിളിന്‍റെ നോട്ടമാണ് കലക്കൻ' എന്ന് കമന്‍റുകള്‍ 

> **Lead Summary:** **സോ**ഷ്യല്‍ മീഡിയ റീല്‍സിന്‍റെ കാലമാണിത്. ഓരോ ദിവസവും എത്ര റീല്‍സാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി നാം കാണാറ്. ഇവയില്‍ അധികവും പാട്ടോ നൃത്തമോ പോലുള്ള പെര്‍ഫോമൻസുകള്‍ തന്നെ ആയിരിക്കും. ഇതില്‍ തന്നെ എങ്ങനെ വ്യത്യസ്തതകളും പുതുമകളും കൊണ്ടുവരാമെന്നാണ് ഏവരും ശ്രദ്ധിക്കാറ്.

## Article Content

**സോ**ഷ്യല്‍ മീഡിയ റീല്‍സിന്‍റെ കാലമാണിത്. ഓരോ ദിവസവും എത്ര റീല്‍സാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി നാം കാണാറ്. ഇവയില്‍ അധികവും പാട്ടോ നൃത്തമോ പോലുള്ള പെര്‍ഫോമൻസുകള്‍ തന്നെ ആയിരിക്കും. ഇതില്‍ തന്നെ എങ്ങനെ വ്യത്യസ്തതകളും പുതുമകളും കൊണ്ടുവരാമെന്നാണ് ഏവരും ശ്രദ്ധിക്കാറ്.

ഇത്തരത്തില്‍ അടുത്ത കാലങ്ങളിലായി ഡാൻസ് റീല്‍സില്‍ വന്നൊരു ട്രെൻഡാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനോ മെട്രോയ്ക്കോ എല്ലാം അകത്ത് നിന്ന് നൃത്തം ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വീഡിയോകളുടെ ചുവട് പിടിച്ചാണ് നമ്മുടെ നാട്ടിലും ഈ ട്രെൻഡ് തുടങ്ങിയത്.

**

എന്നാല്‍ വിദേശരാജ്യങ്ങളില്‍ അധികവും ഇത്തരത്തിലുള്ള പെര്‍ഫോമൻസ് ചെയ്യുന്നവരും കാണുന്നവരുമെല്ലാം സാമാന്യ മര്യാദ പാലിക്കുകയും ഇതെല്ലാം ആസ്വദിക്കുകയും ചെയ്യാറുണ്ടെന്നതാണ് സത്യം. തീര്‍ച്ചയായും അങ്ങനെയല്ലാത്ത അവസരങ്ങളുമുണ്ടാകാം. എങ്കിലും അവിടങ്ങളിലെ സാംസ്കാരികാന്തരീക്ഷം പൊതുവെ പരസ്യമായ കലാപ്രകടനങ്ങള്‍ക്കെല്ലാം അനുകൂലമാണ്.

എന്നാല്‍ നമ്മുടെ നാട്ടില്‍ പലപ്പോഴും ഇങ്ങനെ റീല്‍സ് ഷൂട്ട് ചെയ്യാനായി ബസുകളെയോ ട്രെയിനുകളെയോ മെട്രോകളെയോ ആശ്രയിക്കുന്നത് അത്ര ആരോഗ്യകരമായല്ല സ്വീകരിക്കപ്പെടുന്നത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന കാര്യമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇങ്ങനെയുള്ള പരാതികളെ തുടര്‍ന്ന് അടുത്തിടെ ദില്ലി മെട്രോ റെയില്‍ കോര്‍പറേഷൻ വീഡിയോകള്‍ പകര്‍ത്തുന്നതിനെതിരെ ശക്തമായ താക്കീതും നല്‍കിയിരുന്നു.

വീഡിയോ: **[**https://www.instagram.com/reel/Csecvu1NX8_/?utm_source=ig_embed&ig_rid=5cee14e0-aca6-42c7-98dc-4b199569c2f1**](https://www.instagram.com/reel/Csecvu1NX8_/?utm_source=ig_embed&ig_rid=5cee14e0-aca6-42c7-98dc-4b199569c2f1)

എന്നാലീ മുന്നറിയിപ്പുകളൊന്നും വക വയ്ക്കാതെ ഇപ്പോള്‍ വീണ്ടും ദില്ലി മെട്രോയ്ക്ക് അകത്ത് വച്ച് ഡാൻസ് റീല്‍സ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണൊരു യുവതി. എന്നാല്‍ ഇവരുടെ നൃത്തത്തെക്കാളധികം ഇവര്‍ക്കരികില്‍ നില്‍ക്കുന്ന ഒരാളുടെ നോട്ടമാണ് വീഡിയോ കണ്ട മിക്കവരെയും ആകര്‍ഷിച്ചത്.

നൃത്തം ചെയ്യുന്ന യുവതിയുടെ രീതികളോട് ഒട്ടും യോജിക്കാൻ കഴിയാത്ത കാഴ്ചപ്പാടാണ് ഇദ്ദേഹത്തിനുള്ളതെന്ന് നോട്ടത്തില്‍ വ്യക്തമാണ്. ഇതൊന്നും ശ്രദ്ധിക്കാതെ നൃത്തം ചെയ്ത് പൂര്‍ത്തിയാക്കുകയാണ് യുവതി. എന്തായാലും ഡാൻസ് റീല്‍സ് പങ്കുവച്ചതോടെ 'ഹിറ്റ്' ആയിരിക്കുന്നത് വീഡിയോയില്‍ കാണുന്ന 'അങ്കിള്‍' ആണെന്നാണ് വീഡിയോ കണ്ട മിക്കവരും കമന്‍റായി കുറിച്ചിരിക്കുന്നത്. ഒരു വിഭാഗം പേര്‍ യുവതിയെ പിന്തുണച്ച് സംസാരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ല എന്ന് തന്നെയാണ് പ്രതികരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121593/young-woman-dancing-in-wiralawan-metro-comments-like-uncles-look-is-a-mess)