---
title: "'നീയൊരു നടിയാണ്, എനിക്കത് ശരിയാകില്ല'; കാമുകന്‍ ഇട്ടിട്ട് ഓടിയെന്ന് മൃണാല്‍ ഠാക്കൂര്‍ "
english_title: "Mrinal Thakur said that her boyfriend left her and ran away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120993/mrinal-thakur-said-that-her-boyfriend-left-her-and-ran-away"
published_at: "2023-06-09T15:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482f7863b9cb_mrinaltakur.jpg"
keywords: []
---

# 'നീയൊരു നടിയാണ്, എനിക്കത് ശരിയാകില്ല'; കാമുകന്‍ ഇട്ടിട്ട് ഓടിയെന്ന് മൃണാല്‍ ഠാക്കൂര്‍ 

> **Lead Summary:** **ബോ**ളിവുഡിലെ മിന്നും താരമാണ് മൃണാല്‍ ഠാക്കൂര്‍. നിലവില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാള്‍. സിനിമയിലെ കുടുംബവേരുകളോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് മൃണാല്‍ കടന്നു വരുന്നത്. തുടക്കം പരമ്പരകളിലൂടെയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ പരമ്പരകളിലെ നായികയാണ് മൃണാല്‍. സീരിയില്‍ രംഗത്ത് മിന്നും താരമായ ശേഷമാണ് മൃണാല്‍ സിനിമയിലെത്തുന്നത്.

## Article Content

**ബോ**ളിവുഡിലെ മിന്നും താരമാണ് മൃണാല്‍ ഠാക്കൂര്‍. നിലവില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാള്‍. സിനിമയിലെ കുടുംബവേരുകളോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് മൃണാല്‍ കടന്നു വരുന്നത്. തുടക്കം പരമ്പരകളിലൂടെയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ പരമ്പരകളിലെ നായികയാണ് മൃണാല്‍. സീരിയില്‍ രംഗത്ത് മിന്നും താരമായ ശേഷമാണ് മൃണാല്‍ സിനിമയിലെത്തുന്നത്.

സീരിയലില്‍ നിന്നും സിനിമയിലേക്കുള്ള ചുവടുമാറ്റത്തില്‍ വന്‍ വിജയമാണ് മൃണാലിനെ തേടി വന്നത്. ഇന്ന് ബോളിവുഡില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായികയാണ് മൃണാല്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമത്തിലൂടെ തെലുങ്കിലും മലയാളത്തിലുമൊക്കെ കയ്യടി നേടാന്‍ മൃണാളിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് മൃണാല്‍. തന്റെ നിലപാടുകളുടേയും കാഴ്ച്ചപ്പാടുകളുടേയും പേരിലും മൃണാല്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

''ശരിയായ ഒരാളിലേക്ക് എത്തുന്നതിന് മുമ്പ് ആദ്യം തെറ്റായ ആളുകളില്‍ എത്തണം. എന്താണ് നിങ്ങള്‍ക്ക് യോജിക്കുന്നത് എന്താണ് യോജിക്കാത്തത് എന്ന് തിരിച്ചറിയണം. ഒരു റിലേഷന്‍ഷിപ്പില്‍ ആയ ശേഷം ഞങ്ങള്‍ ഒരുമിച്ച് പോകാന്‍ പറ്റാത്തവരാണെന്ന് തിരിച്ചറിയേണ്ടി വരുന്ന അവസ്ഥയുണ്ടാകരുത്'', മൃണാല്‍ പറയുന്നു.

പിന്നാലെയാണ് താരം തന്റെ അവസാന പ്രണയത്തെക്കുറിച്ച് മനസ് തുറന്നത്. ''അവന്‍ ഓടിക്കളഞ്ഞു. നീ ഭയങ്കര ഇംപള്‍സീവാണ്. എനിക്കിതിനോട് ചേര്‍ന്നു പോകാനാകില്ല. നീയൊരു നടിയാണ്. എനിക്കത് ശരിയാകില്ല എന്ന് പറഞ്ഞു. പക്ഷെ അവന്‍ വരുന്നത് പരമ്പരാഗത ചിന്താഗതിയുള്ള പശ്ചാത്തലത്തില്‍ നിന്നാണെന്ന് എനിക്കറിയാം. ഞാന്‍ അവനെ കുറ്റം പറയുന്നില്ല. അവനെ വളര്‍ത്തിയത് അങ്ങനാണ്. ആ അധ്യായം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയില്‍ ഞങ്ങള്‍ മക്കളെ വളര്‍ത്തുമ്പോള്‍ എന്നെ പോലെയാകില്ല അവന്‍ അവരോട് പെരുമാറുക. അത് മക്കള്‍ക്ക് ആശങ്കയുണ്ടാക്കും'' എന്നും മൃണാല്‍ പറഞ്ഞു.

അതേസമയം മൃണാല്‍ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുംകും ഭാഗ്യയില്‍ തനിക്കൊപ്പം അഭിയനിച്ചിരുന്ന അര്‍ജിത് തനേജയും മൃണാലും പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചില്ല. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള മൃണാലിന്റെ ആദ്യ സിനിമ മറാത്തിയിലായിരുന്നു. ലവ് സോണിയയിലൂടെയാണ് ഹിന്ദി സിനിമയിലെത്തുന്നത്.

പിന്നീട് സൂപ്പര്‍ 30, ഗോസ്റ്റ് സ്‌റ്റോറീസ്, തൂഫാന്‍, ജേഴ്‌സി, ധമാക്ക, സീതാ രാമം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഗുംരാഹ് ആണ് മൃണാലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ളിക്‌സിന്റെ ലസ്റ്റ് സ്‌റ്റോറീസ് 2 ആണ് മൃണാലിന്റെ പുതിയ പ്രൊജക്ട്. പിന്നാലെ പൂജ മേരി ജാന്‍, പിപ്പ, ആങ്ക് മിച്ചോലി, നാനി 30 തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. നാനിയുടെ നായികയായി മൃണാല്‍ തെലുങ്കിലേക്ക് വീണ്ടുമെത്തുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/120993/mrinal-thakur-said-that-her-boyfriend-left-her-and-ran-away)