---
title: "'ഷോട്ടുകള്‍ക്കിടയില്‍ കാരവാനിലേക്ക് പോകില്ല'; മാമുക്കോയയുടെ വിയോഗത്തില്‍ സുപ്രിയ"
english_title: "Supriya Menon shares her memories of Mamukoya."
publisher: "moviemax.in"
canonical_url: "https://moviemax.in/news/111265/supriya-menon-shares-her-memories-of-mamukoya"
published_at: "2023-04-27T12:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a1a8bc49fb_mamukkoyand_supriyamenon.jpg"
keywords: []
---

# 'ഷോട്ടുകള്‍ക്കിടയില്‍ കാരവാനിലേക്ക് പോകില്ല'; മാമുക്കോയയുടെ വിയോഗത്തില്‍ സുപ്രിയ

> **Lead Summary:** മാമുക്കോയയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സുപ്രിയ മേനോന്‍. സുപ്രിയ നിര്‍മ്മിച്ച ‘കുരുതി’ ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട റോളില്‍ മാമുക്കോയ അഭിനയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്.

## Article Content

മാമുക്കോയയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സുപ്രിയ മേനോന്‍. സുപ്രിയ നിര്‍മ്മിച്ച ‘കുരുതി’ ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട റോളില്‍ മാമുക്കോയ അഭിനയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്.

”കുരുതിയുടെ സെറ്റില്‍ ഷോട്ടുകള്‍ക്കിടയില്‍ അദ്ദേഹം വിശ്രമിക്കുമ്പോഴാണ് ഞാന്‍ ഈ ചിത്രം എടുത്തത്. ബഹളമില്ല, സഹായികളില്ല, പരിവാരങ്ങളില്ല, ഷോട്ടുകള്‍ക്കിടയില്‍ കാരവാനിലേക്ക് പോകില്ല. ജോലിയോടുള്ള ആത്മസര്‍പ്പണം. ബഹുമാനം സര്‍. നിത്യശാന്തി നേരുന്നു” എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.

മൂസ ഖാലിദ് എന്ന കഥാപാത്രമായാണ് മാമുക്കോയ കുരുതിയില്‍ എത്തിയത്. മാമുക്കോയയുടെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ വേഷങ്ങളിലൊന്നുകൂടിയായിരുന്നു കുരുതിയിലേത്. ഈ കഥാപാത്രം സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 1.05ന് ആണ് മാമുക്കോയ വിട പറഞ്ഞത്. 1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയയുടെ സിനിമയിലെ രംഗപ്രവേശം. യു എ ഖാദറിന്റെ തിരക്കഥയില്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ചിത്രം.

തുടര്‍ന്ന് അവസരങ്ങളൊന്നും ലഭിക്കാതെ അഞ്ച് വര്‍ഷം പിന്നിട്ട അദ്ദേഹത്തിന് അടുത്ത സിനിമയിലേക്ക് അവസരം വാങ്ങി കൊടുത്തത് വൈക്കം മുഹമ്മദ് ബഷീര്‍ ആണ്. പി.എ മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകള്‍ എന്ന നോവലിന്റെ അതേ പേരിലുള്ള സിനിമയായിരുന്നു അത്. എസ് കൊന്നനാട്ട് ആയിരുന്നു സംവിധാനം.

നാല്‍പത് വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ 450ല്‍ ഏറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് മികച്ച കൊമോഡിയനുള്ള പുരസ്‌കാരവും ലഭിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/111265/supriya-menon-shares-her-memories-of-mamukoya)