---
title: "'ഒരു പെൺകുട്ടിയാണ് കമന്റിട്ടതെന്നാണ് എന്നെ നിരാശപ്പെടുത്തിയത്'; സൈബറാക്രമണങ്ങൾക്കെതിരെ പ്രിയ വാര്യർ"
english_title: "'I was disappointed that the comment was made by a girl'; Dear Warrior Against Cyber Attacks"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121416/i-was-disappointed-that-the-comment-was-made-by-a-girl-dear-warrior-against-cyber-attacks"
published_at: "2023-06-11T08:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64853573eb885_priyavariar.jpg"
keywords: []
---

# 'ഒരു പെൺകുട്ടിയാണ് കമന്റിട്ടതെന്നാണ് എന്നെ നിരാശപ്പെടുത്തിയത്'; സൈബറാക്രമണങ്ങൾക്കെതിരെ പ്രിയ വാര്യർ

> **Lead Summary:** **തു**ടരെ റിലീസുകളുമായി കരിയറിൽ മുന്നേറുകയാണ് പ്രിയ വാര്യർ. ഫോർ ഇയേർസ്, ലൈവ്, കൊള്ള എന്നീ മൂന്ന് സിനിമകളാണ് അടുത്തിടെ പ്രിയയുടേതായി പുറത്തിറങ്ങിയത്. കൊള്ളയാണ് പ്രിയയുടെ ഏറ്റവും പുതിയ സിനിമ. 'ആദ്യ സിനിമയ്ക്ക് ശേഷം ഫീൽഡ് ഔട്ടായ നടി' എന്ന പരിഹാസത്തിന് മറുപടിയെന്നോണമാണ് പ്രിയയുടെ തുടരെയുള്ള സിനിമകൾ.

## Article Content

**തു**ടരെ റിലീസുകളുമായി കരിയറിൽ മുന്നേറുകയാണ് പ്രിയ വാര്യർ. ഫോർ ഇയേർസ്, ലൈവ്, കൊള്ള എന്നീ മൂന്ന് സിനിമകളാണ് അടുത്തിടെ പ്രിയയുടേതായി പുറത്തിറങ്ങിയത്. കൊള്ളയാണ് പ്രിയയുടെ ഏറ്റവും പുതിയ സിനിമ. 'ആദ്യ സിനിമയ്ക്ക് ശേഷം ഫീൽഡ് ഔട്ടായ നടി' എന്ന പരിഹാസത്തിന് മറുപടിയെന്നോണമാണ് പ്രിയയുടെ തുടരെയുള്ള സിനിമകൾ.

മൂന്ന് സിനിമകളിലും നടി മികച്ച പ്രകടനം കാഴ്ച വെച്ചതെന്നതും ശ്രദ്ധേയമാണ്. ഒരു അഡാർ ലൗ എന്ന സിനിമയിലൂടെയാണ് പ്രിയ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. സിനിമയിലെ കണ്ണിറുക്കൽ സീൻ ഹിറ്റായതോടെ പ്രിയയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. പ്രിയ വാര്യർ എന്ന് പേര് ഇന്ത്യയൊട്ടുക്കും പ്രശസ്തമായി.

എന്നാൽ സോഷ്യൽ മീഡിയയിലെ ആഘോഷം കുറച്ച് നാൾ കൊണ്ട് അവസാനിച്ചു. ഇതോടെ വ്യാപക ട്രോളുകളും പ്രിയക്ക് നേരെ വന്നു. കടുത്ത സൈബറാക്രമണങ്ങൾ നേരിട്ട ഘട്ടത്തിലും താരം മൗനം പാലിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം നാല് വർഷത്തെ ഇടവേള മലയാള സിനിമാ രം​ഗത്ത് പ്രിയക്ക് വന്നു. ഇന്നും പ്രിയ നേരിടുന്ന സൈബർ അധിക്ഷേപങ്ങൾ ചെറുതല്ല.

വസ്ത്രത്തിന്റെ പേരിലാണ് നടിക്ക് അടുത്തിടെയായി മോശം കമന്റുകൾ വരുന്നത്.തനിക്കെതിരെ വന്ന മോശം കമന്റിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യർ. പരിഹാസങ്ങളെ ഒരു പരിധിവരെ കൈകാര്യം ചെയ്യാനറിയാം. എന്നാൽ അങ്ങേയറ്റം വ്യക്തിപരമായ കമന്റ് അം​ഗീകരിക്കാൻ പറ്റില്ലെന്ന് നടി വ്യക്തമാക്കി. ദ ക്യൂ സ്റ്റുഡുയോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയ.

'ഒരു പെൺകുട്ടിയാണ് ഈ കമന്റിട്ടതെന്നാണ് എന്നെ നിരാശപ്പെടുത്തിയത്. ഒരു ലെവൽ വരെയുള്ള ഹേറ്റ് എനിക്ക് ഡീൽ ചെയ്യാനറിയാം. ഇത്രയും വർഷങ്ങൾക്കുള്ളിൽ ഞാനത് പഠിച്ചിട്ടുണ്ട്. അഭിനയിക്കാനറിയില്ല, ഫീൽഡ് ഔട്ടായി എന്നിങ്ങനെയുള്ള കമന്റുകളാണ് കൂടുതലും വരാറ്. പക്ഷെ ഇത് വളരെ വ്യക്തിപരമായി. എങ്ങനെയാണ് ആളുകൾക്ക് ഇത്തരത്തിൽ എഴുതാൻ പറ്റുന്നതെന്ന് അറിയില്ല'. പൊതുവെ കമന്റുകൾ ശ്രദ്ധിക്കാറില്ല.

എന്നാൽ ഈ കമന്റ് നോക്കി. ഒരു പെൺകുട്ടിയുടെ പേരിലുള്ള അക്കൗണ്ട്. വ്യാജ അക്കൗണ്ടാണോ എന്നറിയില്ല. 2023 ൽ എങ്കിലും സ്ത്രീകൾ മറ്റ് സ്ത്രീകളെ പിന്തുണയ്ക്കണം. ഒരു ആൺകുട്ടി എന്നെ കാണാൻ നന്നായിരിക്കുന്നു എന്ന് പറയുന്നതിനേക്കാളും ഒരു പെൺകുട്ടി അങ്ങനെ പറയുമ്പോഴാണ് എനിക്ക് സന്തോഷം. കാരണം അങ്ങനെ എളുപ്പത്തിൽ പ്രശംസിക്കുന്നവരല്ല പെൺകുട്ടികളെന്നും പ്രിയ വാര്യർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പ്രിയയുടെ ആദ്യ സിനിമ ഒരു അഡാർ ലൗവിന്റെ സംവിധായകൻ ഒമർ ലുലു നടിക്കെതിരെ രം​ഗത്ത് വന്നത്. അഡാർ ലൗവിലെ കണ്ണിറുക്കൽ താൻ കൈയിൽ നിന്നും ഇട്ടതാണെന്ന് പ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് സംവിധായകനെ ചൊടിപ്പിച്ചത്. എന്റെയടുത്ത് ഒരു ഡയലോ​ഗ് മാത്രം മതിയെന്ന് പറഞ്ഞ് വന്ന കുട്ടിയാണ് പ്രിയ.

കൈയിൽ നിന്ന് ഇട്ടതാണെന്ന് പറയുമ്പോൾ നമ്മുടെ വർക്കിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് ഒമർ ലുലു തുറന്നടിച്ചു. അഡാർ ലൗവിന് ശേഷം ഒമർ ലുലുവുമായി സംസാരിച്ചിട്ടില്ലെന്ന് അടുത്തിടെ പ്രിയ വ്യക്തമാക്കിയിട്ടുണ്ട്. റിലീസിം​​ഗ് സമയത്ത് വലിയ ചർച്ചയായ സിനിമയാണ് ഒരു അഡാർ ലൗ.

റിലീസിന് മുമ്പാണ് പ്രിയയുടെ കണ്ണിറുക്കൽ രം​ഗമുള്ള മാണിക്യ മലരായ എന്ന ​ഗാനം പുറത്തിറങ്ങിയത്. പാട്ടിനൊപ്പം പ്രിയയും വൈറലായതോടെ സിനിമയുടെ കഥയിൽ അഴിച്ചു പണികൾ നടത്തേണ്ടി വന്നു. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/121416/i-was-disappointed-that-the-comment-was-made-by-a-girl-dear-warrior-against-cyber-attacks)