logo

ഇങ്ങനെയൊരു ക്ലൈമാക്സ് ഈ കാലത്ത് ,നിയമ വ്യവസ്ഥയുടെ മുകളില്‍ നിന്നുള്ള നിരീക്ഷണം;നായാട്ട്

Published at Apr 14, 2021 06:39 PM ഇങ്ങനെയൊരു ക്ലൈമാക്സ് ഈ കാലത്ത് ,നിയമ വ്യവസ്ഥയുടെ മുകളില്‍ നിന്നുള്ള നിരീക്ഷണം;നായാട്ട്

ചേരുവകളില്ലാതെ ഒരു തികഞ്ഞ വിഭവം അപൂർണ്ണമാണ്. വളരെക്കാലമായി ഓർമ്മിക്കപ്പെടുന്ന മികച്ച ത്രില്ലറുകളിലൊന്നാകാൻ ഈ സിനിമയ്ക്ക് എല്ലാ സാധ്യതകളും ഉണ്ടായിരുന്നു.അത് സാധിച്ചു .‘നായാട്ടി’ൽ ഇരയാക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതും ഒരേ മുഖമുള്ളവരാണ്, പൊലീസുകാർ. അതുകൊണ്ടുതന്നെ അവർ തമ്മിലുള്ള ഒളിപ്പോരിനും നേർപ്പോരിനും മൂർച്ചയേറെയാണ്. മൂന്നു മനുഷ്യർ നടത്തുന്ന അതിജീവനത്തിൽ അധികാരത്തിന്റെ പല തട്ടിലുള്ളവർ കനിവൊട്ടുമില്ലാത്ത മുഖങ്ങളുമായി വന്നുപോകുന്നു. അക്കൂട്ടരിൽ ഒപ്പമുള്ളവരും തലയ്ക്കുമുകളിലുള്ളവരുമുണ്ട്. സമൂഹത്തിന്റെ ഏതു തട്ടിലുള്ളവരുമാകട്ടെ, ഒരിക്കൽ വേട്ടയാടപ്പെടേണ്ടി വരുമെന്നും ആ സാഹചര്യത്തിന് കൂരിരുളിനേക്കാൾ ഇരുട്ടും ക്രൗര്യവും ഏറെയായിരിക്കുമെന്നും ഓർമിപ്പിക്കുന്ന ചിത്രം. ഒരു നിമിഷം പ്രേക്ഷകർ പോലും ആ വേട്ടയാടലിന്റെ ഒറ്റപ്പെടലും ഭീകരതയും അനുഭവിച്ചറിയും. വേട്ടയാടപ്പെടുന്നവരാണ് നമ്മളും എന്ന യാഥാർഥ്യം തിരിച്ചറിയുന്ന ക്ലൈമാക്സ്. അതെ, ‘നായാട്ട്’ ഒരു അനുഭവമാണ്.


പിറവത്തെ ഒരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മണിയനും പ്രവീണും സുനിതയും. മകളെ കലാപ്രതിഭയാക്കണമെന്ന് സ്വപ്നം കണ്ടുനടക്കുന്ന ഇടത്തരം കുടുംബത്തിലെ ആളാണ് മണിയൻ. പ്രായമായ അമ്മയുമായി ഒറ്റയ്ക്കാണ് പ്രവീണിന്റെ ജീവിതം. അമ്മ മാത്രമുള്ള സുനിതയുടെ ജീവിതവും പ്രാരബ്ധങ്ങള്‍ നിറഞ്ഞതാണ്. അപ്രതീക്ഷിതമായി ഇവർ ഒരു കുരുക്കിലകപ്പെടുന്നു; അഴിയുന്തോറും വലിഞ്ഞുമുറുകുന്ന അധികാരകുരുക്കിൽ. നിമിഷങ്ങൾ കൊണ്ട് ഭരണകൂടവും അവർക്കെതിരാവുന്നു.

വേട്ടക്കാർ ആയിരുന്നവർ പൊടുന്നനെ ഇരകളായാലുള്ള അവസ്ഥ എന്തായിരിക്കും. ഭരണകൂട ഭീകരതയ്ക്കു മുന്നിൽ നിസ്സഹായരാകുന്ന സാധാരണക്കാരനെപ്പോലെ ഇവരും വേട്ടയാടപ്പെടുകയാണ്. ചെറുത്തുനിൽപല്ലാതെ വേറെ മാർഗമില്ല. വേട്ടക്കാർ ഒരേ കൂട്ടരായതുകൊണ്ട് അതിന്റെ വേഗത ഇവർക്കുമറിയാം. അധികാര ശക്തികളുടെ സ്വാർഥതയ്ക്കു മുന്നിൽ നിന്നുള്ള അതിജീവനം. സർക്കാരും നിയമസംവിധാനവും എതിരെ നിൽക്കുമ്പോൾ മണിയനും പ്രവീണിനും സുനിതയ്ക്കും രക്ഷപ്പെടാനാകുമോ? പിടികൂടിയാൽ തന്നെ എന്താകും അവരുടെ ഭാവി? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ‘നായാട്ട്’.

നായാട്ട് ഒരു വ്യത്യസ്ത സിനിമാനുഭവമാണ്. പ്രേക്ഷകനെ ആദ്യാവസാനം രസിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന ഒരു സിനിമാനുഭവം എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. അഭിനേതാക്കളുടെ മികച്ച പ്രകടനവും സാങ്കേതികമായി മികച്ചു നിൽക്കുന്ന അവതരണ ശൈലിയുമാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോസഫിന് ശേഷം ഷാഹി കബീറും വിജയം ആവർത്തിക്കുന്ന കാഴ്ച കൂടി നായാട്ട് നമ്മുക്ക് സമ്മാനിക്കുന്നു.

പ്രവീൺ, സുനിത, മണിയൻ എന്നീ കഥാപാത്രങ്ങളായി അനായാസമായ പ്രകടനമാണ് കുഞ്ചാക്കോ ബോബൻ, നിമിഷ, ജോജു ജോർജ് എന്നിവർ നൽകിയത്. കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടു അഭിനയിക്കാൻ ഈ മൂന്നു പേർക്കും സാധിച്ചിട്ടുണ്ട്. പരസ്പരം മത്സരിച്ചു അഭിനയിച്ച ഇവർ മൂന്നു പേരും തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി നിന്നതു..പ്രവീൺ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് നൽകിയത്. അതുപോലെ തന്നെ ജോജു ജോർജുമായുള്ള കുഞ്ചാക്കോ ബോബന്റെ ഓൺസ്‌ക്രീൻ രസതന്ത്രം പ്രവീൺ, മണിയൻ എന്നീ രണ്ടു കഥാപാത്രങ്ങളേയും കൂടുതൽ വിശ്വസനീയമാക്കി മാറ്റി. ജോജു ജോർജ് പതിവുപോലെ തന്റെ കഥാപാത്രം വളരെ അനായാസമായി ചെയ്തു ഫലിപ്പിച്ചപ്പോൾ, നിമിഷ സജയൻ സുനിതക്കു ജീവൻ പകർന്നതും ഏറ്റവും മനോഹരമായാണ്. അഭിനേതാക്കൾ എന്ന നിലയിലുള്ള മൂന്നു പേരുടെയും വളർച്ച നമ്മുക്ക് കാണിച്ചു തരുന്ന ചിത്രം കൂടിയാണ് നായാട്ട് എന്ന് പറയാൻ സാധിക്കും. അതുപോലെ തന്നെ അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി, ഹരികൃഷ്ണൻ എന്നിവരും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി കാഴ്ച വെച്ചത്. വിഷ്ണു വിജയ് ഒരുക്കിയ സംഗീതം ചിത്രത്തിലെ അന്തരീക്ഷം അവസാനം വരെ ഉദ്വേഗഭരിതമാക്കി നിർത്താൻ സഹായിച്ചു. അത് പോലെ തന്നെ ക്യാമെറാമാനായ ഷൈജു ഖാലിദ് ഒരുക്കിയ മികച്ച ദ്രശ്യങ്ങളും ചിത്രത്തിന്റെ ഫീൽ പ്രേക്ഷകനിലേക്കു എത്തിക്കാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട് . മഹേഷ് നാരായണിന്റെ എഡിറ്റിംഗ് കഥ പറച്ചിലിന്റെ താളത്തിനൊത്തു തന്നെ നീങ്ങിയപ്പോൾ ഒരിക്കലൂം ഈ ചിത്രം പ്രേക്ഷകനെ മുഷിപ്പിക്കുന്ന അനുഭവമായി മാറിയില്ല എന്നതും എടുത്തു പറയണം.

ഇങ്ങനെയൊരു ക്ലൈമാക്സ് ഈ അടുത്തൊരു മലയാള സിനിമയിലും ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. പ്രത്യേകിച്ചും മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകനിൽ നിന്നും. കാരണം ഇതൊരു പരീക്ഷണമാണ്, മറ്റൊരു തരത്തിൽ ചങ്കൂറ്റമാണ്. ഒരു നല്ല സിനിമയിൽനിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിൽനിന്നു ലഭിക്കും.


Such a climax in this day and age, the observation from the top of the legal system; hunting

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories