സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കാെണ്ടിരിക്കുകയാണ് നവ്യ നായർ. ഒരുത്തീ എന്ന സിനിമയുടെ വിജയത്തിന് ശേഷം ജാനകി ജാനേ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുമ്പിൽ എത്തുകയാണ് നവ്യ നായർ. അന്നും ഇന്നും നവ്യയുടെ അഭിമുഖങ്ങൾ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ നടിക്കെതിരെ ട്രോളുകളും വന്നിരുന്നു. ഒരു ചാനൽ ഷോയിൽ വെച്ച് ആന്തരികവായങ്ങൾ കഴുകുന്നതായി കേട്ടിട്ടുണ്ടെന്ന് നവ്യ പറഞ്ഞതായിരുന്നു ഇതിന് കാരണമായത്. എന്നാൽ ട്രോളുകളെയാെന്നും നവ്യ കാര്യമാക്കിയിട്ടില്ല.
തമാശയോടെയാണ് ഇതിനോട് നടി പ്രതികരിച്ചത്. ജാംഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ നടൻ ദിലീപിനെക്കുറിച്ച് നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'ആദ്യ സിനിമ ഇഷ്ടത്തിൽ അഭിനയിക്കുമ്പോൾ ദിലീപേട്ടന്റെ മുഖത്ത് നോക്കി ഐ ഡോണ്ട് വാണ്ട് ടു മിസ് യു എന്ന് പറയുന്ന ഡയലോഗുണ്ട്. എനിക്കാണെങ്കിൽ ശരിക്കും ഈ ഡയലോഗ് പറയുന്ന പോലെയൊക്കെ തോന്നും. അയ്യോ അങ്ങനെയൊന്നുമല്ലല്ലോയെന്ന്' 'അത് കഴിഞ്ഞ് ദിലീപേട്ടന് കവിളിൽ ഒരുമ്മ കൊടുക്കുന്ന സീനുണ്ട്. 12 ടേക്കുകൾ പോയി.

ഇവിടം വരെ വന്ന് അപ്പോൾ തന്നെ തിരിച്ച് പോവും. മുഖത്തൊക്കെ വേറെ എക്സ്പ്രഷൻ. സ്നേഹത്തോടെ വന്ന് ഉമ്മ കൊടുക്കുന്നതാണ് സീൻ. സ്നേഹമില്ലെന്ന് മാത്രമല്ല വെപ്രാളവും ടെൻഷനും,' നവ്യ പറഞ്ഞു. മലയാളത്തിൽ ദിലീപിനോടൊപ്പം ഒരുപിടി സിനിമകളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ഹിറ്റാണ്. പാണ്ടിപ്പട, കല്യാണരാമൻ, ഇഷ്ടം, ഗ്രാമഫോൺ എന്നിവയാണ് ദിലീപും നവ്യ നായരും നായികാ നായകൻമാരായ സിനിമകൾ. പാണ്ടിപ്പടയും കല്യാണരാമനും വൻ ജനപ്രീതി നേടി. ഇഷ്ടത്തിലെ ഫോട്ടോഷൂട്ട് സമയത്തുണ്ടായ അനുഭവവും നവ്യ നേരത്തെ പങ്കുവെച്ചിരുന്നു.
ആദ്യ ഫോട്ടോഷൂട്ടിന്റെ സമയത്ത് ദിലീപേട്ടൻ തോളത്ത് കൈ വെക്കണം. ദിലീപേട്ടൻ തോളത്ത് കൈ വെച്ചപ്പോൾ തനിക്ക് നെഞ്ചിടിപ്പായിരുന്നെന്ന് നവ്യ തുറന്ന് പറഞ്ഞു. ദിലീപേട്ടൻ ഇത് മനസ്സിലാക്കുകയും പേടിക്കേണ്ട ഒരു ഫോട്ടോ എടുക്കുന്നു, നമ്മൾ തിരിച്ചു പോവുന്നു എന്ന് പറഞ്ഞതായും നവ്യ ഓർത്തു. ആദ്യ സിനിമ ഇഷ്ടത്തിന് ശേഷം വന്ന നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയ്ക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. സൈജു കുറുപ്പാണ് നടിയുടെ പുതിയ ചിത്രം ജനകി ജാനേയിലെ നായകൻ.

അനീഷ് ഉപാസനയാണ് സിനിമ സംവിധാനം ചെയ്തത്. രണ്ടാം വരവിൽ പഴയത് പോലെ തിരക്ക് പിടിച്ച് നവ്യ സിനിമകൾ ചെയ്യുന്നില്ല. ഒരുത്തീ എന്ന സിനിമ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് നടി ജാനകി ജാനേയിലൂടെ വീണ്ടും എത്തുന്നത്. അഭിനയത്തിനൊപ്പം നൃത്തത്തിനും നവ്യ പ്രാധാന്യം നൽകുന്നു. 2010 ൽ വിവാഹം കഴിഞ്ഞ ശേഷമാണ് നടി അഭിനയ രംഗത്ത് നിന്ന് മാറിയത്.
ഭർത്താവിനൊപ്പം മുംബൈയിലേക്ക് താമസം മാറിയ നവ്യ കുറേനാൾ ലൈം ലൈറ്റിൽ നിന്നും വിട്ട് നിന്നു. മഞ്ജു വാര്യർക്ക് ശേഷം തിരിച്ച് വരവ് ഗംഭീരമാക്കാൻ കഴിഞ്ഞ നടി കൂടിയാണ് നവ്യ നായർ. തിരിച്ചു വരവിൽ മഞ്ജു വാര്യർക്ക് കിട്ടിയ സ്വീകാര്യതയാണ് തനിക്ക് പ്രചോദനമായതെന്ന് നവ്യ നായർ നേരത്തെ പറഞ്ഞിരുന്നു.
തിരിച്ചു വരവിൽ പഴയ സ്വീകാര്യത ലഭിക്കുമോ എന്ന് ഭയമുണ്ടായിരുന്നെന്നും നടി വ്യക്തമാക്കി. 2000 ത്തിന്റെ തുടക്ക വർഷങ്ങളിലായിരുന്നു നവ്യ കരിയറിൽ തിളങ്ങിയത്. മറുഭാഷകളിലും നടി അക്കാലത്ത് അഭിനയിച്ചു. ഇതേ കാലഘട്ടത്തിൽ കരിയറിൽ തിളങ്ങി നിന്ന മീര ജാസ്മിനും സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ക്യൂൻ എലിസബത്താണ് നടിയുടെ പുതിയ സിനിമ. നേരത്തെ മകൾ എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.
Content Highlight: Dileapetan should be kissed on the cheek, there is no love but addiction and tension; Navya Nair


































