---
title: "ട്രാഫിക്കില്‍ കുടുങ്ങി ബച്ചൻ; രക്ഷയ്ക്ക് എത്തിയത് അജ്ഞാതനായ ബൈക്കര്‍, ചിത്രം "
english_title: "A photo shared by Bollywood star Amitabh Bachchan on Instagram has gone viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/114928/a-photo-shared-by-bollywood-star-amitabh-bachchan-on-instagram-has-gone-viral"
published_at: "2023-05-15T16:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64620bff04699_amithabachan.jpg"
keywords: []
---

# ട്രാഫിക്കില്‍ കുടുങ്ങി ബച്ചൻ; രക്ഷയ്ക്ക് എത്തിയത് അജ്ഞാതനായ ബൈക്കര്‍, ചിത്രം 

> **Lead Summary:** ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോ വൈറലായിരിക്കുകയാണ്. മുംബൈയിലെ ട്രാഫിക്കില്‍ കുടുങ്ങി ഷൂട്ടിംഗിന് എത്താന്‍ വൈകിയ സമയത്ത് ഒരു ബൈക്കര്‍ തുണയായി എന്നാണ് ഈ ഫോട്ടോ പങ്കുവെച്ച് ബിഗ് ബി പറഞ്ഞത്.

## Article Content

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോ വൈറലായിരിക്കുകയാണ്. മുംബൈയിലെ ട്രാഫിക്കില്‍ കുടുങ്ങി ഷൂട്ടിംഗിന് എത്താന്‍ വൈകിയ സമയത്ത് ഒരു ബൈക്കര്‍ തുണയായി എന്നാണ് ഈ ഫോട്ടോ പങ്കുവെച്ച് ബിഗ് ബി പറഞ്ഞത്.

എന്‍ഫില്‍ഡ് ഹിമാലയന്‍ ബൈക്ക് ഒടിക്കുന്ന മഞ്ഞ ടീഷര്‍ട്ടും തൊപ്പിയും ഇട്ട ഒരാള്‍ക്കൊപ്പം ബൈക്കിന് പിന്നിലിരിക്കുന്ന ചിത്രമാണ് അമിതാഭ് പങ്കുവെച്ചത്. ഈ റൈഡിന് നന്ദിയുണ്ട് സുഹൃത്തെ. നിങ്ങളെ എനിക്കറിയില്ല. പക്ഷെ നിങ്ങള്‍ കൃത്യമായി എന്നെ ജോലിക്കായി കുരുക്കഴിയാത്ത ട്രാഫിക്ക് ജാം ഒഴിവാക്കി വേഗത്തില്‍ തന്നെ ലൊക്കേഷനില്‍ എത്തിച്ചു. മഞ്ഞ ടീഷര്‍ട്ടും, തോപ്പിയും ഇട്ട സുഹൃത്തെ നിങ്ങള്‍ക്ക് നന്ദി.

അമിതാഭ് ആരാധകര്‍ വളരെ രസകരമായി തന്നെയാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. പലരും തിരക്കുള്ള റോട്ടില്‍ ലിഫ്റ്റ് എടുത്താണെങ്കിലും ജോലിക്ക് എത്തുന്ന അമിതാഭിന്‍റെ കൃത്യനിഷ്ഠയെ പുകഴ്ത്തി. ഈ പ്രായത്തില്‍ അപൂര്‍വ്വമാണ് ഇത്തരം ഡെഡിക്കേഷന്‍ എന്നാണ് പലരും പറഞ്ഞത്.

എന്നാല്‍ എല്ലാ കമന്‍റുകളും അങ്ങനെ സീനിയര്‍ ബച്ചനെ പുകഴ്ത്തുന്നത് ആയിരുന്നില്ല. ബച്ചന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ തന്നെ വലിയ പ്രശ്നം ഉണ്ടായിരുന്നു. അതില്‍ ഒന്നാമത്തെ കാര്യം ബൈക്ക് ഓടിക്കുന്നയാള്‍ക്കും, പിന്നില്‍ ഇരിക്കുന്ന ബച്ചനും ഹെല്‍മറ്റ് ഇല്ലെന്നതാണ്. പലരും ഇത് വലിയൊരു കാര്യമായി തന്നെ പോസ്റ്റില്‍ ഉയര്‍ത്തുന്നുണ്ട്.

[**https://www.instagram.com/amitabhbachchan/?utm_source=ig_embed&ig_rid=e992cd4a-9a3b-4f87-8d51-9bee7758bd9d**](https://www.instagram.com/amitabhbachchan/?utm_source=ig_embed&ig_rid=e992cd4a-9a3b-4f87-8d51-9bee7758bd9d)

എല്ലാവര്‍ക്കും മാതൃകയാകേണ്ട ഒരു വലിയ സിനിമ താരം ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് പലരും ഉയര്ത്തുന്നത്. എന്തായാലും പെട്ടെന്നുള്ള യാത്രയല്ലെ പ്രതീക്ഷിച്ചു കാണില്ല. പെട്ടെന്ന് ഹെല്‍മറ്റ് കിട്ടിയില്ലെന്നാണ് ആരാധകര്‍ ചിലര്‍ മറുപടി പറയുന്നത്. എന്നാല്‍ അത്തരം മാതൃകപരമല്ലാത്ത ചിത്രം ബച്ചന്‍ പോസ്റ്റ് ചെയ്യുന്നത് എന്തിന് എന്ന മറുചോദ്യവുമായി ചിത്രത്തിന് അടിയിലെ ചര്‍ച്ച സജീവമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114928/a-photo-shared-by-bollywood-star-amitabh-bachchan-on-instagram-has-gone-viral)