70 വർഷങ്ങൾക്ക് മുമ്പ് പ്രണയിച്ച് നഷ്ടപ്പെട്ട സ്ത്രീയെ കണ്ടെത്തിയിരിക്കുകയാണ് ഒരാൾ. അയോവയിൽ നിന്നുള്ള 22 -കാരനായ നാവികനായിരുന്നു ഡുവാൻ. 1953 -ലെ കൊറിയൻ യുദ്ധ സമയത്ത് ജപ്പാനിൽ നിയമിക്കപ്പെട്ടു അദ്ദേഹം. ടോക്കിയോയിൽ ആയിരിക്കുമ്പോഴാണ് ഡുവാൻ ആകസ്മികമായി പെഗ്ഗി യമാഗുച്ചി എന്ന ജാപ്പനീസ് യുവതിയുമായി പ്രണയത്തിലാവുന്നത്. അന്ന് വരെ താൻ കണ്ടുമുട്ടിയിരുന്നവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തയാണ് പെഗ്ഗി എന്ന് ഡുവാന് തോന്നി.
“അവൾ വളരെ സുന്ദരിയായ പെൺകുട്ടിയായിരുന്നു, വളരെ സെൻസിറ്റീവും കരുണയുള്ളവളുമായിരുന്നു” എന്ന് വാഷിംഗ്ടൺ പോസ്റ്റിനോട് ഡുവാൻ പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ പെട്ടെന്ന് തന്നെ ഗാഢമായി. പ്രദേശത്തെ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു. ഇരുവരും നൃത്തം ചെയ്യുന്നതൊക്കെ പലരും സ്നേഹത്തോടെ നോക്കിനിന്നു. എന്നാൽ, എല്ലാം മാറിമറിഞ്ഞത് പെട്ടെന്നാണ്. യുവാനെ യുഎസ്സിലേക്ക് തിരിച്ചു വിളിച്ചു.

ഡുവാൻ തിരികെ പോകുന്ന സമയത്ത് പെഗ്ഗി ഗർഭിണിയായിരുന്നു. പണം സമ്പാദിക്കുന്നുണ്ടായിരുന്നു ഡുവാൻ. അതുപയോഗിച്ച് പെഗ്ഗിയെ കൂട്ടിക്കൊണ്ട് പോകാം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത് പിതാവ് ആ പണം മുഴുവനും ചെലവഴിച്ച് കഴിഞ്ഞിരുന്നു. പിന്നാലെ ഡുവാൻ ഒരു ഹൈവേ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് ചേർന്നു സമ്പാദിച്ച് തുടങ്ങി. അപ്പോഴും ഇരുവരും മുടങ്ങാതെ കത്തുകളെഴുതുന്നുണ്ടായിരുന്നു. എന്നാൽ, ഒരു ദിവസം പെഗ്ഗിയുടെ കത്തുകൾ വരുന്നത് നിലച്ചു.
വളരെ വൈകിയാണ് തനിക്ക് തരാതെ ആ കത്തുകൾ തന്റെ അമ്മ നശിപ്പിച്ച് കളയുകയായിരുന്നു എന്ന് ഡുവാൻ അറിഞ്ഞത്. അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. കാലം കടന്നുപോയി ഡുവാൻ രണ്ട് തവണ വിവാഹം കഴിച്ചു. ആറ് കുട്ടികൾക്ക് അച്ഛനായി. എന്നാൽ, അപ്പോഴും പെഗ്ഗിയെ മറന്നിരുന്നില്ല.

എന്നാലിപ്പോൾ 70 വർഷങ്ങൾക്ക് ശേഷം ഡുവാൻ തന്റെ പെഗ്ഗിയെ കണ്ടെത്തി. ഫേസ്ബുക്കിൽ അപരിചിതരുടെ സഹായത്തോടെയാണ് ഡുവാൻ പെഗ്ഗിയെ കണ്ടെത്തിയത്. ഒരു പ്രാദേശിക വാർത്താചാനലാണ് അതിന് സഹായമായത്. ഹിസ്റ്ററി ചാനലിൽ പ്രവർത്തിക്കുന്ന തെരേസ വോങാണ് പെഗ്ഗിയെ തിരഞ്ഞത്. താമസിയാതെ അവളുടെ എല്ലാ വിശദാംശങ്ങളും അവർ ശേഖരിച്ചു.
പെഗ്ഗി കുടുംബത്തോടൊപ്പം മിഷിഗണിലായിരുന്നു ഉണ്ടായിരുന്നത്. വൈകാതെ ഡുവാൻ അവളെ കണ്ടുമുട്ടി. കണ്ണീരോടെ ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. ഡുവാൻ പോകുന്ന സമയത്ത് പെഗ്ഗി ഗർഭിണിയായിരുന്നല്ലോ? ആ കുഞ്ഞിനെ അവൾക്ക് പ്രസവത്തിന് മുമ്പ് തന്നെ നഷ്ടപ്പെട്ടിരുന്നു. എങ്കിലും അവളുടെ മൂത്ത കുഞ്ഞിന്റെ പേരിനൊപ്പം ഡുവാന്റെ പേര് കൂടി നൽകിയിരുന്നു. ഏതായാലും 70 വർഷത്തിന് ശേഷം പെഗ്ഗിയെ വീണ്ടും കാണാനായതോടെ അത്രയും കാലം നീണ്ടുനിന്ന ഡുവാന്റെ വ്യഥകൾക്കും കാത്തിരിപ്പിനും അവസാനമായി.
Content Highlight: 92-year-old man found his girlfriend who he lost in love 70 years ago..!

































