---
title: "'കിയ ഇവി-6' പിറന്നാൾ ദിനത്തിൽ മോഹൻലാലിനെ ഞെട്ടിച്ചുകൊണ്ട് സുഹൃത്തിന്റെ സർപ്രൈസ് ഗിഫ്റ്റ്"
english_title: "A friend's surprise gift to Mohanlal on his birthday."
publisher: "moviemax.in"
canonical_url: "https://moviemax.in/news/116424/a-friends-surprise-gift-to-mohanlal-on-his-birthday"
published_at: "2023-05-22T16:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b4e102cb33_mohanlal.jpg"
keywords: []
---

# 'കിയ ഇവി-6' പിറന്നാൾ ദിനത്തിൽ മോഹൻലാലിനെ ഞെട്ടിച്ചുകൊണ്ട് സുഹൃത്തിന്റെ സർപ്രൈസ് ഗിഫ്റ്റ്

> **Lead Summary:** പിറന്നാൾ ദിനത്തിൽ മോഹൻലാലിനെ ഞെട്ടിച്ചുകൊണ്ട് സുഹൃത്തിന്റെ സർപ്രൈസ് ഗിഫ്റ്റ്. കിയ മോട്ടോഴ്‌സിന്റെ ആഡംബര ഇലക്ട്രിക് വാഹനമായ ഇ.വി.6 ആണ് സുഹൃത്തും ഹെഡ്ജ് ഇക്വുറ്റീസിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ അലക്സ് കെ. ബാബു താരത്തിന് സമ്മാനിച്ചത്.

## Article Content

പിറന്നാൾ ദിനത്തിൽ മോഹൻലാലിനെ ഞെട്ടിച്ചുകൊണ്ട് സുഹൃത്തിന്റെ സർപ്രൈസ് ഗിഫ്റ്റ്. കിയ മോട്ടോഴ്‌സിന്റെ ആഡംബര ഇലക്ട്രിക് വാഹനമായ ഇ.വി.6 ആണ് സുഹൃത്തും ഹെഡ്ജ് ഇക്വുറ്റീസിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ അലക്സ് കെ. ബാബു താരത്തിന് സമ്മാനിച്ചത്.

കഴിഞ്ഞ ദിവസം ചെന്നൈയിലെ വീട്ടിൽ വച്ച് ഭാര്യ സുചിത്രയുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് അലക്സ് മോഹൻലാലിന് ഇവി 6 സമ്മാനിച്ചത്.

ലംബോർഗിനി ഉറസ്, റേഞ്ച് റോവര്‍,ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് GL350,ടൊയോട്ട വെൽഫയർ തുടങ്ങി നിരവധി ആഡംബര കാറുകളുടെ ശേഖരം മോഹൻലാലിനുണ്ട്. എന്നാൽ ഇവി 6 എത്തുന്നതോടെ താരത്തിന്റെ ഗ്യാരേജിലെ ഇലക്ട്രിക് വാഹനത്തിന്റെ അഭാവം പരിഹരിക്കപ്പെടും.

2022ലാണ് ആഡംബര ക്രോസ് ഓവര്‍ ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കിയ മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക് മോഡലായ ഇവി 6 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവ്, ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഉള്ളത്. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവിന് 60.95 ലക്ഷം രൂപയും ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവിന് 65.95 ലക്ഷം രൂപയുമാണ് വില.

റിയര്‍ വീല്‍ ഡ്രൈവ് പതിപ്പ് 528 കിലോമീറ്റര്‍ റേഞ്ചും ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ 425 കിലോമീറ്റര്‍ റേഞ്ചും ഉറപ്പു നൽകുന്നു. രണ്ട് മോഡലിലും 77.4 kWh ബാറ്ററി പാക്ക് നൽകിയിട്ടുണ്ട്.

350 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റില്‍ 10 – 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കൂടാതെ 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കിൽ 73 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാർജ് നിറയുമെന്നും കിയ മോട്ടോഴ്സ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/116424/a-friends-surprise-gift-to-mohanlal-on-his-birthday)