---
title: "ആദ്യ കാമുകി അവളാണ്; തന്റെ ആദ്യ കാമുകിയെക്കുറിച്ച്  തുറന്ന് പറഞ്ഞ് അല്ലു അർജുൻ"
english_title: "The words spoken by Allu Arjun in a show the other day are getting attention now"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118181/the-words-spoken-by-allu-arjun-in-a-show-the-other-day-are-getting-attention-now"
published_at: "2023-05-30T16:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475dbffd4630_alluarjun.jpg"
keywords: []
---

# ആദ്യ കാമുകി അവളാണ്; തന്റെ ആദ്യ കാമുകിയെക്കുറിച്ച്  തുറന്ന് പറഞ്ഞ് അല്ലു അർജുൻ

> **Lead Summary:** തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറാണ് അല്ലു അർജുൻ. മലയാളത്തിൽ മൊഴിമാറ്റിയെത്തുന്ന അല്ലുവിന്റെ സിനിമകൾ ഒരു കാലത്ത് തരം​ഗമായിരുന്നു. ആര്യ, കൃഷ്ണ, ബണ്ണി തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. കേരളത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് അല്ലുവും മുമ്പ് സംസാരിച്ചിട്ടുണ്ട്.

## Article Content

തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറാണ് അല്ലു അർജുൻ. മലയാളത്തിൽ മൊഴിമാറ്റിയെത്തുന്ന അല്ലുവിന്റെ സിനിമകൾ ഒരു കാലത്ത് തരം​ഗമായിരുന്നു. ആര്യ, കൃഷ്ണ, ബണ്ണി തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. കേരളത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് അല്ലുവും മുമ്പ് സംസാരിച്ചിട്ടുണ്ട്.

അല്ലു സിനിമകളുടെ ട്രെൻഡ് അധികകാലം കേരളത്തിൽ നില നിന്നില്ല. പോകപ്പോകെ അല്ലു അർജുൻ സിനിമകൾ സ്റ്റീരിയോടൈപ് ചെയ്യപ്പെട്ടു. ഇതിൽ മാറ്റം വന്നത് പുഷ്പ എന്ന സിനിമയുടെ വിജയത്തോടെയാണ്. നടൻ ഇതുവരെ ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമായ സിനിമ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 

അല്ലുവിനെ സംബന്ധിച്ച് കരിയറിൽ വലിയൊരു ബ്രേക്കാണ് പുഷ്പ നൽകിയത്. കരിയറിനൊപ്പം തന്റെ കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അല്ലു അർജുൻ. സ്നേഹ റെഡ്ഡിയെന്നാണ് നടന്റെ ഭാര്യയുടെ പേര്. ഇരുവർക്കും അല്ലു അർഹ എന്ന മകളും അല്ലു അയാൻ എന്ന മകനും പിറന്നു.

കഴിഞ്ഞ ദിവസം അല്ലു അർജുൻ ഒരു ഷോയിൽ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിലെ ചർച്ച. തന്റെ ആദ്യ കാമുകിയെക്കുറിച്ചാണ് അല്ലു സംസാരിച്ചത്. ഇന്ത്യൻ ഐഡിയോൾ സീസൺ 2 എന്ന ഷോയിൽ അതിഥിയായെത്തിയതായിരുന്നു അല്ലു. ശ്രുതി എന്ന പെൺകുട്ടി ഷോയിൽ അല്ലുവിന്റെ സിനിമയിലെ ഒരു ​ഗാനം പാടി. ഈ ​ഗാനം ഇഷ്ടപ്പെട്ട അല്ലു തന്റെ ഒപ്പ് വെച്ച ഒരു ബാഡ്ജ് ഈ പെൺകുട്ടിക്ക് സമ്മാനമായി നൽകി. 

ശ്രുതി എന്ന പേര് തനിക്കിഷ്ടമാണെന്നും കാരണം തന്റെ ആദ്യ കാമുകിയുടെ പേര് ശ്രുതി എന്നാണെന്നും അല്ലു പറഞ്ഞു. ഈ പരാമർശമാണ് ആരാധകർ ഏറ്റുപിടിച്ചിരിക്കുന്നത്. സ്നേഹയ്ക്ക് മുമ്പ് അല്ലു സ്നേഹിച്ച ശ്രുതിയാരെന്ന ചോദ്യമുയർന്നു. പന്ത്രണ്ട് വർഷമായി കുടുംബ ജീവിതം നയിക്കുകയാണ് അല്ലുവും ഭാര്യ സ്നേഹയും. സുഹൃത്തിന്റെ കല്യാണത്തിന് അതിഥിയായെത്തിയപ്പോഴാണ് ഇവർ പരിചയപ്പെടുന്നത്. യുഎസിൽ വെച്ചായിരുന്നു ഈ കണ്ടുമുട്ടൽ. 

ആദ്യ കാഴ്ചയിൽ തന്നെ സ്നേഹയെ അല്ലുവിന് ഇഷ്ടമായി. കല്യാണത്തിൽ പങ്കെടുത്ത് ഇരുവരും പിരിഞ്ഞു. പിന്നീട് സോഷ്യൽ മീഡിയ വഴി അല്ലു പരിചയം പുതുക്കി. ഈ പരിചയം പിന്നീട് സൗഹൃദവും പ്രണയവുമായി. പ്രണയം പുറത്തറിയിക്കാതിരിക്കാൻ അല്ലു ശ്രദ്ധിച്ചു. പിന്നീട് വീട്ടുകാരോട് വിവാഹത്തിന് സമ്മതം തേടി. നടന്റെ പിതാവ് അല്ലു അരവിന്ദ് ആദ്യം ഈ ബന്ധത്തിൽ താൽപര്യം പ്രകടിപ്പിച്ചില്ല. സ്നേഹയുടെ വീട്ടുകാരും എതിർത്തു. എന്നാൽ പിന്നീട് ഇരുകൂട്ടരും സമ്മതം പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/118181/the-words-spoken-by-allu-arjun-in-a-show-the-other-day-are-getting-attention-now)