---
title: "വെറും ലൈംഗിക ബന്ധങ്ങൾ മാത്രമല്ല ഇവിടെ ഉള്ളത്, അവനവന്റെ കാര്യം നോക്കി ജീവിക്കൂ; മജ്‌സിയ ഭാനു"
english_title: "Now, a post by Majzia on her Facebook is catching the attention of the audience."
publisher: "moviemax.in"
canonical_url: "https://moviemax.in/news/109362/now-a-post-by-majzia-on-her-facebook-is-catching-the-attention-of-the-audience"
published_at: "2023-04-17T12:38:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cf0f93143d_majziya.jpg"
keywords: []
---

# വെറും ലൈംഗിക ബന്ധങ്ങൾ മാത്രമല്ല ഇവിടെ ഉള്ളത്, അവനവന്റെ കാര്യം നോക്കി ജീവിക്കൂ; മജ്‌സിയ ഭാനു

> **Lead Summary:**  ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മജ്‌സിയ ഭാനു. ബിഗ് ബോസ് സീസൺ 3 ൽ ആണ് മജ്‌സിയ മത്സരാർത്ഥിയായി എത്തിയത്. കായികരംഗത്ത് മികവ് പുലര്‍ത്തിയിട്ടുള്ള മജ്‌സിയ ആ സീസണിലെ ടാസ്കുകളിലൊക്കെ മികവ് പുലർത്തിയ താരമാണ്.

## Article Content

 ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മജ്‌സിയ ഭാനു. ബിഗ് ബോസ് സീസൺ 3 ൽ ആണ് മജ്‌സിയ മത്സരാർത്ഥിയായി എത്തിയത്. കായികരംഗത്ത് മികവ് പുലര്‍ത്തിയിട്ടുള്ള മജ്‌സിയ ആ സീസണിലെ ടാസ്കുകളിലൊക്കെ മികവ് പുലർത്തിയ താരമാണ്.

എന്നാൽ 42 -മത്തെ ദിവസം മജ്‌സിയ എലിമിനേഷനിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. ഷോയിൽ നിന്ന് പുറത്തായ ശേഷവും സോഷ്യൽ മീഡിയയിലൂടെ മജ്‌സിയ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. 

ഇപ്പോഴിതാ, മജ്‌സിയ തന്റെ ഫെയ്‌സ്‌ബുക്കിൽ കുറിച്ച ഒരു കുറിപ്പാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. 'അസ്സലാമു അലൈക്കും.. എന്റെ എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം! കഴിഞ്ഞ കുറച്ചു വർഷങ്ങളായി പലപ്പോഴായി ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിച്ച ഒരു കാര്യം ഞാൻ ഇന്ന് തുറന്നു എഴുതുകയാണ്,' എന്നു പറഞ്ഞുകൊണ്ടാണ് മജ്‌സിയയുടെ കുറിപ്പ് ആരംഭിക്കുന്നത്. 

'ഓരോ വ്യക്തിയുടെയും വ്യക്തി സ്വാതന്ത്ര്യത്തിനെ പറ്റിയും അവരുടെ ലൈംഗികതയെ പറ്റിയും ഒരുപാട് ചർച്ചകൾ രാപകൽ ഇല്ലാതെ എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. മാറുന്ന ലോകവും മാറുന്ന ഉയർന്ന ചിന്താഗതിയുമൊക്കെ വളരെ നല്ലത് തന്നെ,' 'പക്ഷെ പ്രകൃതി വിരുദ്ധമെന്ന് പണ്ട് നമ്മൾ വിശ്വസിച്ചിരുന്ന പലതും ഇന്ന് അംഗീകരിച്ചു കൊണ്ട് അതിനു വേണ്ടി വാദിക്കുകയും അതിനു വേണ്ട എല്ലാ പിൻബലവും കൊടുത്ത് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പുതിയ പുതിയ പ്രതീക്ഷകൾ കൊണ്ട് വരുമ്പോൾ ചിലതൊക്കെ നമ്മൾ മറന്നു പോകുന്നുണ്ടോ?' 

'എല്ലാം ലൈംഗിക ചുവയോടെ മാത്രം കാണാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ പരാമർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സമൂഹത്തെ ആണ് ഞാൻ ഇന്ന് എന്റെ ജീവിതത്തിൽ വ്യക്തിപരമായി കണ്ടു കൊണ്ടിരിക്കുന്നത്. പണ്ടൊക്കെ പെൺകുട്ടികൾ പുറത്ത് ഇറങ്ങുമ്പോൾ, കാണുമ്പോൾ, യാത്ര ചെയ്യുമ്പോൾ, സംസാരിക്കുമ്പോൾ, ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ ഒരു ഫോട്ടോ എടുക്കുമ്പോൾ അതൊരു ആൺകുട്ടിയുടെ കൂടെ ആണെങ്കിൽ ചിലരൊക്കെ അതിനെ മോശമായ രീതിയിൽ എടുത്തു തെറ്റിദ്ധരിക്കുമായിരുന്നു,' 

> 'ഇന്ന് എന്താ അവസ്ഥ? ഒരു പെൺകുട്ടി ഏതെങ്കിലും ആൺകുട്ടിയുടെ കൂടെ ആണെങ്കിൽ "കാമുകൻ" ഇനി എന്തെങ്കിലും പെൺകുട്ടിയുടെ കൂടെ ആണെങ്കിൽ അവൾ "ലെസ്ബിയൻ", എല്ലാം അംഗീകരിക്കുന്ന വിശാലമനസ്ക്കരേ... നിങ്ങളോട് ഒരു അപേക്ഷ മാത്രം. വെറും ചർച്ചകൾ ചെയ്യപ്പെടാൻ ഉള്ള വിഷയം മാത്രമല്ല ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം, അതു നിങ്ങൾ ബഹുമാനിക്കേണ്ട ഒന്ന് തന്നെ ആണ്,' 

'വെറും ലൈംഗിക ബന്ധങ്ങൾ മാത്രമല്ല ഇവിടെ ഉള്ളത്, ഈ ലോകത്ത് വേറെയും പവിത്രമായ മനോഹരമായ ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്ന് ഞാൻ നിങ്ങളെ ഓർമപ്പെടുത്തുന്നു. അവനവന്റെ കാര്യം നോക്കി ജീവിക്കൂ,' എന്ന് പറഞ്ഞുകൊണ്ടാണ് മജ്‌സിയ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മജ്‌സിയയുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസങ്ങളിൽ തന്റെ സുഹൃത്തുകൾക്ക് ഒപ്പമുള്ള ചില ചിത്രങ്ങൾ മജ്‌സിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിന് വന്ന പ്രതികരണങ്ങളാണ് മജ്‌സിയയുടെ പുതിയ പോസ്റ്റിന് പിന്നിലെ കാരണമെന്നാണ് അനുമാനം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/109362/now-a-post-by-majzia-on-her-facebook-is-catching-the-attention-of-the-audience)