---
title: "കുട്ടിയുടുപ്പ് കണ്ട് ക്യാമറമാൻ വരെ അമ്പരന്നു; റാണി മുഖർജി പറയുന്നു  "
english_title: "Even the cameraman was surprised to see the shot dress; Rani Mukherjee says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109577/even-the-cameraman-was-surprised-to-see-the-shot-dress-rani-mukherjee-says"
published_at: "2023-04-18T12:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e43f7157e0_ranimugarji.jpg"
keywords: []
---

# കുട്ടിയുടുപ്പ് കണ്ട് ക്യാമറമാൻ വരെ അമ്പരന്നു; റാണി മുഖർജി പറയുന്നു  

> **Lead Summary:** ബോളിവുഡിൽ മുൻ നിര നായികയായി തിളങ്ങിയ നടിയാണ് റാണി മുഖർജി. കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം കരിയറിൽ സജീവമല്ലാതായെങ്കിലും ഇടയ്ക്കിടെ വന്ന് ഹിറ്റുകൾ സൃഷ്ടിക്കാൻ റാണി മുഖർജിക്ക് കഴിയാറുണ്ട്. 

## Article Content

ബോളിവുഡിൽ മുൻ നിര നായികയായി തിളങ്ങിയ നടിയാണ് റാണി മുഖർജി. കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം കരിയറിൽ സജീവമല്ലാതായെങ്കിലും ഇടയ്ക്കിടെ വന്ന് ഹിറ്റുകൾ സൃഷ്ടിക്കാൻ റാണി മുഖർജിക്ക് കഴിയാറുണ്ട്. 

ഒരു കാലഘട്ടത്തിൽ നായിക നടിമാർക്ക് കരിയറിലുണ്ടാവുമായിരുന്ന മാർക്കറ്റ് തകർച്ച റാണി മുഖർജിക്കും സംഭവിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാർ സിനിമകളിൽ നിന്നും റാണി മാറ്റി നിർത്തപ്പെട്ടു. എങ്കിലും പിന്നീട് കരിയറിൽ ശക്തമായ സാന്നിധ്യമാവാൻ റാണിക്ക് കഴിഞ്ഞു. 

2014 ലാണ് സംവിധായകനും നിർ‌മാതാവുമായ ആദിത്യ ചോപ്രയെ റാണി മുഖർ‌ജി വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015 ഡിസംബറിൽ റാണിക്കും ആദിത്യക്കും പെൺകുഞ്ഞും പിറന്നു. മകളെ ലൈം ലൈറ്റിൽ നിന്ന് അകറ്റിയാണ് റാണി വളർത്തുന്നത്. മകൾ സാധാരണ കുട്ടികളെ പോലെ വളരട്ടെയെന്നാണ് റാണി മുഖർജിയുടെ തീരുമാനം. മിസിസ് ചാറ്റർജി വിഎസ് നോർവെയാണ് റാണിയുടെ പുതിയ സിനിമ.

റാണി മുഖർജിയും കജോളും തങ്ങൾ ഒരുമിച്ച് അഭിനയിച്ച കുച്ച് കുച്ച് ഹോത്താ ഹെ എന്ന സിനിമയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ റാണി മുഖർജി ധരിച്ച കുട്ടിയുടുപ്പ് അന്ന് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കോയി മിൽ ​ഗയ എന്ന ​ഗാന രം​ഗത്തിലാണ് റാണി ഈ കുട്ടിയുടുപ്പ് ധരിച്ചത്. ഈ വസ്ത്രം ധരിച്ച് റാണി മുഖർജി എങ്ങനെ ഡാൻസ് ചെയ്യുമെന്ന് താൻ ആലോചിച്ചെന്ന് കജോൾ ഓർത്തു. 

ആ വസ്ത്രത്തിൽ ഞാനവളരെ കണ്ടപ്പോൾ അവൾക്ക് അനങ്ങാൻ പറ്റുമെന്ന് എനിക്ക് തോന്നിയില്ല. പക്ഷെ അവൾ ബ്രില്യന്റായിരുന്നെന്നും കജോൾ വ്യക്തമാക്കി. തനിക്ക് തന്ന വസ്ത്രം ആദ്യം കണ്ടപ്പോൾ ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്നും ആ ​ഗാന രം​ഗം എങ്ങനെ ചെയ്തെന്ന് അറിയില്ലെന്നും റാണി മുഖർജിയും കൂട്ടിച്ചേർത്തു.

അന്നെനിക്ക് 17 വയസ്സായിരുന്നു. അതുവരെയും അത്തരത്തിലുള്ള ഒരു സ്കേർട്ട് ഞാൻ ധരിച്ചിരുന്നില്ല. കരണും മനീഷ് മൽ​ഹോത്രയും ആ വസ്ത്രം എന്നെ കാണിക്കുമ്പോൾ അതൊരു ​ഗൗണായിരുന്നു. എന്നാൽ സെറ്റിലെത്തുമ്പോഴേക്കും അതിന്റെ നീളം കുറച്ച് കൊണ്ടിരുന്നു. വസ്ത്രം ക്യാമറമാനെ കാണിച്ചപ്പോൾ ഇത് കുട്ടിക്കുള്ള വസ്ത്രമാണെന്നാണ് കരുതിയത്. 

റാണി മുഖർജിക്കാണെന്ന് കേട്ടപ്പോൾ അദ്ദേഹം അമ്പരന്ന് പോയെന്നും റാണി മുഖർജി ഓർത്തു. ഇത്രയും നീളം കുറഞ്ഞ വസ്ത്രം കണ്ട് താൻ ഭയന്ന് പോയെങ്കിലും കരൺ ജോഹറും ഷാരൂഖ് ഖാനും കജോളുമെല്ലാം തന്നെ പ്രോത്സാഹിപ്പിച്ചെന്നും റാണി ഓർത്തു. പ്രത്യേകിച്ചും കരൺ തനിക്ക് വലിയ പിന്തുണ നൽകിയെന്നും റാണി മുഖർജി ഓർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/109577/even-the-cameraman-was-surprised-to-see-the-shot-dress-rani-mukherjee-says)