---
title: "'അമിതാഭ് ബച്ചൻ'...; അല്ലെന്നേ, ഒന്നുകൂടൊന്ന് സൂക്ഷിച്ച് നോക്കിക്കേ, വീഡിയോ വൈറലാകുന്നു "
english_title: "A video that appears to be Amitabh Bachchan is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113696/a-video-that-appears-to-be-amitabh-bachchan-is-now-going-viral"
published_at: "2023-05-09T22:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a77d6b0f62_bachan.jpg"
keywords: []
---

# 'അമിതാഭ് ബച്ചൻ'...; അല്ലെന്നേ, ഒന്നുകൂടൊന്ന് സൂക്ഷിച്ച് നോക്കിക്കേ, വീഡിയോ വൈറലാകുന്നു 

> **Lead Summary:** സെലിബ്രിറ്റികളുടെ, പ്രത്യേകിച്ച് സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ലുക്ക് അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം അത്രയും സുപരിചിതമായിരിക്കും. മുടിയുടെ സ്റ്റൈലോ, ഡ്രസിംഗ് രീതിയോ, നടത്തമോ എല്ലാം ഇത്തരത്തില്‍ ഓരോരുത്തരുടേതും വളരെ വ്യത്യസ്തമാണല്ലോ.

## Article Content

സെലിബ്രിറ്റികളുടെ, പ്രത്യേകിച്ച് സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ലുക്ക് അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം അത്രയും സുപരിചിതമായിരിക്കും. മുടിയുടെ സ്റ്റൈലോ, ഡ്രസിംഗ് രീതിയോ, നടത്തമോ എല്ലാം ഇത്തരത്തില്‍ ഓരോരുത്തരുടേതും വളരെ വ്യത്യസ്തമാണല്ലോ.

ബോളിവുഡ് സൂപ്പര്‍ താരമായ അമിതാഭ് ബച്ചനെ കുറിച്ച് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ ലുക്ക് ഇതുപോലെ നമ്മുടെ മനസില്‍ വരാറുണ്ട്, അല്ലേ? വിന്‍റേജ് ലുക്കിലുള്ള ബച്ചനെക്കാളും ഇപ്പോള്‍ വയസായതിന് ശേഷമുള്ള ലുക്കാണ് അധികപേരുടെ മനസിലേക്കും ഓടിയെത്താൻ സാധ്യത.

ഇരുവശത്തേക്കുമായി വകഞ്ഞുവച്ചിരിക്കുന്ന നര കയറിയ നീളൻ മുടി, ബുള്‍ഗാൻ താടി, കണ്ണട, വിരിഞ്ഞുനില്‍ക്കുന്ന ശരീരം- ഇങ്ങനെ ബച്ചനെ അടയാളപ്പെടുത്തുന്ന ഘടകങ്ങള്‍ പലതുമുണ്ട്. ഇതെല്ലാം മനസില്‍ വച്ച് താഴെക്കാണുന്ന വീഡിയോ ഒന്ന് കണ്ടുനോക്കൂ...

ഈ വീഡിയോ കണ്ടാല്‍ ആരും പെട്ടെന്ന് അമിതാഭ് ബച്ചൻ അല്‍പമൊന്ന് ചെറുപ്പമായി എന്നേ ചിന്തിക്കാൻ സാധ്യതയുള്ളൂ. അത്രയും സൂക്ഷ്മതയോടെ നോക്കിയാല്‍ മാത്രം പക്ഷേ സത്യം പുറത്താകും. ഇതാണ് അമിതാഭ് ബച്ചന്‍റെ, അറിയപ്പെടുന്ന അപരൻ ശശികാന്ത് പെഡ്‍വാള്‍. മിക്കവരും ഇത് ബച്ചനല്ല ഡ്യൂപാണെന്ന് കേള്‍ക്കുമ്പോള്‍ മാത്രമാണ് ഇക്കാര്യം തിരിച്ചറിയുക. ശശികാന്തിന്‍റെ വീഡിയോകളോ ചിത്രങ്ങളോ വൈറലായിട്ടും, അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിട്ടും ഒരുപാട് വര്‍ഷങ്ങളായി.

[**https://www.instagram.com/reel/CrxABHgI5gM/?utm_source=ig_embed&ig_rid=9bcec419-0ff0-4baa-bd6a-06c065d160a6**](https://www.instagram.com/reel/CrxABHgI5gM/?utm_source=ig_embed&ig_rid=9bcec419-0ff0-4baa-bd6a-06c065d160a6)

ബച്ചനുമായുള്ള അത്ഭുതകരമായ സാദൃശ്യം നേരത്തെ തന്നെ പ്രൊഫസറായ ശശികാന്തിന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. എഴുപതുകളില്‍ തന്നെ മിമിക്രിയിലൂടെ ശശികാന്ത് വേദികളില്‍ തിളങ്ങി. എല്ലായ്പോഴും ബച്ചന്‍റെ അപരനായി വേഷമിടുന്നതോടെയാണ് ശശികാന്തിന് കാണികളുടെ നിലയ്ക്കാത്ത കയ്യടി കിട്ടിയിട്ടുള്ളത്.

ആയിരത്തി ഇരുന്നൂറിലധികം വേദികളില്‍ ഇതിനോടകം തന്നെ ശശികാന്ത് ബച്ചന്‍റെ വേഷത്തിലെത്തിയിട്ടുണ്ട്. എവിടെയും മോശം അഭിപ്രായം ഉയര്‍ന്നുകേട്ടിട്ടില്ല. സോഷ്യല്‍ മീഡിയ കാലമായതോടെ ഇതിലും താരമായി ശശികാന്ത്. ഒരു മില്യണ്‍ ഫോളോവേഴ്സാണ് ശശികാന്തിന് ഇൻസ്റ്റഗ്രാമിലുള്ളത്.

ഇദ്ദേഹം തന്‍റെ ഫോട്ടോകളും വീഡിയോകളുമെല്ലാം ഇടയ്ക്കിടെ ഇൻസ്റ്റയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തില്‍ അഞ്ച് ദിവസം മുമ്പായി പങ്കുവച്ച വീഡിയോ ആണ് മുകളില്‍ പങ്കുവച്ചത്. ബച്ചനായി വേഷപ്പകര്‍ച്ച നടത്തുന്നതിന്‍റെ തയ്യാറെടുപ്പാണ് നാം ഈ വീഡിയോയില്‍ കാണുന്നത്. എന്തായാലും രസകരമായ ഈ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113696/a-video-that-appears-to-be-amitabh-bachchan-is-now-going-viral)