നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് സീമ ജി നായർ. നിരവധി സീരിയലുകളിലും സീമ ജി നായർ അഭിനയിച്ചിട്ടുണ്ട്. നടി എന്നതിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയുമാണ് സീമ ജി നായർ. അന്തരിച്ച നടി ശരണ്യക്ക് വേണ്ടി സീമ ജി നായർ ചെയ്ത് കൊടുത്ത സഹായങ്ങൾ ജനങ്ങൾ കണ്ടതാണ്. അവസാന ഘട്ടം വരെയും ശരണ്യയെ ചേർത്ത് പിടിച്ച് കൊണ്ട് സീമ ജി നായർ ഒപ്പമുണ്ടായിരുന്നു.
ശരണ്യക്ക് വേണ്ടി സുമനസ്സുകളുടെ സഹായത്തോടെ വീട് വെച്ച് നൽകാനും സീമ ജി നായർ ഒപ്പം നിന്നു. സ്വന്തം ചേച്ചിയെ പോലെയായിരുന്നു സീമ ജി നായരെ ശരണ്യ കണ്ടിരുന്നത്. അർബുദം ബാധിച്ച് ശരണ്യ മരണപ്പെട്ടപ്പോൾ സീമ ജി നായർ മാനസികമായി ഏറെ തളർന്നിരുന്നു.

എന്നാൽ ശരണ്യയെ സഹായിച്ചതിന്റെ പേരിൽ ചില പഴികളും സീമ ജി നായർക്ക് കേൾക്കേണ്ടി വന്നു. ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സീമ ജി നായർ. മനോരമ ചാനലിന്റെ കേരള കാൻ പരിപാടിയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു നടി.
'ശരണ്യ സർജറി പോവുന്ന സമയത്ത് ഏകദേശം 20 ലക്ഷമായിരുന്നു ബില്ല്. ആ അവസാന നിമിഷമാെക്കെ പത്ത് പൈസ കൈയിലില്ലാതെയാണ് ഓടിക്കൊണ്ടിരിക്കുന്നത്. അത് ഒരു ആശുപത്രിക്കാരും എവിടെ നിന്ന് റെക്കമെന്റേഷൻ വന്നാലും കുറച്ച് തരില്ല' 'അങ്ങനെയുള്ളവരെ സഹായിക്കാൻ ഓടുമ്പോൾ നിശിതമായി വിമർശിക്കാൻ വേണ്ടി മാത്രം ജൻമം കൊണ്ട ചിലരുണ്ട്.
അത് നമ്മളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ രാവിലെ ആർക്കിട്ട് പാര പണിയണം എന്ന് നോക്കിയാണ് എഴുന്നേൽക്കുന്നത്' 'ശരണ്യക്ക് വീട് വെച്ച് കൊടുത്തതിന് ശേഷം ശരണ്യയുടെ വീടിന്റെ ആധാരം എന്റെ പേരിലാണെന്ന്. തോന്നുന്നുണ്ടോ ലോകത്താർക്കെങ്കിലും. ആ കുട്ടിക്ക് അമ്മയും സഹോദരങ്ങളുമില്ലേ. അവർ വെറും കൈയും കെട്ടി നോക്കി നിൽക്കുമോ. അവളിവിടെ നിന്ന് പോയി. അവരെ ഞാൻ ചേർത്ത് പിടിക്കുന്നുണ്ട്' .
'ഇതിന്റെയിടയിൽ കൂടി നമ്മൾക്ക് ആർക്കും അറിയാത്ത കഥകളാണ് പുറത്ത് പറയുന്നത്. ഇത് കേട്ട് വിശ്വസിക്കുന്നവരുണ്ട്. ഏതെങ്കിലും രീതിയിൽ നമ്മളെ ആരോടെങ്കിലും സഹായം ചോദിക്കുമ്പോൾ ആൾക്കാരുടെ മനസ്സിൽ ശരണ്യക്ക് വീട് പണിത് കൊടുത്തിട്ട് അവരുടെ ആധാരം ഇവരുടെ പേരിലല്ലേ എന്ന തോന്നൽ വരും' .
'അവൾ പോവുന്നതിന് മുമ്പ് എന്നോട് പറഞ്ഞിരുന്നു ഞാനീ ആധാരം കൊണ്ടു വന്ന് ഒരു വീഡിയോ ചെയ്യാമെന്ന്. വേണ്ട മോളേ ചെയ്യേണ്ട, നമുക്ക് ആരെ ബോധിപ്പിക്കാനാണെന്ന്. പക്ഷെ അവൾ പോയിക്കഴിഞ്ഞപ്പോൾ കൂടുതലായി ആൾക്കാർ പറയാൻ തുടങ്ങി. അത് വിശ്വസിക്കുന്നവരുമുണ്ട്. നന്ദൂട്ടന്റെ അമ്മ അവൻ പോയ ശേഷം അനുഭവിച്ച വേദനയ്ക്ക് കൈയും കണക്കുമില്ല' .
കിട്ടിയ കോടികളെവിടെ കൊണ്ടുപോയി എന്നൊക്കെയാണ് ചോദിക്കുന്നത്. കൂടെ നിന്നവർ തന്നെയാണ് ഇവർക്കെതിരെ പുറത്ത് പ്രചരിപ്പിച്ചത്,' സീമ ജി നായർ പറഞ്ഞു. 2021 ഓഗസ്റ്റ് മാസത്തിലാണ് ശരണ്യ മരിക്കുന്നത്.
Content Highlight: Seema G Nair on what she had to listen to for helping Sharanya


































