---
title: "വീണ്ടും വിവാദമായി ഉര്‍ഫിയുടെ വസ്ത്രം; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുകളും ചര്‍ച്ചയാകുന്നു"
english_title: "Urfi's dress is controversial again; Painful revelations are also discussed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115238/urfis-dress-is-controversial-again-painful-revelations-are-also-discussed"
published_at: "2023-05-16T22:14:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463b312703f1_viral.jpg"
keywords: []
---

# വീണ്ടും വിവാദമായി ഉര്‍ഫിയുടെ വസ്ത്രം; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുകളും ചര്‍ച്ചയാകുന്നു

> **Lead Summary:** ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തയായ ടെലിവിഷൻ താരം ഉര്‍ഫി ജാവേദ് വീണ്ടും വസ്ത്രധാരണത്തിന്‍റെ പേരില്‍ വിവാദത്തില്‍. നഗ്നശരീരം എന്ന പോലെ തോന്നിപ്പിക്കുന്ന ഗൗണ്‍ അണി‍ഞ്ഞ് മുംബൈയില്‍ ഒരു ഫാഷൻ ഷോയ്ക്ക് എത്തിയതായിരുന്നു ഉര്‍ഫി. എന്നാല്‍ ഇതിനിടെ പലരും പകര്‍ത്തിയ ഇവരുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയായിരുന്നു.

## Article Content

ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തയായ ടെലിവിഷൻ താരം ഉര്‍ഫി ജാവേദ് വീണ്ടും വസ്ത്രധാരണത്തിന്‍റെ പേരില്‍ വിവാദത്തില്‍. നഗ്നശരീരം എന്ന പോലെ തോന്നിപ്പിക്കുന്ന ഗൗണ്‍ അണി‍ഞ്ഞ് മുംബൈയില്‍ ഒരു ഫാഷൻ ഷോയ്ക്ക് എത്തിയതായിരുന്നു ഉര്‍ഫി. എന്നാല്‍ ഇതിനിടെ പലരും പകര്‍ത്തിയ ഇവരുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയായിരുന്നു.

അതേസമയം രിഹാനയും, റോസ് മെക് ഗൗണും, മേഗൻ ഫോക്സും അടക്കം പല സെലിബ്രിറ്റികളും നേരത്തേ തന്നെ പലവട്ടം ഇത്തരത്തിലുള്ള ഗൗണുകളില്‍ ശ്രദ്ധേയരായിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെയൊന്നും വരാത്ത വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉര്‍ഫി നേരിടുന്നത്.

നേരത്തെ തന്നെ വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളുടെ പേരില്‍ ഉര്‍ഫി വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ഭീഷണി വരെ നേരിടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഒരു അഭിമുഖത്തില്‍ ഉര്‍ഫി പങ്കുവച്ച തന്‍റെ അനുഭവകഥകളും ഇപ്പോള്‍ ഏറെ ശ്രദ്ധേയമാവുകയാണ്.

വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായ അമ്മ അഞ്ച് മക്കളെ വളര്‍ത്തിക്കൊണ്ട് വരാൻ പ്രയാസപ്പെട്ടതിനെ കുറിച്ചും ചെറുപ്പത്തില്‍ അച്ഛൻ മര്‍ദ്ദിച്ചതിനെ കുറിച്ചുമെല്ലാം ഉര്‍ഫി വേദനയോടെയാണ് വീഡിയോ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്. 'അദ്ദേഹം വളരെ യാഥാസ്ഥിതികനായ ഒരാളായിരുന്നു. എന്നെ ബോധം കെടുന്നത് വരെയൊക്കെ അടിച്ചിട്ടുണ്ട്.

ഞാൻ അദ്ദേഹവുമായി അടുപ്പത്തിലേ ആയിരുന്നില്ല. മക്കളെ മര്‍ദ്ദിക്കുന്ന മാതാപിതാക്കള്‍, പ്രത്യേകിച്ച് അല്‍പം മുതിര്‍ന്ന മക്കളെ മര്‍ദ്ദിക്കുന്ന മാതാപിതാക്കള്‍ മനസിലാക്കേണ്ടത് ആ മര്‍ദ്ദനം മക്കളില്‍ അവരെ കുറിച്ച് മോശം കാഴ്ചപ്പാടുണ്ടാക്കാനേ ഉപകരിക്കൂ എന്നതാണ്...'- ഉര്‍ഫി പറയുന്നു.

പൊതുസമൂഹം തന്നെ കുറിച്ച് പറയുന്ന കാര്യങ്ങളെല്ലാം തനിക്ക് അറിയാമെന്നും എന്നാല്‍ താൻ അത്ര മോശപ്പെട്ട വ്യക്തി ആണോയെന്നും ഇവര്‍ ചോദിക്കുന്നു. 'ചിലപ്പോള്‍ അവര്‍ പറയുന്നതായിരിക്കും ശരി. ഞാൻ നല്ലൊരു സ്ത്രീ ആയിരിക്കില്ല. ഞാൻ സമൂഹത്തിനൊരു കറ ആയിരിക്കും. യുവതലമുറയ്ക്ക് മോശം മാതൃകയായിരിക്കും ഞാൻ.

അല്ലെങ്കില്‍ ട്രോളന്മാര്‍ പറയുന്നത് അനുസരിച്ച് ഞാനൊരു വേശ്യ ആയിരിക്കാം. എനിക്കിനി ഇതില്‍ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ല. ഞാൻ എങ്ങോട്ട് പോയാലും എന്‍റെ ഭൂതകാലം എന്നോടൊപ്പം ഉണ്ടാകുമല്ലോ. പക്ഷേ ഞാൻ അത്ര മോശപ്പെട്ടൊരു വ്യക്തിയാണോ? ഒരുപക്ഷേ എന്നെ ആരും സ്വീകരിക്കുമായിരിക്കില്ല.

കുടുംബങ്ങളാരും എന്നെ അംഗീകരിക്കില്ലായിരിക്കും...'- വൈകാരികമായി ഉര്‍ഫി പറയുന്നു. യൂട്യൂബര്‍ രണ്‍വീര്‍ അലാബാദിയ ആണ് ഉര്‍ഫിയുമായി വിശദമായ വീഡിയോ അഭിമുഖം നടത്തിയിരിക്കുന്നത്. ധാരാളം പേര്‍ ഉര്‍ഫിയുടെ അഭിമുഖം കണ്ട് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം ഫാഷൻ മേഖലയിലെ പ്രമുഖര്‍ പലരും ഉര്‍ഫിയുടെ പരീക്ഷണങ്ങള്‍ക്ക് കയ്യടിക്കാറുണ്ട്. ഉര്‍ഫിക്ക് പുതുമയുള്ള ഫാഷൻ സെൻസുണ്ടെന്നും, അത് പരീക്ഷിക്കാനുള്ള മിടുക്കുണ്ടെന്നുമാണ് ഫാഷൻ പ്രേമികളായ ഒരു വിഭാഗം പേരും അഭിപ്രായപ്പെടാറ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115238/urfis-dress-is-controversial-again-painful-revelations-are-also-discussed)