---
title: "ചിരിച്ച് കളിച്ച് നടക്കുകയല്ല, ആ ഫ്‌ളോറില്‍ കയറുമ്പോള്‍ ഓര്‍ക്കാതിരിക്കാനാകില്ല; സുധിച്ചേട്ടനെ മറന്നിട്ടില്ലെന്ന് ആലീസ് ക്രിസ്റ്റി"
english_title: "Now actress Alice Christie has responded to the criticism."
publisher: "moviemax.in"
canonical_url: "https://moviemax.in/news/121051/now-actress-alice-christie-has-responded-to-the-criticism"
published_at: "2023-06-09T19:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483319d31d2d_sudhi.jpg"
keywords: []
---

# ചിരിച്ച് കളിച്ച് നടക്കുകയല്ല, ആ ഫ്‌ളോറില്‍ കയറുമ്പോള്‍ ഓര്‍ക്കാതിരിക്കാനാകില്ല; സുധിച്ചേട്ടനെ മറന്നിട്ടില്ലെന്ന് ആലീസ് ക്രിസ്റ്റി

> **Lead Summary:** കൊല്ലം സുധിയുടെ മരണം ഇതുവരെ മലയാളികൾ ഉൾക്കൊണ്ടിട്ടില്ല. സുധിയുടെ തമാശകളും ജീവിതകഥയുമൊക്കെ വീണ്ടും ഓര്‍ത്തെടുക്കുകയാണ് കുടുംബ പ്രേക്ഷകര്‍. സുധിയുടെ വേര്‍പാടില്‍ വേദനിക്കുന്ന സ്റ്റാര്‍ മാജിക്ക് താരങ്ങളുടെ മുഖവും മലയാളികള്‍ മറക്കില്ല. എന്നാല്‍ ഇതിനിടെ ചിലര്‍ സ്റ്റാര്‍ മാജിക്കിലെ താരങ്ങള്‍ക്കെതിരെ രംഗത്തെത്തി. 

## Article Content

കൊല്ലം സുധിയുടെ മരണം ഇതുവരെ മലയാളികൾ ഉൾക്കൊണ്ടിട്ടില്ല. സുധിയുടെ തമാശകളും ജീവിതകഥയുമൊക്കെ വീണ്ടും ഓര്‍ത്തെടുക്കുകയാണ് കുടുംബ പ്രേക്ഷകര്‍. സുധിയുടെ വേര്‍പാടില്‍ വേദനിക്കുന്ന സ്റ്റാര്‍ മാജിക്ക് താരങ്ങളുടെ മുഖവും മലയാളികള്‍ മറക്കില്ല. എന്നാല്‍ ഇതിനിടെ ചിലര്‍ സ്റ്റാര്‍ മാജിക്കിലെ താരങ്ങള്‍ക്കെതിരെ രംഗത്തെത്തി. 

സ്റ്റാര്‍ മാജിക്കിലുള്ളവരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ആലീസ് ക്രിസ്റ്റി. തന്റെ ചാനലില്‍ വന്ന വീഡിയോയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് വീഡിയോയിലൂടെ മറുപടി നല്‍കുകയാണ് ആലീസ് ക്രിസ്റ്റി. 

''എന്ത് പറഞ്ഞ് തുടങ്ങണമെന്ന് അറിയില്ല. ഞങ്ങളുടെ സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ടു പോയ ശേഷം ചെയ്യുന്ന ആദ്യത്തെ വീഡിയോയാണിത്. സ്റ്റാര്‍ മാജിക്കിലുള്ളവരെല്ലാം ഇപ്പോഴും ആ ഷോക്കിലും ട്രോമയിലും തന്നെയാണ്. ആര്‍ക്കും സത്യവുമായി പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ല. എല്ലാവരും വിഷമത്തിലാണ്.

ഷൂട്ടൊക്കെ മാറ്റി വച്ചിരിക്കുകയാണ് എല്ലാവരും. ആരും ഓക്കെയല്ലെന്ന് പരസ്പരം അറിയാം. നോര്‍മല്‍ ആകാന്‍ കുറച്ച് സമയം വേണം. ഇനി എപ്പോഴാണ് സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ടെന്ന് അറിയില്ല'', ആലീസ് പറയുന്നു. സുധിച്ചേട്ടനെ പറ്റി എല്ലാവര്‍ക്കും നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളൂ. സുധിച്ചേട്ടന്റെ ഭാഗത്തു നിന്നും ആരേയും വിഷമിപ്പിക്കുന്ന ഒരു കാര്യവുമുണ്ടായിട്ടില്ല. മക്കളേ എന്ന് വിളിച്ച് സ്‌നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. സുധിച്ചേട്ടനെക്കുറിച്ച് കുറേ ഓര്‍മ്മകളുണ്ടെന്നും ആലീസ് ക്രിസ്റ്റി. 

ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് കരുതിയിരുന്നതല്ല. ചെയ്യേണ്ട് വളരെ അത്യാവശമായി വന്നത് കൊണ്ട് മാത്രം ചെയ്യുന്നതാണ്. ഓ അടുത്ത പ്രഹസനം എന്നൊക്കെ പറഞ്ഞു വരുന്നുണ്ടാകും. പക്ഷെ അങ്ങനെയൊന്നുമല്ല. ഈവനിംഗ് റൂട്ടീന്‍ എന്ന പേരില്‍ ഇന്ന് വൈകുന്നേരം എന്റെ ചാനലില്‍ പോയിരുന്നു. അതിന് ശേഷം കുറച്ചു പേര്‍ എനിക്ക് പേഴ്‌സണള്‍ മെസേജ് അയച്ചു. നിങ്ങള്‍ സുധിച്ചേട്ടനെ മറന്നുവല്ലേ, നോര്‍മല്‍ ആയല്ലേ, നിങ്ങള്‍ കറങ്ങി നടക്കുകയാണ് എന്നൊക്കെ. അതിന്റെ സത്യാവസ്ഥ എന്താണ് പറയാനാണ് ഈ വീഡിയോ എന്നാണ് ആലീസ് ക്രിസ്റ്റി പറയുന്നത്. 

സ്റ്റാര്‍ മാജിക് കുടുംബത്തില്‍ യുട്യൂബ് ചാനല്‍ കൊണ്ടു പോകുന്ന വേറെയും ആളുകളുണ്ട്. ചില ബ്രാന്റുകാരുടെ പ്രൊമോഷന്‍സ് നമ്മള്‍ കമ്മിറ്റ് ചെയ്തു പോയതാണ്. അവര്‍ക്ക് ഇന്ന ഡേറ്റില്‍ വീഡിയോ കൊടുക്കാമെന്ന് പറഞ്ഞു പോയി. അങ്ങനെയുള്ള കുറച്ച് കാര്യങ്ങളുണ്ട് അതില്‍. അതുകൊണ്ടാണ് എന്റെ ചാനലില്‍ ആ വീഡിയോ പോയത്. എന്റെ ചാനലില്‍ ഇനിയും എട്ട് വീഡിയോസ് പോകാനുണ്ട്. അതൊന്നും സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ടു പോയ ശേഷം സന്തോഷത്തോടെ ചിരിച്ച് കളിച്ച് ചെയ്ത വീഡിയോസ് അല്ലെന്ന് താരം വ്യക്തമാക്കുന്നു. 

ആ വീഡിയോകളെല്ലാം കഴിഞ്ഞ ആഴ്ചയും ഫ്രീയായ സമയത്തുമൊക്കെ ഷൂട്ട് ചെയ്തതാണ്. അതെല്ലാം കണ്ട് എല്ലാം മറന്ന് ചിരിച്ച് കളിച്ച് നടക്കുകയാണെന്ന് വിചാരിക്കരുത്. ആരും സുധിച്ചേട്ടനെ മറന്നിട്ടില്ല. മറക്കുകയുമില്ല. ഇനിയെങ്ങനെ ആ വേദിയില്‍ പോയി നിന്ന് അടുത്തൊരു എപ്പിസോഡ് ചെയ്യുമെന്ന് അറിയില്ല. ആ ഫ്‌ളോറില്‍ കയറുമ്പോള്‍ ഓര്‍ക്കാതിരിക്കാനാകില്ല. ഒരു കുടുംബമാണ്. ഷോ കാണുന്നവര്‍ക്ക് അത് എത്രത്തോളം മനസിലാകുമെന്ന് അറിയില്ല. 

ഞങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ പറ്റുന്നതോ മറക്കാന്‍ പറ്റുന്നതോ അല്ല. തമാശകളൊക്കെ തുടങ്ങുന്നത് സുധിച്ചേട്ടനില്‍ നിന്നായിരുന്നു. ഇനിയെന്നാണ് ഷൂട്ടെന്ന് അറിയില്ല. ഇതാണ് ആ വീഡിയോയുടെ സത്യാവസ്ഥ. എല്ലാ ബ്രാന്റുകാരും മലയാളികളല്ല. ഹിന്ദിക്കാരുമുണ്ട്.

നമ്മള്‍ പറയുന്നത് അവര്‍ക്ക് അത്രത്തോളം മനസിലാകണമെന്നില്ല. ഇന്ന് പോയ വീഡിയോ അഞ്ചാം തിയ്യതി പോകേണ്ടതായിരുന്നു. ഇന്നത്തേക്ക് മാറ്റിയതാണെന്നും ആലീസ് ക്രിസ്റ്റി പറയുന്നു. നിങ്ങള്‍ ഞങ്ങള്‍ എല്ലാവരുടേയും സാഹചര്യം മനസിലാക്കണം. എല്ലാവരേയും പ്രതിനിധീകരിച്ചാണ് ഞാന്‍ പറയുന്നത്. സോഷ്യല്‍ മീഡിയ കണ്ടിട്ട് ആരുടേയും മാനസികാവസ്ഥ വിലയിരുത്തരുത്. ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ടേ എല്ലാം തുടങ്ങുകയുള്ളൂവെന്നും താരം കൂട്ടിച്ചേർക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/121051/now-actress-alice-christie-has-responded-to-the-criticism)