---
title: "'ഞങ്ങള്‍ അതിന് റെഡിയാണ്'; അര്‍ജുനുമൊത്തുള്ള പ്രണയബന്ധത്തെ കുറിച്ച് മലൈക"
english_title: "'We are ready for it'; Malaika on her relationship with Arjun..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107659/we-are-ready-for-it-malaika-on-her-relationship-with-arjun"
published_at: "2023-04-07T14:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fd9ca23167_arjun.jpg"
keywords: []
---

# 'ഞങ്ങള്‍ അതിന് റെഡിയാണ്'; അര്‍ജുനുമൊത്തുള്ള പ്രണയബന്ധത്തെ കുറിച്ച് മലൈക

> **Lead Summary:** സെലിബ്രിറ്റികളുടെ വ്യക്തിജീവിതം എല്ലായ്‌പ്പോഴും പരസ്യമായ ചര്‍ച്ചകള്‍ക്കും മുൻവിധികള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കാറുണ്ട്. പ്രത്യേകിച്ച് സിനിമാതാരങ്ങളുടേത്. ഇത്തരത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച പ്രണയബന്ധമാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയുടേതും അര്‍ജുൻ കപൂറിന്‍റേതും. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ഏറെയും വിവാദങ്ങളിലേക്ക് നയിച്ചത്.

## Article Content

സെലിബ്രിറ്റികളുടെ വ്യക്തിജീവിതം എല്ലായ്‌പ്പോഴും പരസ്യമായ ചര്‍ച്ചകള്‍ക്കും മുൻവിധികള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കാറുണ്ട്. പ്രത്യേകിച്ച് സിനിമാതാരങ്ങളുടേത്. ഇത്തരത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച പ്രണയബന്ധമാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയുടേതും അര്‍ജുൻ കപൂറിന്‍റേതും. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ഏറെയും വിവാദങ്ങളിലേക്ക് നയിച്ചത്.

 മലൈകയ്ക്ക് ഇപ്പോള്‍ നാല്‍പത്തിയൊമ്പതും അര്‍ജുന് മുപ്പത്തിയേഴും വയസാണ്. 2019ലാണ് തങ്ങളുടെ പ്രണയബന്ധത്തെ കുറിച്ച് ഇരുവരും പരസ്യമാക്കുന്നത്. നേരത്തെ നടൻ അര്‍ബാസ് ഖാനുമായി വിവാഹം കഴിഞ്ഞ മലൈകയ്ക്ക് ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്. ഇവര്‍ 2017ലാണ് ബന്ധം വേര്‍പിരിയുന്നത്.

പിന്നീട് അര്‍ജുന്‍റെ പേരിനൊപ്പം മലൈകയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും വിവാദങ്ങള്‍ പതിവാവുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ ബന്ധം പരസ്യമാക്കിയത്. തുടര്‍ന്നും പലപ്പോഴായി ഇവരുടെ പ്രണയബന്ധം അനാവശ്യമായി വിവാദങ്ങളിലേക്കും മോശം ചര്‍ർച്ചകളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടു.

ഇടയ്ക്കെങ്കിലും മലൈക ഇതിനെല്ലാം കൃത്യമായ ഉത്തരങ്ങളും നല്‍കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെ കുറിച്ച് കുറെക്കൂടി വ്യക്തമായി സംസാരിക്കുകയാണ് മലൈക. ഒരു മാഗസിന് വേണ്ടി നല്‍കിയ അഭിമുഖത്തിനിടെയാണ് മലൈക ഇക്കാര്യങ്ങള്‍ സംസാരിച്ചത്. തങ്ങള്‍ ഒരുമിച്ച് ഒരേ വീട്ടില്‍ താമസിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇരുവരും ഇപ്പോള്‍ അതിന് തയ്യാറായിട്ടുള്ളൊരു അവസ്ഥയിലാണെന്നും മലൈക പറയുന്നു.

'അര്‍ജുനെ പോലെയൊരാളെ ലഭിച്ചതില്‍ ഞാൻ എന്നെ ഭാഗ്യവതിയായി കാണുന്നു. പലപ്പോഴും യഥാര്‍ത്ഥ സ്നേഹത്തില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടുപോയിട്ടുണ്ട്. പക്ഷേ അര്‍ജുനെ പരിചയപ്പെട്ട്, അര്‍ജുനൊപ്പം ആയതില്‍ പിന്നെ എനിക്കങ്ങനെ തോന്നിയിട്ടില്ല. അര്‍ജുൻ എനിക്ക് അനുയോജ്യനായ വ്യക്തിയാണ്.

പരിശുദ്ധമായ രീതിയില്‍ ഒരാള് സ്നേഹിക്കാൻ കഴിയുന്നതും എപ്പോഴും ആവേശമുണ്ടാക്കുന്ന അനുഭവം തന്നെയാണ്. ഞങ്ങളുടെ ബന്ധം അടുത്ത ഒരു ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് ഞാൻ ആഗ്രഹിക്കുന്നു. ഒരുമിച്ച് ഒരു വീട്ടിലേക്ക് മാറണം. ഞങ്ങളിപ്പോള്‍ അതിന് റെഡിയാണെന്നാണ് എനിക്ക് തോന്നുന്നത്...'- മലൈക പറയുന്നു.

ഇനിയുമൊരു വിവാഹത്തെ കുറിച്ച് മലൈക ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്- 'ആളുകള്‍ ഞാനങ്ങനെ ചിന്തിക്കില്ല എന്ന് വല്ലാതെ വിധിക്കുന്നുണ്ട്. അങ്ങനെയൊന്നുമില്ല. ഞാനൊരുപക്ഷേ കല്യാണം കഴിച്ചേക്കാം...'- എന്നായിരുന്നു താരത്തിന്‍റെ മറുപടി. നാല്‍പത്തിയൊമ്പതാം വയസിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നൊരു താരം കൂടിയാണ് മലൈക.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധരാണ് ഇവര്‍ക്കുള്ളത്. തനിക്ക് പ്രായമായെന്ന് താനിത് വരെ ചിന്തിച്ചിട്ടില്ലെന്നും ഇനിയും ഏറെക്കാലം ജോലി ചെയ്യാനും യാത്രകള്‍ പോകാനും ജീവിതമാസ്വദിക്കാനുമാണ് താൻ ആലോചിക്കുന്നതെന്നും മലൈക ഈ അഭിമുഖത്തിലൂടെ പറയുന്നു.

മാസങ്ങള്‍ക്ക് മുമ്പ് മലൈകയും അര്‍ജുനും വേര്‍പിരിയുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഏറെ കത്തിനിന്നിരുന്നു. ഇതിന് ശേഷം തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇതാദ്യമായാണ് മലൈക ഇത്രയധികം വാചാലയാകുന്നത്. ഇരുവരുടെയും ആരാധകരും, ബോളിവുഡ് ആരാധകരുമെല്ലാം മലൈകയുടെ വാക്കുകള്‍ ഏരെ കൗതുകത്തോടെ കേള്‍ക്കുകയാണ്. കാരണം അത്രമാത്രം ചര്‍ച്ചയാക്കപ്പെട്ടതാണല്ലോ മലൈക- അര്‍ജുൻ കപൂര്‍ പ്രണയം.

### Related Links & Sources
- [Original Story Source](https://moviemax.in/news/107659/we-are-ready-for-it-malaika-on-her-relationship-with-arjun)