മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. ഇപ്പോള്‍ സിനിമകളിൽ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണെങ്കിലും മലയാളി പ്രേക്ഷകർക്ക് ദിവ്യയോടുള്ള ഇഷ്ടത്തിൽ കുറവൊന്നും വന്നിട്ടില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. ഇടയ്ക്ക് തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് നടിയുടെ താമസം. അടുത്തിടെ കേരളത്തിൽ എത്തിയ ദിവ്യ ഉണ്ണി നിരവധി മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയിരുന്നു. തന്റെ സിനിമ അനുഭവങ്ങളും പുത്തൻ വിശേഷങ്ങളുമാണ് താരം പങ്കുവച്ചത്.

അതിനിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും ദിവ്യ ഉണ്ണി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, അത് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദ ട്രൂത്ത് എന്ന സിനിമയിൽ നോമ്പെടുത്ത് കൊണ്ട് മമ്മൂട്ടി 10 -12 പേജ് ഡയലോഗ് പറഞ്ഞതിനെ കുറിച്ചാണ് ദിവ്യ ഉണ്ണി സംസാരിച്ചത്. സെറ്റിലെ ബാക്കി എല്ലാവരും ഇടയിൽ ഭക്ഷണം കഴിച്ച് വരുമ്പോഴൊക്കെ അദ്ദേഹം ഡയലോഗുകൾ ഇരുന്ന് പഠിക്കുകയായിരുന്നുവെന്നും അദ്ദേഹം എടുക്കുന്ന എഫോർട്ട് അന്നാണ് മനസിലായതെന്നും ദിവ്യ ഉണ്ണി പറയുന്നു.
സെലിബ്രിറ്റി കണക്ട് എന്ന ചാനലിൽ ആയിരുന്നു ദിവ്യയുടെ പ്രതികരണം. നമ്മൾ ജീവിതത്തിലെ ഏത് സിറ്റുവേഷനിലാണെങ്കിലും അഭിനയിക്കേണ്ട സമയത്ത് അഭിനയിക്കേണ്ടി വരും. അതായത് കരയണം, ചിരിക്കണം, സങ്കടപ്പെടണം തുടങ്ങി പലതും ചെയ്യണം. എത്ര ബുദ്ധിമുട്ടുള്ള അവസ്ഥയാണെങ്കിലും നമ്മൾ അത് ചെയ്യുമെന്ന് ദിവ്യ പറയുന്നു.

'എന്റെ ലൈഫിൽ ഞാൻ പ്ലാൻ ചെയ്യാതെ എന്തെങ്കിലും കാര്യം വരുമ്പോൾ ഇതെന്താണ് ഇങ്ങനെ എന്നൊന്നും ആലോചിച്ച് ഞാൻ വിഷമിക്കാറില്ല. അപ്പോൾ ഞാൻ ഓർക്കുക ഇതുപോലെ വലിയ പ്രശ്നങ്ങൾക്കിടയിൽനിന്ന് കൊണ്ടായിരിക്കും പലരും പത്ത് പേജ് ഡയലോഗ് പഠിച്ച് പറയുന്നതെന്നാണ്,' ദിവ്യ പറഞ്ഞു.
'എനിക്കിപ്പോഴും ഓർമയുണ്ട്, ദ ട്രൂത്ത് എന്ന സിനിമ നടക്കുമ്പോൾ അതിന്റെ ക്ലൈമാക്സിൽ നോമ്പെടുത്ത് നിൽക്കുമ്പോഴാണ് മമ്മൂക്ക 10-12 പേജ് ഡയലോഗ് പഠിച്ച് പറഞ്ഞത്. എല്ലാവരും ചുറ്റിലും നിൽക്കുന്നുണ്ട്. മമ്മൂക്ക തുടർച്ചയായി ഇത്രയും പേജ് ഡയലോഗ് പറഞ്ഞ് നടക്കുന്ന സീനാണ് എടുത്തത്. നോമ്പെടുത്തിട്ട് ഇത്രയും ഡയലോഗ് പറയുന്നത് ഒന്നും അദ്ദേഹത്തിന് കുഴപ്പമല്ല. നമ്മളൊക്കെ അതിന്റെ ഇടയിൽ പോകുന്നു. ഭക്ഷണം കഴിച്ച് വരുന്നു. എന്നാൽ അദ്ദേഹം ആ സമയത്ത് ഡയലോഗ് പഠിക്കുകയാണ്,
'അന്നൊക്കെ 'മമ്മൂക്കക്ക് നോമ്പുണ്ടോ..' എന്നൊരു ചോദ്യത്തിൽ അത് തീരും. ഇന്ന് ആ കാര്യങ്ങൾ ചിന്തിക്കുമ്പോഴാണ് എനിക്ക് അദ്ദേഹം എടുത്ത എഫേർട്ട് മനസിലാവുന്നത്. അദ്ദേഹത്തിന് അന്നും ഇന്നും ഒരു മാറ്റവുമില്ല,' എന്നായിരുന്നു ദിവ്യ ഉണ്ണി അഭിമുഖത്തിൽ പറഞ്ഞത്.
Content Highlight: There is no change then and now, it will end with a question, 'Is Mammooka fasting..'; Divine Unni


































