---
title: "'എനിക്കൊരു കാമുകനുണ്ട്. അയാള്‍ ഫെമിനിസ്റ്റാണ്'; പങ്കാളിയെക്കുറിച്ച് തുറന്നു പറഞ്ഞ് അനാർക്കലി "
english_title: "'I have a boyfriend. He is a feminist'; Anarkali opens up about her partner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121295/i-have-a-boyfriend-he-is-a-feminist-anarkali-opens-up-about-her-partner"
published_at: "2023-06-10T15:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648453bad1d5f_anarkkali2.jpg"
keywords: []
---

# 'എനിക്കൊരു കാമുകനുണ്ട്. അയാള്‍ ഫെമിനിസ്റ്റാണ്'; പങ്കാളിയെക്കുറിച്ച് തുറന്നു പറഞ്ഞ് അനാർക്കലി 

> **Lead Summary:** **മ**ലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരക്കാർ. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ സ്വയം അടയാളപ്പെടുത്താന്‍ അനാര്‍ക്കലിയ്ക്ക് സാധിച്ചിട്ടുണ്ട്. ആനന്ദം എന്ന ചിത്രത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ അരങ്ങേറ്റം. പിന്നീട് അഭിനയിച്ച ഉയരെയിലെ വേഷമാണ് അനാര്‍ക്കലിയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്.

## Article Content

**മ**ലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരക്കാർ. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ സ്വയം അടയാളപ്പെടുത്താന്‍ അനാര്‍ക്കലിയ്ക്ക് സാധിച്ചിട്ടുണ്ട്. ആനന്ദം എന്ന ചിത്രത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ അരങ്ങേറ്റം. പിന്നീട് അഭിനയിച്ച ഉയരെയിലെ വേഷമാണ് അനാര്‍ക്കലിയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്.

ചിത്രത്തിലെ പ്രകടനം അനാര്‍ക്കലിയ്ക്ക് ഒരുപാട് പ്രശംസ നേടിക്കൊടുത്തു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനാര്‍ക്കലി. അഭിനയത്തിന് പുറമെ പാട്ടിലും ഡാന്‍സിലുമൊക്കെ താല്‍പര്യമുള്ള ആളാണ് അനാര്‍ക്കലി. താരത്തിന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അനാര്‍ക്കലിയുടെ നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെ എന്നും നടപ്പുരീതികള്‍ക്ക് വിപരീതമായുള്ളതാണ്. അതിന്റെ പേരിലും അനാര്‍ക്കലി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അനാര്‍ക്കലി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി മനസ് തുറന്നത്. സങ്കടം വന്നാല്‍ പങ്കുവെക്കുന്നത് ആരോടാണെന്ന് ചോദ്യത്തിന് മറുപടി നല്‍കവെയാണ് അനാര്‍ക്കലി കാമുകനെക്കുറിച്ച് സംസാരിച്ചത്.

എനിക്കൊരു കാമുകനുണ്ട്. അയാള്‍ ഫെമിനിസ്റ്റാണ്. എന്നെ നന്നായി മനസിലാക്കുന്ന ആളാണ്. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് പൂര്‍ണമായ അര്‍ഥത്തില്‍ മനസിലാക്കി ഒപ്പം നില്‍ക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യും. പ്രണയത്തിന്റെ നിര്‍വചനം എന്നാല്‍ എനിക്ക് മറ്റുള്ളവരെ മനസിലാക്കാനുള്ള കഴിവാണ്. അതുകൊണ്ട് ആ ആളാണ് എന്റെ ഗോ ടു പേഴ്‌സണ്‍ എന്നാണ് കാമുകനെക്കുറിച്ച് അനാര്‍ക്കലി പറയുന്നത്.

കാമുകന്‍ ഡാര്‍ക്ക് സ്‌കിന്‍ഡാണ്. സ്ത്രീ ആയാലും പുരുഷനായാലും സൗന്ദര്യമുണ്ട് എന്ന് തോന്നുന്നതും ഇരുണ്ട ചര്‍മക്കാരിലാണ്. മറ്റുള്ളവരെ വിധിക്കാത്ത തുറന്ന മനസുള്ളവരാണ് ഏറ്റവും സൗന്ദര്യമുള്ള വ്യക്തികള്‍. ഫെയ്ക്ക് ആയവരെ എനിക്ക് തീരെ സഹിക്കാന്‍ പറ്റില്ലെന്നും താരം പറയുന്നു.

സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അനാര്‍ക്കലി തന്റെ നിലപാട് പങ്കുവെക്കുന്നുണ്ട്. വളരെ പ്രോഗ്രസീവായ ഒരുപറ്റം ആളുകളുമായാണ് ഞാന്‍ ജീവിക്കുന്നത്. അങ്ങനെയുള്ളൊരു കൂട്ടത്തില്‍ നീ കല്യാണം കഴിച്ച് വീട്ടുകാര്യങ്ങള്‍ നോക്കി വീട്ടില്‍ നില്‍ക്കണം എന്ന് പറയുന്ന കാഴ്ചകള്‍ കുറവാണ്. പകരം സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പായും വേണം എന്നാണ് പറയുന്നതെന്ന് അനാര്‍ക്കലി പറയുന്നു.

ഈയ്യൊരു കാര്യം കുറച്ചുകൂടി പ്രശ്‌നമാകുന്നത് ആണുങ്ങള്‍ക്കാണ്. ചെറുപ്പം മുതല്‍ ആണ്‍കുട്ടികളോട് നീ വേണം എല്ലാം നോക്കി നടത്താന്‍ എന്ന് ആവര്‍ത്തിച്ചുപറയും. അവര്‍ പഠിക്കാനിഷ്ടമുള്ളവരാണെങ്കില്‍ വെറെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം ഉള്ളവരാണെങ്കിലും സമൂഹം അതിന് സമ്മതിക്കാറില്ല. ആണ്‍കുട്ടി കാശുണ്ടാക്കിയേ തീരു എന്നാണ് ചട്ടമെന്ന് അനാര്‍ക്കലി ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകള്‍ ജോലിക്ക് പോവുകയും ആണുങ്ങള്‍ വീട്ടു കാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കുകയും ആകാം. അങ്ങനെയൊരു തിരഞ്ഞെടുപ്പ് കൂടി സാര്‍വത്രികമാകണം. എത്ര മനസികപിരിമുറുക്കം വന്നാലും ഈഗോയെ ബാധിക്കും എന്നോര്‍ത്ത് പലപ്പോഴും പുരുഷന്മാര്‍ അതു തുറന്നു പറയുകയുമില്ല.

ആണിന് കരയുന്നതിന് വരെ വിലക്കല്ലേ എന്നാണ് അനാര്‍ക്കലി ചോദിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിലേ ബഹുമാനം കിട്ടുകയുള്ളൂ എന്നതാണ് മറ്റൊരു വശം. എന്നിരുന്നാലും ലിംഗഭേദമന്യേ സാമ്പത്തിക സ്വാതന്ത്ര്യം വേണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാന്‍ പറ്റണം. മറ്റുള്ളവര്‍ നിര്‍ബന്ധിച്ചിട്ടല്ല ഒരു സ്വാതന്ത്ര്യവും വരേണ്ടതെന്നും അനാര്‍ക്കലി അഭിപ്രായപ്പെടുന്നു.

അതേസമയം സുലൈഖ മന്‍സില്‍ ആണ് അനാര്‍ക്കലിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലുക്മാന്‍ നായകനായ ചിത്രത്തിലെ അനാര്‍ക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു. ഹാലയായുള്ള അനാര്‍ക്കലിയുടെ പ്രകടനവും കയ്യടി നേടി. ഈ വര്‍ഷം തന്നെ ഇറങ്ങിയ ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിലെ അനാര്‍ക്കലിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. ഗഗനചാരി, കിര്‍ക്കന്‍, ഒരു രാത്രി ഒരു പകല്‍, കിസ്സ തുടങ്ങിയ സിനിമകളാണ് അനാര്‍ക്കലിയുടേതായി അണിയറയിലുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121295/i-have-a-boyfriend-he-is-a-feminist-anarkali-opens-up-about-her-partner)