മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മീന. കഴിഞ്ഞ വർഷമാണ് മീനയുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. ഭർത്താവ് വിദ്യാസാഗറിന്റെ മരണം നടിയെ പിടിച്ചുലച്ചു, ഏക മകളും മീനയും തകർന്ന് പോയെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ മീന പഴയ സന്തോഷത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്വെർ എഞ്ചിനീയറായിരുന്നു മീനയുടെ ഭർത്താവ്.
അടുത്തിടെയാണ് മീന സിനിമാ ലോകത്ത് നാൽപത് വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷം നടന്നത്. രജിനികാന്ത്, ഖുശ്ബു, ശരത്കുമാർ, സ്നേഹ, പ്രസന്ന ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. മീനയ്ക്കൊപ്പം പ്രവർത്തിച്ചതിന്റെ ഓർമ്മകളും സൗഹൃദങ്ങളും ഇവരെല്ലാം പരിപാടിയിൽ പങ്കുവെച്ചു. പരിപാടിയിൽ വെച്ച് മീനയും നടിയുടെ അമ്മ രാജ് മല്ലികയും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ മകളെക്കുറിച്ച് എന്ത് പറയണം എന്നറിയില്ല. മകളെ കഷ്ടപ്പെട്ടാണ് വളർത്തിയത്. മകൾക്ക് നല്ല ഗുണങ്ങളാണ് ഞാൻ പറഞ്ഞുകൊടുത്തത്. ഇതുപോലൊരു കുട്ടി എനിക്ക് ലഭിച്ചത് കഴിഞ്ഞ ജൻമത്തിലെ പുണ്യമായി കരുതുന്നെന്ന് അമ്മ രാജ് മല്ലിക പറഞ്ഞു. വേദിയിലെത്തിയ മീനയും തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചു.
അമ്മയുള്ളത് കൊണ്ട് മാത്രമാണ് തനിക്കിവിടം വരെ എത്താൻ സാധിച്ചത്. മറ്റൊരു പ്രശ്നവും എന്നെ ബാധിക്കാതിരിക്കാൻ അമ്മ ശ്രദ്ധിച്ചു. അമ്മയുടെ ജീവിതം എനിക്ക് വേണ്ടി മാറ്റി വെച്ചത് കൊണ്ടാണ് എനിക്ക് എന്റെ ജീവിതം സിനിമയ്ക്ക് നൽകാനായതെന്ന് മീന പറഞ്ഞു.
'ഇതിവിടെ പറയണമോ എന്ന് ആലോചിക്കുകയായിരുന്നു. ഞാനിന്ന് രണ്ട് പേരെ ഇവിടെ മിസ് ചെയ്യുന്നുണ്ട്. എന്റെ പിതാവിനെയും ഭർത്താവിനെയും. അവർ ഇവിടെയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഉണ്ടായിരുന്നെങ്കിൽ മുൻനിരയിൽ ഇരുന്ന് അഭിമാനത്തോടെ ഇതെല്ലാം കണ്ടേനെ. പക്ഷെ എനിക്കറിയാം അവരുടെ അനുഗ്രഹം ഉണ്ടെന്ന്' .

'ഭർത്താവ് എന്റെ ജീവിതത്തിൽ വന്ന ശേഷം പല കാര്യങ്ങൾ ഞാൻ പഠിച്ചു. എപ്പോഴും അമ്മയെ ആശ്രയിക്കരുത്. ധൈര്യമായിരിക്കണം. ഒറ്റയ്ക്ക് ഷൂട്ടിംഗിന് പോവണം. ഹൈദരാബാദിൽ എത്ര തവണ പോയതാണ്. വീണ്ടും അവിടെ പോവാൻ എന്താണിത്ര ഭയം.
ചെറിയ പ്രായം മുതൽ ഷൂട്ടിംഗിന് പോവുന്നതല്ലേ എന്നൊക്കെ പറഞ്ഞ് എന്നെ ധൈര്യവതിയാക്കി. അദ്ദേഹം വന്ന ശേഷമാണ് പുറംലോകം എന്താണെന്ന് ഞാൻ മനസ്സിലാക്കുന്നത്. അതുവരെയും സിനിമാ ലോകവും അമ്മയും മാത്രമായിരുന്നു'
'അദ്ദേഹം ജീവിതത്തിൽ വന്ന ശേഷമാണ് ജീവിതത്തെക്കുറിച്ചുള്ള ചിന്താഗതി മാറിയത്. നോ പറയാൻ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ് നോ പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു,' മീന പറഞ്ഞു. മീനയുടെ അടുത്ത സുഹൃത്തായ കൊറിയോഗ്രാഫർ കലാ മാസ്റ്ററാണ് ഇത്തരമൊരു ചടങ്ങ് മുന്നിൽ നിന്ന് സംഘടിപ്പിച്ചത്. മീനയുടെ ഭർത്താവിനെക്കുറിച്ച് കലാ മാസ്റ്ററും സംസാരിച്ചു. സാഗറിന് മീനയെന്നാൽ അത്രയും ഇഷ്ടമായിരുന്നു. സാഗർ തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും കലാ മാസ്റ്റർ പറഞ്ഞു.
Content Highlight: Missing Sagar, I have learned many things since my husband came into my life; Meena's words


































