---
title: "കുറുപ്പ് വിജയാഘോഷം, മറിയം സ്റ്റൈലില്‍ "
english_title: "Kurup victory celebration, in Maryam style"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11033/kurup-victory-celebration-in-maryam-style"
published_at: "2021-11-16T12:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193572cb533f_dulqar.jpg"
keywords: []
---

# കുറുപ്പ് വിജയാഘോഷം, മറിയം സ്റ്റൈലില്‍ 

> **Lead Summary:** ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളെ സജീവമാക്കി കൊണ്ട് ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനിലും കുറുപ്പ് മുന്നിലാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും റെക്കോർഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്.

## Article Content

ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളെ സജീവമാക്കി കൊണ്ട് ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനിലും കുറുപ്പ് മുന്നിലാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും റെക്കോർഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, കുറുപ്പിന്റെ വിജയാഘോഷം മകൾ മറിയത്തിനും അണിയറപ്രവർത്തകർക്കുമൊപ്പം ആഘോഷിക്കുന്ന ദുൽഖറിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ദുൽഖർ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ വീഡിയോ പങ്കുവച്ചത്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.

ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11033/kurup-victory-celebration-in-maryam-style)