---
title: "നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കുക എന്തിനാണ് മറ്റുള്ളവരുടെ കാര്യം നോക്കുന്നത്; അശ്വതിയ്‌ക്കെതിരെ സൈബര്‍ ആക്രമണം"
english_title: "Sawad subject; Cyber ​​attack against Ashwati"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119610/sawad-subject-cyber-attack-against-ashwati"
published_at: "2023-06-04T19:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c9d9457b75_aswathi.jpg"
keywords: []
---

# നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കുക എന്തിനാണ് മറ്റുള്ളവരുടെ കാര്യം നോക്കുന്നത്; അശ്വതിയ്‌ക്കെതിരെ സൈബര്‍ ആക്രമണം

> **Lead Summary:** കേരളം വലിയ തോതില്‍ ചര്‍ച്ച ചെയ്ത സംഭവമാണ് ബസില്‍ വെച്ച് യാത്രക്കാരിയ്ക്ക് മുന്നില്‍ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഈ കേസില്‍ അകത്തു പോയ സവാദ് ഇന്നലെയാണ് ജാമ്യത്തിലിറങ്ങുന്നത്. ജയലില്‍ നിന്നും പുറത്തിറങ്ങിയ സവാദിനെ സ്വീകരിക്കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വലിയൊരു ആള്‍ക്കൂട്ടം തന്നെ എത്തി. സവാദിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് സംഘടനയുടെ വാദം. 

## Article Content

കേരളം വലിയ തോതില്‍ ചര്‍ച്ച ചെയ്ത സംഭവമാണ് ബസില്‍ വെച്ച് യാത്രക്കാരിയ്ക്ക് മുന്നില്‍ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഈ കേസില്‍ അകത്തു പോയ സവാദ് ഇന്നലെയാണ് ജാമ്യത്തിലിറങ്ങുന്നത്. ജയലില്‍ നിന്നും പുറത്തിറങ്ങിയ സവാദിനെ സ്വീകരിക്കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വലിയൊരു ആള്‍ക്കൂട്ടം തന്നെ എത്തി. സവാദിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് സംഘടനയുടെ വാദം. 

കേരളത്തെയാകെ ഞെട്ടിച്ച സംഭവത്തിലെ പ്രതിയെ മാലയിട്ട് സ്വീകരിച്ചത് വിവാദമായി മാറിയിരിക്കുകയാണ്. ഇങ്ങനൊരു സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതില്‍ സോഷ്യല്‍ മീഡിയ അമ്പരപ്പ് രേഖപ്പെടുത്തുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് എത്തുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരും സംഭവത്തില്‍ പ്രതികരണം രേഖപ്പെടുത്തുന്നുണ്ട്.

ഇപ്പോഴിതാ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും വിഷയത്തില്‍ പ്രതികരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് അശ്വതിയുടെ പ്രതികരണം.

സ്വീകരണം കൊടുത്തതില്‍ അല്ല, 'ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നതിലാണ് സങ്കടം എന്നായിരുന്നു അശ്വതിയുടെ പോസ്റ്റ്. നിരവധി പേരാണ് പിന്നാലെ കമന്റുമായി എത്തിയത്. താരത്തെ അസഭ്യം പറഞ്ഞും വിമര്‍ശിച്ചും ആളുകളെത്തിയിട്ടുണ്ട്. ചിലര്‍ക്കൊക്കെ അശ്വതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. 

ഇങ്ങനെ ഒരു അസോസിയേഷന്‍ ഉണ്ടായതുകൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കുക എന്തിനാണ് മറ്റുള്ളവരുടെ കാര്യം നോക്കുന്നത് വൈറലാവാന്‍ എന്നാണ് ഒരു കമന്റ്. പോസ്റ്റ് വായിച്ചില്ലേ എനിക്ക് നിങ്ങളെ ഓര്‍ത്തല്ല വിഷമം എന്ന് അശ്വതി അയാള്‍ക്ക് മറുപടി നല്‍കി. ഇവിടുത്തെ പല ഫെമിനിസ്റ്റുകളുടെയും ഡയലോഗ് കേള്‍ക്കുമ്പോ ഞങ്ങള്‍ക്ക് ഈ പറഞ്ഞ സഹതാപം ഈ നാട്ടിലെ പെണ്ണുങ്ങളോടും തോന്നാറുണ്ട് എന്നാണ് മറ്റൊരു കമന്റ്. സഹതാപം നല്ലതാ എന്നാണ് അയാള്‍ക്ക് അശ്വതി നല്‍കുന്ന മറുപടി. 

നിങ്ങള്‍ വല്ലാതെ വേദനിക്കുന്നു. പല സ്ത്രീകളും പരപുരുഷന്മാരോടും പലതും ചെയ്യുന്നുണ്ട് അപ്പോള്‍ ഒന്നും നിങ്ങളെ പ്രതികരിക്കാന്‍ കാണുന്നില്ലല്ലോ അതെന്തുകൊണ്ടാണ് എന്നായിരുന്നു മറ്റൊരു കമന്റ്. അങ്ങോട്ട് ഇറങ്ങി പ്രതികരിക്ക്! ആ പെണ്ണുങ്ങളെ വെറുതെ വിടരുത് എന്ന മറുപടിയാണ് അയാള്‍ക്ക് അശ്വതി നല്‍കുന്നത്. നീ അധികം സങ്കടപ്പെണ്ട നീ നിന്റെ കെട്യോനെ ഓര്‍ത്തു സങ്കടപ്പെട്ടാല്‍ മതി എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. എനിക്ക് കെട്ട്യോന്‍ മാത്രമല്ല, അങ്ങളമാരും അച്ഛനും കൂട്ടുകാരുമൊക്കെയുണ്ട് എന്നാണ് ഇയാള്‍ക്കുള്ള അശ്വതിയുടെ മറുപടി. 

സൈബര്‍ ആക്രമണം തന്നെയാണ് അശ്വതിയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഇതോടെ കമന്റുകളോട് പ്രതികരിച്ച് അശ്വതി എത്തി. എന്റെ ഭാഗത്തും തെറ്റുണ്ട്.. ഈ സംഘടനയില്‍ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്‌സ് അവര്‍ കൈയടക്കി ഗയ്സ് ! ഞാന്‍ പോണ്. ബൈ എന്നാണ് അശ്വതിയുടെ പ്രതികരണം. താരത്തെ അധിക്ഷേപിച്ചു കൊണ്ട് നിരവധി പേർ എത്തിയിട്ടുണ്ട്. അതേസമയം അശ്വതിയ്ക്ക് പിന്തുണ അറിയിച്ച് താരങ്ങളും ആരാധകരും എത്തുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/119610/sawad-subject-cyber-attack-against-ashwati)