---
title: "തിരിച്ചുവരവിന്റെ പാതയില്‍ ബാല; വീഡിയോയുമായി എലിസബത്ത്"
english_title: "Actor Bala is on the road to recovery after liver transplant."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110649/actor-bala-is-on-the-road-to-recovery-after-liver-transplant"
published_at: "2023-04-24T11:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446206a0c1e6_bala.jpg"
keywords: []
---

# തിരിച്ചുവരവിന്റെ പാതയില്‍ ബാല; വീഡിയോയുമായി എലിസബത്ത്

> **Lead Summary:** കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ നടന്‍ ബാല. സുഖം പ്രാപിച്ച് വരുന്ന ബാലയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് ഭാര്യ എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്.

## Article Content

കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ നടന്‍ ബാല. സുഖം പ്രാപിച്ച് വരുന്ന ബാലയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് ഭാര്യ എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്.

എലിസബത്ത് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘നല്ല മനുഷ്യരുടെ ഒപ്പം ദൈവം എന്നും ഉണ്ടാവും’, ‘വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ ബാലയായി തിരിച്ചെത്തണം’, ‘ഈ പുഞ്ചിരി എന്നും ഇങ്ങനെ നിലനില്‍ക്കട്ടെ’ എന്നിങ്ങനെയാണ് ചില കമന്റുകള്‍. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ആയിരുന്നു ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.

ആദ്യം ഗുരുതരാവസ്ഥയില്‍ ആയിരുന്നെങ്കിലും പിന്നീട് അതിവേഗം തന്നെ ബാല ജീവിതത്തിലേക്ക് തിരിച്ച് എത്തുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ബാലയ്ക്ക് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധി പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.

ഉണ്ണി മുകുന്ദന്‍ നായകനായ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്. നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷമുള്ള ബാലയുടെ ചിത്രവും എലിസബത്ത് പങ്കുവെച്ചിരുന്നു. തങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികവും ആശുപത്രിയില്‍ വെച്ചാണ് ബാലയും എലിസബത്തും ആഘോഷിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110649/actor-bala-is-on-the-road-to-recovery-after-liver-transplant)