---
title: "'ക്യാമറയ്ക്ക് പിന്നില്‍ കൂടുതല്‍ സ്ത്രീകള്‍ വേണം'; മമ്മൂട്ടിയോട് പ്രാചി തെഹ്‌ലാന്‍"
english_title: "Actress Prachi Tehlan's comment on that film is getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108340/actress-prachi-tehlans-comment-on-that-film-is-getting-attention-now-new"
published_at: "2023-04-11T07:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434c2ec4e6de_mammootty.jpg"
keywords: []
---

# 'ക്യാമറയ്ക്ക് പിന്നില്‍ കൂടുതല്‍ സ്ത്രീകള്‍ വേണം'; മമ്മൂട്ടിയോട് പ്രാചി തെഹ്‌ലാന്‍

> **Lead Summary:** മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 6ന് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ പാക്കപ്പ് സമയത്ത് മുഴുവന്‍ ടീമിനുമൊപ്പമുള്ള ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

## Article Content

മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 6ന് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ പാക്കപ്പ് സമയത്ത് മുഴുവന്‍ ടീമിനുമൊപ്പമുള്ള ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ആ ചിത്രത്തിന് നടി പ്രാചി തെഹ്‌ലാന്‍ നല്‍കിയ കമന്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ സാങ്കേതിക മേഖലകളില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതിനെ കുറിച്ചാണ് പ്രാചിയുടെ കമന്റ്. ”ക്യാമറയ്ക്ക് പിന്നില്‍ നമുക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്” എന്നാണ് പ്രാചിയുടെ കമന്റ്. മികച്ച ഫോട്ടോ ആണെന്ന് പറഞ്ഞ് മമ്മൂട്ടിയെ അഭിനന്ദിച്ചിട്ടുമുണ്ട് നടി.

പഞ്ചാബി ചിത്രങ്ങളിലൂടെ സിനിമയില്‍ അരങ്ങേറിയ പ്രാചി തെഹ്‌ലാന്റെ മലയാള സിനിമയിലെ അരങ്ങേറ്റമായിരുന്നു മാമാങ്കം. ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് പ്രാചി ചിത്രത്തില്‍ അവതരിപ്പിച്ചത്. അതേസമയം മമ്മൂട്ടി തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ നിര്‍മ്മാണവും.

കൊച്ചി കൂടാതെ പൂനെ കൂടാതെ പാലാ, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്.

മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108340/actress-prachi-tehlans-comment-on-that-film-is-getting-attention-now-new)