തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറാണ് അജിത്ത്. തല എന്ന് ആരാധകർ വിളിക്കുന്ന അജിത്ത് ആരാധകരുടെ ആവേശമാണ്. ഒരു അജിത്ത് സിനിമ റിലീസ് ചെയ്യുമ്പോൾ തമിഴ്നാട്ടിലുണ്ടാവുന്ന ആഘോഷം ചെറുതല്ല. അന്നും ഇന്നും അജിത്തെന്നാൽ ആരാധകർക്ക് ആവേശമാണ്. എന്നാൽ ഈ ആഘോഷങ്ങളുടെയൊന്നും ഭാഗമാവാൻ അജിത്തിന് താൽപര്യമില്ല. പൊതുവേദികളിൽ നിന്ന് മാറി നിൽക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണ് അജിത്ത്.തന്നെ തല എന്ന് വിളിക്കരുതെന്ന് ആരാധകരോട് അജിത്ത് നിർദ്ദേശിച്ചിട്ടുണ്ട്. സ്വന്തം സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പോലും അജിത്തിനെ കാണാറില്ലെന്നതാണ് വാസ്തവം.

സിനിമ കഴിഞ്ഞാൽ കുടുംബത്തോടൊപ്പമുള്ള സമയത്തിന് അജിത്ത് പ്രാധാന്യം നൽകുന്നു. ബൈക്ക് റേസിംഗ് പോലുള്ള ഹോബികളും അജിത്തിനുണ്ട്. അജിത്ത് സിനിമ പ്രഖ്യാപനം തന്നെ തമിഴകത്ത് ആഘോഷമാണ്. പിന്നീട് സിനിമയെ സംബന്ധിച്ചുള്ള ഓരോ അപ്ഡേഷനും ആരാധകർ ചർച്ചയാക്കും. നടന്റെ ചിത്രീകരണം തുടങ്ങാനിരുന്ന പുതിയ സിനിമയിൽ നിന്ന് സംവിധായകൻ വിഘ്നേശ് ശിവനെ മാറ്റിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അജിത്തിനെക്കുറിച്ച് തമിഴ് മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നാൻ കടവുൾ എന്ന സിനിമയുടെ ഓഫർ അജിത്ത് നിരസിച്ചതിനെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. 'നന്ത എന്ന സിനിമയിൽ അജിത്തിനെയായിരുന്നു ആദ്യം നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ അജിത്തിന് മറ്റ് സിനിമകളുടെ തിരക്ക് വന്നപ്പോൾ ഈഗോ തോന്നിയ സംവിധായകൻ ബാല സൂര്യയെ അഭിനയിപ്പിച്ചു. പിന്നീട് ഇത്തവണ നമുക്ക് സിനിമ ചെയ്യാമെന്ന് പറഞ്ഞ് അജിത്ത് ബാലയെ വിളിച്ചു. ബാല നാൻ കടവുൾ കഥ തയ്യാറാക്കി. കാശിയിൽ വെച്ചുള്ള ഒരു ഓപ്പണിംഗ് സീൻ ഉണ്ട്. അതിന് വേണ്ടി ഫിറ്റ്നസായി ഇരിക്കുമോയെന്ന് ചോദിച്ചു. എന്തിനാണെന്ന് അജിത്ത് ചോദിച്ചു.

കാശിയിൽ ഭസ്മാസനം പോലെ തലകീഴായി നിൽക്കണം എന്ന് ബാല പറഞ്ഞു'. 'അജിത്തിന്റെ ശരീരപ്രകൃതം കൊണ്ട് അത് സാധിക്കില്ല. അങ്ങനെയൊരു സീൻ ആവശ്യമാണോയെന്ന് അജിത്ത് ചോദിച്ചു. ഞാൻ പറയുന്നത് നിങ്ങൾ ചെയ്യണം എന്ന് ബാലയും. ഈ സംസാരം വഴക്കായി. അജിത്തിനെ ബാല അടിച്ചു. അപമാനകരമായ സംഭവമായി. പിന്നീട് രണ്ട് ഹീറോകളോട് ഈ കഥ പറഞ്ഞു. എന്നാൽ തല കീഴായി നിൽക്കുന്ന സീൻ പറ്റില്ലെന്ന് അവരും പറഞ്ഞു.
അങ്ങനെയാണ് ആര്യയിലേക്ക് സിനിമയെത്തുന്നത്' ആര്യ ഈ സിനിമയിലൂടെ പേരെടുത്തെങ്കിലും പിന്നീട് അത്തരം സിനിമകൾ തെരഞ്ഞെടുക്കാൻ പറ്റിയില്ലെന്ന് ചെയ്യാറു ബാലു പറഞ്ഞു. 2009 ൽ പുറത്തിറങ്ങിയ സിനിമയാണ് നാൻ കടവുൾ. അഘോരിയുടെ കഥാപാത്രത്തെയാണ് ആര്യ ഈ സിനിമയിൽ അവതരിപ്പിച്ചത്. സിനിമ ജനശ്രദ്ധ നേടി. പൂജ ഉമശങ്കർ, രാജേന്ദ്രൻ എന്നിവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തുനിവാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യരാണ് സിനിമയിൽ നായികയായത്. സിനിമ ശ്രദ്ധിക്കപ്പെട്ടു.

അജിത്തിന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴിലെ പ്രമുഖ സംവിധായകനായ ബാലയുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ധ്രുവ് വിക്രം നായകനായ വർമ എന്ന സിനിമയെ സംബന്ധിച്ചുള്ള പ്രശ്നമായിരുന്നു ഇത്. 2018 ൽ ബാലയുടെ സംവിധാനത്തിൽ സിനിമ പൂർത്തിയായെങ്കിലും റിലീസ് ചെയ്യാൻ പ്രൊഡക്ഷൻ കമ്പനി ഇ ഫോർ എന്റർടെയ്ൻമെന്റ്സ് തയ്യാറായില്ല. സിനിമയുടെ ഫൈനൽ കട്ടിൽ തൃപ്തി തോന്നാഞ്ഞത് മൂലമായിരുന്നു ഇത്. ബാലയെ മാറ്റി സിനിമ വീണ്ടും ചിത്രീകരിച്ചു. എന്നാൽ താൻ സ്വയം പിൻമാറിയതെന്നാണ് ബാല പറഞ്ഞത്.
Content Highlight: Ajith was hit by the director, a humiliating incident; How did the movie reach Arya?


































