---
title: "'ശില്‍പ ഷെട്ടി രാജ് കുന്ദ്രയെ കെട്ടിയത് കാശിന് വേണ്ടി, താന്‍ കെട്ടിയതും കാശുകാരിയെ'; അനിൽ കപൂർ "
english_title: "'Shilpa Shetty tied Raj Kundra for cash, she also tied Kashukari'; Anil Kapoor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121004/shilpa-shetty-tied-raj-kundra-for-cash-she-also-tied-kashukari-anil-kapoor"
published_at: "2023-06-09T15:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482fe4f57b90_shilpashettyand_anil.jpg"
keywords: []
---

# 'ശില്‍പ ഷെട്ടി രാജ് കുന്ദ്രയെ കെട്ടിയത് കാശിന് വേണ്ടി, താന്‍ കെട്ടിയതും കാശുകാരിയെ'; അനിൽ കപൂർ 

> **Lead Summary:** **ബോ**ളിവുഡിലെ ഐക്കോണിക് താരങ്ങളാണ് ശില്‍പ ഷെട്ടിയും അനില്‍ കപൂറും. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയും നായകനും. ഇന്നും മുന്‍നിരയില്‍ തന്നെയുണ്ട് ശില്‍പയും അനിലും. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്ന, ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന താരങ്ങളാണ് ശില്‍പയും അനിലും.

## Article Content

**ബോ**ളിവുഡിലെ ഐക്കോണിക് താരങ്ങളാണ് ശില്‍പ ഷെട്ടിയും അനില്‍ കപൂറും. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയും നായകനും. ഇന്നും മുന്‍നിരയില്‍ തന്നെയുണ്ട് ശില്‍പയും അനിലും. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്ന, ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന താരങ്ങളാണ് ശില്‍പയും അനിലും.

ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആരാധകരുടെ ഇഷ്ട ജോഡിയുമാണ് അനിലും ശില്‍പയും. ഒരുമിച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദവുമുണ്ട്. പരസ്പരം തമാശകള്‍ പറയാനുമൊക്കെയുള്ള സ്വാതന്ത്ര്യം അനിലിലും ശില്‍പയ്ക്കുമിടയിലുണ്ട്. അനിലിന്റേയും ശില്‍പയുടേയും സൗഹൃദം വ്യക്തമാക്കുന്ന ഒരു അവസരമായിരുന്നു ഇരുവരും ഫറ ഖാന്റെ ഷോയില്‍ അതിഥികളായി എത്തിയത്.

2019 ലാണ് അനിലും ശില്‍പയും ഫറ അവതാരകയായ ബാക്ക്‌ബെഞ്ചേഴ്‌സില്‍ എത്തുന്നത്. പഴയ ഓര്‍മകളും രസകരമായ കഥകളുമൊക്കെ പങ്കുവച്ച് അനിലും ശില്‍പയും പ്രേക്ഷകരെ കയ്യിലെടുത്തു. സംസാരത്തിനിടെ ശില്‍പയോട് എന്തുകൊണ്ടാണ് ഭര്‍ത്താവ് രാജ് കുന്ദ്രയുടെ വിവാഹാഭ്യര്‍ത്ഥനയോട് യെസ് പറഞ്ഞത് എന്ന് ഫറ ചോദിച്ചു. ''കാശ് വലിച്ചെറിഞ്ഞു'', ഫറയുടെ ചോദ്യത്തിന് ശില്‍പ മറുപടി പറയുന്നതിന് മുമ്പ് തന്നെ അനില്‍ കയറി ഉത്തരം നല്‍കി. അനിലിന്റെ മറുപടി കേട്ട് ശില്‍പയടക്കം എല്ലാവരും പെട്ടിച്ചിരിച്ചു. കാശിന്റെ കൂടെ കൈയും നീട്ടിയെന്ന് ശില്‍പ പറഞ്ഞു. ആ കയ്യില്‍ കാശായിരുന്നുവെന്ന് അനിലിന്റെ അടുത്ത കൗണ്ടര്‍. ഇതോടെ അവിടെയാകെ കൂട്ടച്ചിരിയായി.

ഫറയുടെ അടുത്ത ചോദ്യം അനിലിനോടായിരുന്നു. നിങ്ങള്‍ സുനിതയെ വിവാഹം കഴിക്കുമ്പോള്‍ സമ്പന്നനായിരുന്നില്ല. പിന്നെ എങ്ങനെയാണ് സുനിതയെ വിവാഹത്തിന് സമ്മതിപ്പിച്ചതെന്ന് ഫറ അനലിനോടായി ചോദിച്ചു. സുനിതയുടെ കയ്യില്‍ പൈസയുണ്ടായിരുന്നു എന്നായിരുന്നു ഫറയുടെ ചോദ്യത്തിന് അനില്‍ നല്‍കിയ മറുപടി. വീണ്ടും സദസും വേദിയിലുണ്ടായിരുന്നവരുമെല്ലാം പൊട്ടിച്ചിരിയിലേക്ക്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുകയാണ്.

അനിലിന്റെ സെന്‍സ് ഓഫ് ഹ്യുമറും താരങ്ങള്‍ക്കിടയിലെ സൗഹൃദവുമൊക്കെ ആരാധകരുടെ കയ്യടി നേടുന്നുണ്ട്. 1984 ലായിരുന്നു അനിലും സുനിതയും വിവാഹിതരാകുന്നത്. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. സോനം കപൂര്‍, റിയ കപൂര്‍, ഹര്‍ഷ് വര്‍ധന്‍ കപൂര്‍. സോനമും ഹര്‍ഷും അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തി.

അതേസമയം 2009 ലായിരുന്നു ശില്‍പയുടേയും രാജ് കുന്ദ്രയുടേയും വിവാഹം. വിയാനും സമീക്ഷയുമാണ് ശില്‍പയുടേയും രാജിന്റേയും മക്കള്‍. കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ട് അനില്‍ കപൂര്‍ അഭിനയത്തില്‍ ഇപ്പോഴും സജീവമാണ്. ജുഗ് ജുഗ് ജിയോ ആണ് അനിലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രണ്‍ബീര്‍ കപൂര്‍ നായകനായ ആനിമല്‍, ഹൃത്വിക് റോഷന്‍ ചിത്രം ഫൈറ്റര്‍ എന്നിവയാണ് അനിലിന്റേതായി അണിയറയിലുള്ള സിനിമകള്‍. ഒടിടി ലോകത്തും അനില്‍ കപൂര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നെറ്റ്ഫ്‌ളിക്‌സിന്റെ എകെ വെഴ്‌സസ് എകെയിലൂടെയാണ് അനില്‍ കപൂര്‍ ഡിജിറ്റല്‍ ലോകത്ത് സാന്നിധ്യമറിയിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് ശില്‍പ ഷെട്ടി. നിക്കമ്മയിലൂടെയാണ് ശില്‍പ ഷെട്ടി അഭിനയത്തിലേക്ക് തിരികെ വരുന്നത്. താരം ഇപ്പോള്‍ ആമസോണ്‍ പ്രൈമിന്റെ സീരീസായ ഇന്ത്യന്‍ പോലീസ് ഫോഴ്‌സില്‍ അഭിനയിക്കുകയാണ്. പിന്നാലെ കെഡി, സുഖീ തുടങ്ങിയ സിനിമകളും ശില്‍പയുടേതായി അണിയറയിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121004/shilpa-shetty-tied-raj-kundra-for-cash-she-also-tied-kashukari-anil-kapoor)