ഋതു എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് റിമ കല്ലിങ്കൽ . ഏറെ നാളുകൾക്ക് ശേഷം റിമ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് നീലവെളിച്ചം.
ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയിൽ ടൊവിനോ തോമസ്, റോഷൻ മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഐ ആം വിത്ത് ധന്യ വർമ്മ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റിമ. ആഷിഖ് അബുവുമായുള്ള വിവാഹ സമയത്ത് വന്ന ചോദ്യങ്ങളെക്കുറിച്ചാണ് റിമ സംസാരിച്ചത്.

ഞങ്ങൾ വിവാഹിതരാവാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഒരുമിച്ച് ഒരു ഇവന്റിന് ഞങ്ങൾ ആദ്യമായി പോയി. സർക്കാർ സ്കൂളിലെ ഇലക്ട്രിക് ടോയ്ലറ്റുകളുടെ ലോഞ്ചിനായിരുന്നു പോയത്. തിരിച്ചിറങ്ങുന്ന വഴിക്ക് മാധ്യമങ്ങൾ വന്ന് റിമ മതം മാറുന്നെന്ന് കേട്ടല്ലോ, ശരിയാണോയെന്ന്. എനിക്കുള്ള മതം എന്താണെന്ന് അറിയില്ല, ഇനിയത് മാറുകയും വേണമോയെന്ന് ഞാൻ ചോദിച്ചു. കാരണം അങ്ങനെയാെരു സ്പേസിൽ വളർന്ന ആളേയല്ല ഞാൻ.
ലവ് ബേർഡ്സ് ഇമേജൊക്കെ കോമഡിയാണ്. ഞങ്ങൾ 24 മണിക്കൂറും നല്ല തല്ലാണ്. പക്ഷെ ഒരിക്കലും ഇതേ പറ്റിയല്ല. മതം ഒരിക്കലും ഞങ്ങളുടെ വഴക്കിന് കാരണമായിട്ടില്ല. ഞങ്ങൾ രണ്ട് പേർക്കും അത് ഒട്ടും പ്രധാനപ്പെട്ട കാര്യമല്ലായിരുന്നു. സിനിമയാണ് ഞങ്ങളെ ചേർത്ത് നിർത്തിയത്. ഞങ്ങളുടെ മതം അതായിരുന്നു. ആദ്യമായി സംസാരിക്കുന്നത് പോലും സിനിമയെക്കുറിച്ചായിരുന്നെന്നും റിമ കല്ലിങ്കൽ പറഞ്ഞു.

രണ്ട് പേരുടെയും കുടുംബം ഒരു കാര്യത്തിലും ഇടപെടാറില്ലെന്നും റിമ വ്യക്തമാക്കി. മുതിർന്ന വ്യക്തികളായി ഞങ്ങൾ രണ്ട് പേരെയും കുടുംബം അംഗീകരിച്ചു. അവർ ഒരു കാര്യത്തിലും ഇടപെടാറില്ല. ഒരു കാര്യത്തിലും എന്നതിൽ ഒട്ടും അതിശയോക്തിയില്ല, റിമ പറഞ്ഞു. മാതാപിതാക്കൾ അവളെ അവളുടെ വഴിക്ക് വിട്ടേക്കാമെന്ന് കരുതി. അവർക്കെന്നിൽ വിശ്വാസമുണ്ടായിരുന്നെന്നും റിമ കല്ലിങ്കൽ പറഞ്ഞു.
വിവാഹ ശേഷം തന്നെ സിനിമാ ലോകം സ്റ്റീരിയോടൈപ് ചെയ്തതിനെക്കുറിച്ച് റിമ സംസാരിച്ചിട്ടുണ്ട്. തുടരെ സിനിമകൾ ചെയ്യവെയാണ് വിവാഹം. ശേഷം സിനിമകൾ കുറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ സമയമെടുത്തു. വിവാഹ ശേഷവും അഭിനയിക്കുമെന്ന് താൻ പലയിടത്തും വ്യക്തമാക്കിയതാണ്. എന്നാൽ ഇനി സിനിമ ചെയ്യുമോ, ഭർത്താവിന്റെ പ്രൊഡക്ഷൻ കമ്പനിയിൽ മാത്രമേ വർക്ക് ചെയ്യുമോ എന്നീ ചോദ്യങ്ങൾ തനിക്ക് പിന്നീടും നേരിടേണ്ടി വന്നെന്നും റിമ കല്ലിങ്കൽ വ്യക്തമാക്കി.
Content Highlight: Religion has never been the cause of our quarrel; Rima Kallingal

































