---
title: "പതിനെട്ട് വയസാകാൻ കാത്തിരിക്കുകയാണ് മകൾ, ഞാന്‍ എന്ത് ചെയ്താലും മോള്‍ക്ക് സന്തോഷമാണ്;  ​ഗിന്നസ് പക്രു"
english_title: "My daughter is waiting to turn eighteen, and whatever I do, she's happy; Guinness Pakru"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120778/my-daughter-is-waiting-to-turn-eighteen-and-whatever-i-do-shes-happy-guinness-pakru"
published_at: "2023-06-08T20:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481ecc6852c3_pakru.jpg"
keywords: []
---

# പതിനെട്ട് വയസാകാൻ കാത്തിരിക്കുകയാണ് മകൾ, ഞാന്‍ എന്ത് ചെയ്താലും മോള്‍ക്ക് സന്തോഷമാണ്;  ​ഗിന്നസ് പക്രു

> **Lead Summary:** മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് ​ഗിന്നസ് പക്രു എന്ന അജയ് കുമാർ. അടുത്തിടെയാണ് പക്രുവിന്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയത്. കഴിഞ്ഞ മാർച്ച് 21 നാണ് പക്രുവിനും ഭാര്യ ഗായത്രിക്കും ഒരു പെൺകുഞ്ഞ് കൂടി ജനിച്ചത്. നടൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

## Article Content

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് ​ഗിന്നസ് പക്രു എന്ന അജയ് കുമാർ. അടുത്തിടെയാണ് പക്രുവിന്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയത്. കഴിഞ്ഞ മാർച്ച് 21 നാണ് പക്രുവിനും ഭാര്യ ഗായത്രിക്കും ഒരു പെൺകുഞ്ഞ് കൂടി ജനിച്ചത്. നടൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

മൂത്ത മകള്‍ ദീപ്ത കീർത്തിയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നടൻ സന്തോഷം അറിയിച്ചത്. വിഷു ദിനത്തിൽ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടത്തി മകൾക്ക് ദ്വിജ കീർത്തി എന്ന് പേരിട്ട വിവരവും ഗിന്നസ് പക്രു അറിയിക്കുകയുണ്ടായി. കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് മൂത്ത മകളാണെന്ന് പക്രു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

മൂത്തമകളുമായി 15 വയസ്സിന്റെ വ്യത്യാസമാണ് ഇളയ മകൾക്ക് ഉള്ളത്. ഇപ്പോഴിതാ മൂത്ത മകളെ കുറിച്ച് കൈരളിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പക്രു പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്. തന്നെ എല്ലാത്തിനും പിന്തുണയ്ക്കുന്ന ആളാണ് മകളെന്നാണ് താരം പറയുന്നത്.

മകൾക്ക് വാഹനങ്ങളോടുള്ള ഇഷ്ട്ടത്തെ കുറിച്ചും പക്രു സംസാരിക്കുന്നു. പതിനെട്ട് വയസ്സാവാനുള്ള കാത്തിരിപ്പിലാണ് ദീപ്ത. വണ്ടിയോടിക്കാന്‍ ഇഷ്ടമാണ് പുള്ളിക്കാരിക്ക്. തന്നെപ്പോലെ തന്നെ വാഹന കാര്യങ്ങളോട് നല്ല താല്‍പര്യമുണ്ട്. കുഞ്ഞു നാളിലെ അവളത് പ്രകടിപ്പിച്ചിരുന്നുവെന്ന് പക്രു പറയുന്നു.

'ഞാന്‍ എന്റെ തലയിലും മുഖത്തുമൊക്കെ എന്ത് വൃത്തികേട് കാണിച്ചാലും ഏറ്റവും കൂടുതല്‍ വൗ പറയുന്നത് മോളാണ്. ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ അവള്‍ എന്നെ നന്നായി പോത്സാഹിപ്പിക്കും. അതേസമയം എന്താണ് കാണിച്ചു വെച്ചിരിക്കുന്നതെന്നാണ് ഭാര്യ ചോദിക്കുക', 'ഞാന്‍ എന്ത് ചെയ്താലും മോള്‍ക്ക് സന്തോഷമാണ്.

മോൾടെ സുഹൃത്തുക്കളും എനിക്ക് സപ്പോർട്ടാണ്. മൂത്തമോളിപ്പോൾ ഒമ്പത് ക്ലാസിലാണ്. മാര്‍ക്ക് കുറവാണെങ്കില്‍ ഭാര്യ മോളോട് ദേഷ്യപ്പെടും. എന്റെ അടുത്താണ് കൊണ്ടുവരുന്നതെങ്കില്‍ ഞാന്‍ കൂളാണ്. ഇത് കൂടുതലാണ്, ഇതിലും കുറച്ച് കൂടുതല്‍ വാങ്ങിക്കാന്‍ ശ്രമിക്കണം എന്നേ പറയാറുള്ളൂ', ഗിന്നസ് പക്രു പറഞ്ഞു. 

പഠനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കണം എന്നേ താൻ ചിന്തിക്കുന്നുള്ളുവെന്ന് ഗിന്നസ് പക്രു പറഞ്ഞു. കുട്ടികള്‍ സന്തോഷത്തോടെ ചിരിച്ചു കളിച്ച് വളരണം എന്നാണ് ആഗ്രഹിക്കുന്നത്. കുട്ടിക്കാലത്ത് പ്രോഗ്രസ് കാര്‍ഡും കൊണ്ട് ചെല്ലുമ്പോള്‍ അമ്മയൊക്കെ സെന്റിമെന്റല്‍ അപ്രോച്ചാണ്. ഇത്ര കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ട് എന്നൊക്കെ പറയും. എന്നാൽ താൻ മകളുടെ കാര്യത്തിൽ അത്തരത്തിലൊരു അപ്രോച്ച് അല്ല എടുക്കാറുള്ളതെന്ന് നടൻ വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/120778/my-daughter-is-waiting-to-turn-eighteen-and-whatever-i-do-shes-happy-guinness-pakru)