---
title: "ഏജന്റ് ട്രെയിലര്‍; മമ്മൂട്ടിയ്ക്ക് ശബ്ദം രണ്ട് തരം, രോഷാകുലരായി ആരാധകര്‍"
english_title: "Agent Trailer; Mammootty has two types of voice"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109857/agent-trailer-mammootty-has-two-types-of-voice"
published_at: "2023-04-19T20:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644001be0667f_MAMMOOTY.jpg"
keywords: []
---

# ഏജന്റ് ട്രെയിലര്‍; മമ്മൂട്ടിയ്ക്ക് ശബ്ദം രണ്ട് തരം, രോഷാകുലരായി ആരാധകര്‍

> **Lead Summary:** അഖില്‍ അക്കിനേനി മമ്മൂട്ടി ചിത്രം ഏജന്റിനായുള്ളകാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകരുടെ ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയത്.

## Article Content

അഖില്‍ അക്കിനേനി മമ്മൂട്ടി ചിത്രം ഏജന്റിനായുള്ളകാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകരുടെ ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയത്.

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്‌ലര്‍ മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന ഒന്നാണെങ്കിലും മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു പ്രധാന പോരായ്മ ചര്‍ച്ചയായി. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി ആയിരുന്നു അത്.

2.19 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംഭാഷണങ്ങളില്‍ ചിലത് മമ്മൂട്ടിയുടെ ശബ്ദത്തിലും മറ്റു ചിലത് മറ്റാരുടെയോ ശബ്ദത്തിലുമാണ്. തെലുങ്കിലെ കഴിഞ്ഞ ചിത്രമായ യാത്രയിലുള്‍പ്പെടെ തെലുങ്ക് സംഭാഷണങ്ങള്‍ മമ്മൂട്ടി സ്വയമാണ് ഡബ്ബ് ചെയ്യാറ്.

അതിനാല്‍ത്തന്നെ ഏജന്റ് ട്രെയ്‌ലര്‍ ഇക്കാരണത്താല്‍ ചര്‍ച്ചയായി. മമ്മൂട്ടി ഡബിള്‍ റോളില്‍ ആയിരിക്കുമെന്നായിരുന്നു സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ പ്രചരിച്ച ഒരു തമാശ. എന്നാല്‍ ചിത്രം ഇറങ്ങുമ്പോള്‍ മമ്മൂട്ടി ആരാധകര്‍ക്ക് നിരാശരാകേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ട് .

ട്രെയ്‌ലര്‍ പെട്ടെന്ന് ഇറക്കാന്‍ വേണ്ടി മറ്റൊരാളെക്കൊണ്ട് താല്‍ക്കാലികമായി ഡബ്ബ് ചെയ്യിച്ചതാണ് ഈ ഭാഗങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ തിരക്കുകള്‍ക്ക് ശേഷം ചിത്രത്തിന്റെ ഡബ്ബിംഗ് മമ്മൂട്ടി തന്നെ പൂര്‍ത്തിയാക്കും. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ കേണല്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്റില്‍ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109857/agent-trailer-mammootty-has-two-types-of-voice)