---
title: "അമ്മ രണ്ടാമതും ​ഗർഭിണിയാണെന്ന്!  എന്റെ മുന്നിൽ കരഞ്ഞ അമ്മ, ഇനി ഞാൻ അമ്മയെ നോക്കും; മീനയുടെ മകൾ"
english_title: "Mother is pregnant for the second time! The mother who cried before me, now I will look at the mother; Daughter of Meena"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110321/mother-is-pregnant-for-the-second-time-the-mother-who-cried-before-me-now-i-will-look-at-the-mother-daughter-of-meena"
published_at: "2023-04-22T10:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64436d8d88083_meena.jpg"
keywords: []
---

# അമ്മ രണ്ടാമതും ​ഗർഭിണിയാണെന്ന്!  എന്റെ മുന്നിൽ കരഞ്ഞ അമ്മ, ഇനി ഞാൻ അമ്മയെ നോക്കും; മീനയുടെ മകൾ

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മീന. വിവാഹ ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നപ്പോഴും മീനയ്ക്ക് ഹിറ്റ് സിനിമകൾ ലഭിച്ചു. രണ്ടാം വരവിലാണ് നടി ദൃശ്യം സിനിമയിലെ നായികയാവുന്നത്. 

## Article Content

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മീന. വിവാഹ ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നപ്പോഴും മീനയ്ക്ക് ഹിറ്റ് സിനിമകൾ ലഭിച്ചു. രണ്ടാം വരവിലാണ് നടി ദൃശ്യം സിനിമയിലെ നായികയാവുന്നത്. 

 കരിയറിൽ എന്നും താരത്തിളക്കത്തോടെ നിന്ന മീനയ്ക്ക് അടുത്തിടെയാണ് ജീവിതത്തിൽ ചില അപ്രതീക്ഷിത ദുഃഖങ്ങളുണ്ടായത്. ചികിത്സയിലിരിക്കെ നടിയുടെ ഭർത്താവ് വിദ്യാ സാ​ഗർ മരണപ്പെട്ടു. 

ഏക മകളും മീനയും ഈ വിയോ​ഗത്തിൽ ഏറെ വേദനിച്ചു. നടിക്കുണ്ടായ ഈ ദുഃഖത്തിൽ ആശ്വാസിപ്പിക്കാൻ തമിഴ് സിനിമാ ലോകം തന്നെ ഒന്നിച്ചു നിന്നു. അടുത്ത സുഹൃത്തുക്കളായ സഹ പ്രവർത്തകരെല്ലാം മീനയെ ചേർത്തു പിടിച്ചു. ദുഃഖങ്ങൾ മറന്ന് പഴയ സന്തോഷത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് മീന.

അടുത്തിടെയാണ് സിനിമാ രം​ഗത്തെ മീനയുടെ 40 വർഷങ്ങളുടെ ആഘോഷം നടന്നത്. നടൻ രജിനികാന്ത് ഉൾപ്പെയുള്ളവർ പരിപാടിയിൽ മീനയെ ആദരിക്കാനെത്തി. രാധിക, റോജ, സുഹാസിനി, ശരത്കുമാർ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ മീനയുടെ മകൾ നൈനിക വിദ്യാസാ​ഗറും സംസാരിച്ചു. നൈനികയുടെ വാക്കുകൾ കേട്ടിരുന്നവർ കണ്ണീരണിയുകയും ചെയ്തു. തന്റെ അമ്മയെക്കുറിച്ച് വരുന്ന വ്യാജ വാർത്തകളെക്കുറിച്ച് നൈനിക സംസാരിച്ചു. 

'അമ്മ വളരെയധികം വർക്ക് ചെയ്യും. എന്നാൽ വീട്ടിൽ വന്നാൽ അവർ എന്റെ അമ്മയാണ്. എന്റെ അച്ഛൻ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. എന്റെ മുന്നിൽ നിരവധി തവണ കരഞ്ഞു. ഞാൻ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോൾ അമ്മ എന്നെ നോക്കി. ഇനി ഞാൻ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനലുകൾ എന്റെ അമ്മയെ പറ്റി വ്യാജ വാർത്ത എഴുതിയിട്ടുണ്ട്' .

'അമ്മ രണ്ടാമതും​ ​ഗർഭിണിയായിരുന്നെന്നാണ് ഒരു ചാനൽ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാൽ ഇത്തരം നിരവധി ​വാർത്തകൾ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോർത്ത് നിർത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താൽ വിഷമിക്കില്ലേ,' നൈനിക പറഞ്ഞു. 

മകളുടെ വാക്കുകൾ കേട്ട് മീന വികാരഭരിതയായി. മകളോടൊപ്പം വേദിയിൽ വന്ന് ഇതേപറ്റി സംസാരിക്കുകയും ചെയ്തു. അച്ഛനെപ്പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല മകൾ. പക്ഷെ കാര്യങ്ങൾ അവളിത്ര ആഴത്തിൽ മനസ്സിലാക്കിയിരുന്നെന്ന് അറിഞ്ഞതിൽ ആശ്ചര്യമെന്ന് മീന വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/110321/mother-is-pregnant-for-the-second-time-the-mother-who-cried-before-me-now-i-will-look-at-the-mother-daughter-of-meena)