---
title: "1377 ൽ യന്ത്രത്തിൽ അച്ചടിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകം പ്രദർശനത്തിന് "
english_title: "The world's oldest book, printed on a machine in 1377, is on display"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109099/the-worlds-oldest-book-printed-on-a-machine-in-1377-is-on-display"
published_at: "2023-04-15T15:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a72240d433_BOOK.jpg"
keywords: []
---

# 1377 ൽ യന്ത്രത്തിൽ അച്ചടിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകം പ്രദർശനത്തിന് 

> **Lead Summary:** **ഒരു **മെക്കാനിക്കൽ പ്രസ്സിൽ അച്ചടിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകം പ്രദർശനത്തിന് എത്തി. ബുദ്ധമത ആശയങ്ങളുമായി ബന്ധപ്പെട്ട് 1377 ൽ അച്ചടിച്ച 'ജിക്ജി' എന്ന കൊറിയന്‍ കൃതിയാണ് 50 വർഷത്തിനിടെ ആദ്യമായി പ്രദർശനത്തിന് എത്തിയത്. പാരീസിലാണ് പുസ്തകത്തിന്‍റെ പ്രദർശനം നടക്കുന്നത്.

## Article Content

**ഒരു **മെക്കാനിക്കൽ പ്രസ്സിൽ അച്ചടിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകം പ്രദർശനത്തിന് എത്തി. ബുദ്ധമത ആശയങ്ങളുമായി ബന്ധപ്പെട്ട് 1377 ൽ അച്ചടിച്ച 'ജിക്ജി' എന്ന കൊറിയന്‍ കൃതിയാണ് 50 വർഷത്തിനിടെ ആദ്യമായി പ്രദർശനത്തിന് എത്തിയത്. പാരീസിലാണ് പുസ്തകത്തിന്‍റെ പ്രദർശനം നടക്കുന്നത്.

ജർമ്മനിയിലെ പ്രിന്‍റിങ് പ്രസ്സിൽ നിന്ന് ജോഹന്നാസ് ഗുട്ടൻബർഗ് തന്‍റെ പ്രശസ്തമായ ബൈബിൾ അച്ചടിക്കുന്നതിന് ഏകദേശം 78 വർഷങ്ങൾക്ക് മുമ്പാണ് ജിക്ജി എന്ന ഈ കൊറിയൻ പുസ്തകം അച്ചടിച്ചത്. നാഷണൽ ലൈബ്രറി ഓഫ് ഫ്രാൻസിൽ (BnF) ജൂലൈ വരെ നടക്കുന്ന പുതിയ പ്രദർശനത്തിന്റെ ഭാഗമായാണ് ഈ കൊറിയൻ ഗ്രന്ഥം പ്രദർശിപ്പിക്കുന്നത്. ജിക്ജി ആണ് ആദ്യമായി അച്ചടിച്ച പുസ്തകം എങ്കിലും ഗുട്ടൻബർഗ് പ്രസ്സിന് ലഭിച്ച വിപ്ലവകരമായ പ്രശസ്തി അതിന് ലഭിച്ചില്ല.

അതിന് കാരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത് ആ കാലഘട്ടത്തിൽ സാങ്കേതികവിദ്യ അല്പം പോലും വളർച്ച പ്രാപിക്കാതിരുന്നതാണ്. കൊറിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 1973 കൾക്ക് ശേഷം മാത്രമാണ് ജിക്ജി പൊതുവേദികളിൽ പ്രദർശനത്തിന് എത്തിച്ചത്.കൊറിയൻ കണ്ടുപിടുത്തത്തെക്കുറിച്ച് ഗുട്ടൻബർഗിനും അറിയില്ലായിരുന്നു എന്നാണ് ജിക്ജി ഇപ്പോൾ പ്രദർശനത്തിനായി എത്തിച്ചിരിക്കുന്ന ബിഎൻഎഫ് അധികൃതരും അഭിപ്രായപ്പെടുന്നത്.

> 1887-ൽ കൊറിയയിലെ ആദ്യത്തെ ഫ്രഞ്ച് നയതന്ത്രജ്ഞനായ വിക്ടർ കോളിൻ ഡി പ്ലാൻസിയാണ് "ജിക്ജി" ഫ്രാൻസിലേക്ക് കൊണ്ടുവന്നത്. പുരാതന ഗ്രന്ഥങ്ങൾ ശേഖരിക്കുന്ന ഒരു അജ്ഞാത സ്രോതസ്സിൽ നിന്നാണ് അദ്ദേഹം അത് വാങ്ങിയത്. 1371-1378 കാലഘട്ടത്തിലുള്ളതാണ് ഈ കൃതിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അദ്ദേഹം ഇത് സ്വന്തമാക്കിയത്. 1900-ൽ പാരീസ് യൂണിവേഴ്സൽ എക്സിബിഷനിൽ ഇത് പ്രദർശിപ്പിച്ചിരുന്നു.

പിന്നീട് 1911-ൽ കോളിൻ ഡി പ്ലാൻസി ഇത് 180 ഫ്രാങ്കുകൾക്ക് ലേലത്തിൽ വിറ്റു. ഇത് ഇന്ന് 60,000 യൂറോയ്ക്ക് തുല്യമാണെന്നാണ് ഫ്രാൻസിന്‍റെ ദേശീയ സ്ഥിതിവിവരക്കണക്ക് ബ്യൂറോ പറയുന്നത്. പിന്നീട് 1950 ലാണ് ഇത് ദേശീയ ലൈബ്രറിക്ക് വിട്ടുകൊടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109099/the-worlds-oldest-book-printed-on-a-machine-in-1377-is-on-display)