---
title: "വിവാഹശേഷമാണ് അതിനൊക്കെ പോയത്, പരിചയപ്പെട്ട് അഞ്ചാറ് മാസത്തിനുള്ളിൽ വിവാഹിതാരായി;  അപര്‍ണയും ജീവയും പറയുന്നു "
english_title: "It all happened after marriage, they got married within five or six months of meeting; Aparna and Jeeva say"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120070/it-all-happened-after-marriage-they-got-married-within-five-or-six-months-of-meeting-aparna-and-jeeva-say"
published_at: "2023-06-06T10:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ec12476904_aparna.jpg"
keywords: []
---

# വിവാഹശേഷമാണ് അതിനൊക്കെ പോയത്, പരിചയപ്പെട്ട് അഞ്ചാറ് മാസത്തിനുള്ളിൽ വിവാഹിതാരായി;  അപര്‍ണയും ജീവയും പറയുന്നു 

> **Lead Summary:** പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡിയാണ് അപര്‍ണയും ജീവയും. പലരും മാതൃക ദമ്പതിമാരായാണ് ഇവരെ വിശേഷേപ്പിക്കാറുള്ളത്. ഇടയ്ക്ക് യൂട്യൂബിൽ നിന്നൊക്കെ മാറിനിന്ന താരങ്ങൾ അടുത്തിടെയാണ് പുതിയ ചാനൽ ആരംഭിച്ചത്. ഇനി മുതൽ വീഡിയോകളുമായി സജീവമായിരിക്കുമെന്ന ഉറപ്പ് ഇവർ ആരാധകർക്ക് നൽകിയിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചുകൊണ്ട് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അപർണയും ജീവയും. 

## Article Content

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡിയാണ് അപര്‍ണയും ജീവയും. പലരും മാതൃക ദമ്പതിമാരായാണ് ഇവരെ വിശേഷേപ്പിക്കാറുള്ളത്. ഇടയ്ക്ക് യൂട്യൂബിൽ നിന്നൊക്കെ മാറിനിന്ന താരങ്ങൾ അടുത്തിടെയാണ് പുതിയ ചാനൽ ആരംഭിച്ചത്. ഇനി മുതൽ വീഡിയോകളുമായി സജീവമായിരിക്കുമെന്ന ഉറപ്പ് ഇവർ ആരാധകർക്ക് നൽകിയിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചുകൊണ്ട് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അപർണയും ജീവയും. 

'അവർ ഫസ്റ്റ് ടൈം' എന്ന തലക്കെട്ടോടെ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് മുതൽ ആദ്യമായി വഴക്കിട്ടത് വരെയുള്ള കാര്യങ്ങൾ പറയുന്നുണ്ട്. കുറെകാര്യങ്ങളെല്ലാം കല്യാണ ശേഷമാണ് നടന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജീവയും അപർണയും സംസാരിച്ചു തുടങ്ങുന്നത്. 

സൂര്യ മ്യൂസിക്കിന്റെ സ്റ്റുഡിയോയിൽ വെച്ചാണ് ആദ്യമായി കാണുന്നത്. ഷോ ചെയ്യുന്നത് ആരെന്ന് അറിയാനായി നോക്കിയപ്പോഴാണ് അപർണയെ കാണുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ ഇവൾ എനിക്കുള്ളതാണെന്ന് മനസിൽ തോന്നിയെന്ന് ജീവ പറയുന്നു. ജീവയുടെ ആങ്കറിങ് നേരത്തെ തന്നെ കണ്ടിട്ടുണ്ടായി. ഇഷ്ടമുള്ള വി.ജെകളിൽ ഒരാളാണ്. അപ്രതീക്ഷിതമായാണ് അന്ന് ജീവയെ കണ്ടതെന്നാണ് അപർണ പറഞ്ഞത്.

പ്രണയത്തിലായപ്പോഴും പുറത്തു പോകുന്നത് കുറവായിരുന്നു. സ്റ്റുഡിയോയുടെ അടുത്തുള്ള ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ പോകുമെന്നല്ലാതെ കറങ്ങാനൊന്നും പോകില്ലായിരുന്നു. ഒരു സിനിമയ്ക്ക് പോലും പോയിട്ടില്ല. വിവാഹശേഷമാണ് അതിനൊക്കെ പോയത്. പരിചയപ്പെട്ട് അഞ്ചാറ് മാസത്തിനുള്ളിൽ വിവാഹിതാരായി.

അതിന് ശേഷമാണ് പ്രണയിച്ചു തുടങ്ങിയതും ജീവിച്ച് തുടങ്ങിയതും. അപ്പോൾ മുതലാണ് എല്ലാം ആസ്വദിക്കാൻ തുടങ്ങിയതെന്നും ജീവയും അപർണയും പറയുന്നു. ആദ്യമായി പരസ്‌പരം ചുംബിച്ചതിനെ കുറിച്ചും ഇരുവരും മനസുതുറന്നു. പുതുപ്പള്ളിയില്‍ വെച്ചായിരുന്നു അത്. കൂടെയുള്ളവരെല്ലാം ഫുഡ് കഴിക്കാന്‍ പോയപ്പോള്‍ വണ്ടിയിൽ ഞങ്ങൾ മാത്രമായി. എന്തൊക്കെയോ പറയുന്നതിനിടയിൽ ആരും കാണില്ലെന്ന് മനസിലാക്കി ഉമ്മവെച്ചു. പേടിച്ചാണ് അന്ന് ഉമ്മ വെച്ചത്. ആദ്യ കിസ്സിന് മാത്രമായിരുന്നു നാണമുണ്ടായിരുന്നതെന്നും ജീവ പറഞ്ഞു. 

രണ്ടുപേരുടെയും വീട്ടുകാർ തങ്ങളെ കണ്ടതിനെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും ഇവർ പറയുന്നുണ്ട്. ഫെബ്രുവരിയില്‍ കണ്ടുമുട്ടി ഓഗസ്റ്റിൽ ഞങ്ങൾ വിവാഹിതരായി. ഓഫീസിനടുത്തുള്ള ബേക്കറിയില്‍ വെച്ചാണ് ജീവയുടെ മമ്മയെ കാണുന്നത്. അവിടെ അടുത്ത് തന്നെയുള്ള മറ്റൊരു ബേക്കറിയില്‍ വെച്ച് ജീവ അപര്‍ണയുടെ ഡാഡിയേയും മമ്മിയേയും കണ്ടു. കണ്ടപ്പോള്‍ തന്നെ അവര്‍ക്കിഷ്ടമായി. അങ്ങനെ പെട്ടെന്ന് തന്നെ കല്യാണം തീരുമാനിക്കുകയായിരുന്നു, ഇരുവരും പറഞ്ഞു. 

ഞങ്ങളുടെ ആദ്യത്തെ ഏറ്റവും വലിയ പര്‍ച്ചേസ് പോളോ കാറായിരുന്നു. കല്യാണം കഴിഞ്ഞ ശേഷമായിരുന്നു കാർ വാങ്ങിയത്. ഒന്നിച്ചാണ് വാങ്ങിയത്. അതിന് വീട്ടുകാരും സഹായിച്ചു. ആദ്യമായി വഴക്കിട്ടത് ഒരു ക്രിസ്മസ് സമയത്ത് ആണെന്നും താരങ്ങൾ പറയുന്നുണ്ട്. ക്രിസ്‌മസിന്‌ അപർണയുടെ വീട്ടിൽ പോകാതിരുന്നതിനെ ചൊല്ലി ആയിരുന്നു വഴക്ക്. 

കല്യാണം കഴിഞ്ഞ് ആദ്യ യാത്ര ബാംഗ്ലൂരിലേക്കായിരുന്നുവെന്നും ഇവർ പറയുന്നുണ്ട്. ജീവയുടെ അച്ഛന്റെ ബന്ധുക്കൾ അവിടെയാണ്. അങ്ങനെ അവിടെ ചെന്ന്, അവരുടെ കാറെടുത്ത് ബാംഗ്ലൂരിലെ കുറേ സ്ഥലങ്ങളില്‍ യാത്ര ചെയ്‌തുവെന്നും അപർണയും ജീവയും പറയുന്നു.

അവതാരക എന്നതിനുപുറമെ ക്യാബിൻ ക്രൂ ആയും ജോലി ചെയ്തിട്ടുണ്ട് അപർണ. ആ ജോലി ഉപേക്ഷിച്ച ശേഷമാണ് താരം യൂട്യൂബിൽ സജീവമായത്. പഴയ യൂട്യൂബ് ചാനലിൽ അഞ്ച് ലക്ഷത്തിലധികം സബ്സ്ക്രൈബേർസാണ് ഉണ്ടായിരുന്നത്. എന്നാൽ ക്രിയേറ്റർമാരുമായുണ്ടായ ചില പ്രശ്‍നങ്ങളെ തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. പുതിയ ചാനലിൽ വ്യത്യസ്തമായ വീഡിയോകളുമായി എത്തുന്നതായിരിക്കും എന്നാണ് ഇവർ ആരാധകർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. പുതിയ വീഡിയോ ഇതിനകം വൈറലാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/120070/it-all-happened-after-marriage-they-got-married-within-five-or-six-months-of-meeting-aparna-and-jeeva-say)