---
title: "ജീവിതത്തിലെ സമ്പാദ്യത്തിന്റെ 70 ശതമാനവും നഷ്ടപ്പെട്ടു; വെളിപ്പെടുത്തി സെയ്ഫ് അലി ഖാന്‍  "
english_title: "70% of life savings lost; Revealed by Saif Ali Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11734/70-of-life-savings-lost-revealed-by-saif-ali-khan"
published_at: "2021-11-20T09:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61986c71c9374_.jpg"
keywords: []
---

# ജീവിതത്തിലെ സമ്പാദ്യത്തിന്റെ 70 ശതമാനവും നഷ്ടപ്പെട്ടു; വെളിപ്പെടുത്തി സെയ്ഫ് അലി ഖാന്‍  

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. വര്‍ഷങ്ങളായി തന്റെ ആരാധകരെ രസിപ്പിച്ചു കൊണ്ട് യാത്ര തുടരുകയാണ് സെയ്ഫ് അലി ഖാന്‍. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും ചെയ്താണ് സെയ്ഫ് അലി ഖാന്‍ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്നത്. ടഷന്‍, ഹം തും, ഓംകാര, കുര്‍ബാന്‍, ദില്‍ ചാഹ്താ ഹേ തുടങ്ങി നിരവധി സിനിമകളിലൂടെ ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട് സെയ്ഫ് അലി ഖാന്‍. ബോളിവുഡിലെ തന്നെ ഏറ്റവും സമ്പന്നനായ താരവുമാണ് സെയ്ഫ് അലി ഖാന്‍. 

## Article Content

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. വര്‍ഷങ്ങളായി തന്റെ ആരാധകരെ രസിപ്പിച്ചു കൊണ്ട് യാത്ര തുടരുകയാണ് സെയ്ഫ് അലി ഖാന്‍. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും ചെയ്താണ് സെയ്ഫ് അലി ഖാന്‍ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്നത്. ടഷന്‍, ഹം തും, ഓംകാര, കുര്‍ബാന്‍, ദില്‍ ചാഹ്താ ഹേ തുടങ്ങി നിരവധി സിനിമകളിലൂടെ ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട് സെയ്ഫ് അലി ഖാന്‍. ബോളിവുഡിലെ തന്നെ ഏറ്റവും സമ്പന്നനായ താരവുമാണ് സെയ്ഫ് അലി ഖാന്‍. 

ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് സെയ്ഫ് അലി ഖാനും റാണി മുഖര്‍ജിയും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ്. ബണ്ടി ഓര്‍ ബബ്ലി 2വെന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും വീണ്ടും ഒരുമിച്ചത്. റാണി മുഖര്‍ജിയും അഭിഷേക് ബച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

രണ്ടാം ഭാഗത്തില്‍ അഭിഷേകിന് പകരം സെയ്ഫ് നായകനായി മാറുകയായിരുന്നു. സെയ്ഫിനും റാണിയ്ക്കും പുറമെ സിദ്ധാന്ത് ചതുര്‍വേദിയും ഷര്‍വാരി വാഗുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ തങ്ങളുടെ ജീവിതത്തിലെ പലര്‍ക്കും അറിയാതിരുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് സെയ്ഫും റാണിയും. ഇരുവരും ഒരുമിച്ചെത്തിയ, സൂപ്പര്‍ഹിറ്റായി മാറിയ ഹം തും എന്ന ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ചുളള സെയ്ഫിന്റേയും റാണിയുടെ വാക്കുകള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ചുംബന രംഗം ചെയ്യാന്‍ താന്‍ മാനസികമായി തയ്യാറായിരുന്നില്ലെന്നും അതിനാല്‍ സെയ്ഫിനോട് തന്നോടൊപ്പം ചുംബന രംഗം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറയാന്‍ പറഞ്ഞുവെന്നായിരുന്നു റാണിയുടെ വെളിപ്പെടുത്തല്‍. അതേസമയം തനിക്ക് രക്തം കൊണ്ട് കത്തെഴുതിയ ആരാധികയെക്കുറിച്ചും സെയ്ഫ് തുറന്നു പറഞ്ഞിരുന്നു. 

ചിത്രത്തില്‍ സെയ്ഫും റാണിയും എത്തുന്നത് തട്ടിപ്പുകാരായിട്ടാണ്. ആളുകളെ പറ്റിച്ച് പണമുണ്ടാക്കുന്നവരാണ് ഇവരുടെ കഥാപാത്രങ്ങള്‍.

സിനിമയിലേത് പോലെ തന്നേയും ജീവിതത്തില്‍ ഒരാള്‍ പറ്റിച്ചിട്ടുണ്ടെന്നും സെയ്ഫ് വെളിപ്പെടുത്തുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഒരു വസ്തുവില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെക്കുറിച്ചായിരുന്നു താരം തുറന്നു പറഞ്ഞത്. തന്റെ സമ്പാദ്യത്തിന്റെ എഴുപത് ശതമാനമാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും സെയ്ഫ് പറയുന്നു.

മൂന്ന് വര്‍ഷത്തിനകം കിട്ടുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ നാളിതുവരെ തനിക്ക് ആ വസ്തു ലഭിച്ചിട്ടില്ലെന്നും സമ്പാദ്യത്തിന്റെ ഏഴുപത് ശതമാനം നഷ്ടം വന്നുവെന്നും താരം പറയുന്നു. 

പിന്നാലെ ഒരു ആരാധികയുടെ ഭാഗത്തു നിന്നുമുണ്ടായ വിചിത്രമായ പ്രവര്‍ത്തിയെക്കുറിച്ചും സെയ്ഫ് തുറന്നു പറയുന്നുണ്ട്. ഒരു ദിവസം തീര്‍ത്തും അപ്രതീക്ഷിതമായി ഒരു ആരാധിക തന്റെ വീട്ടിലേക്ക് കയറി വരികയായിരുന്നു. ഓ നീ ഇവിടെയാണല്ലേ ജീവിക്കുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്.

നല്ല വേഷം ധരിച്ച്, ആത്മവിശ്വാസത്തോടെയായിരുന്നു അവര്‍ കടന്നു വന്നത്. അതിനാല്‍ ആരും അവരെ തടഞ്ഞില്ലെന്നും താരം പറയുന്നു. താനും കരീനയും ഉള്ളപ്പോഴായിരുന്നു സംഭവമെന്നും അവരെ കണ്ടതും തങ്ങള്‍ രണ്ടു പേരും അമ്പരന്നു പോയെന്നും സെയ്ഫ് പറയുന്നു. ഒടുവില്‍ നിങ്ങള്‍ ആരാണ്, ഇവിടേക്ക് ഇങ്ങനെ വരാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ തിരിഞ്ഞു പോയെന്നും സെയ്ഫ് പറയുന്നു. 

അതേസമയം സെയ്ഫ് അലി ഖാന്‍ തെലുങ്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. പ്രഭാസ് ചിത്രം ആദിപുരുഷിലെ വില്ലന്‍ വേഷത്തിലൂടെയാണ് സെയ്ഫിന്റെ തെലുങ്ക് എന്‍ട്രി. ഭൂത് പോലീസായിരുന്നു സെയ്ഫിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

അര്‍ജുന്‍ കൂപറും യാമി ഗൗതവും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

പിന്നാലെ ഇന്ന് ബണ്ടി ഓര്‍ ബബ്ലിയും റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യ ദിവസം ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/11734/70-of-life-savings-lost-revealed-by-saif-ali-khan)