---
title: "ഓഫീസിൽ ജോലിക്കിടയിൽ ഉറങ്ങിപ്പോയ ജീവനക്കാരന് സഹപ്രവർത്തകർ നൽകിയ പണി; വൈറലായി വീഡിയോ"
english_title: "Work given by colleagues to an employee who fell asleep while working in the office; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106352/work-given-by-colleagues-to-an-employee-who-fell-asleep-while-working-in-the-office-the-video-went-viral"
published_at: "2023-03-31T16:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426d2dc22667_viral.jpg"
keywords: []
---

# ഓഫീസിൽ ജോലിക്കിടയിൽ ഉറങ്ങിപ്പോയ ജീവനക്കാരന് സഹപ്രവർത്തകർ നൽകിയ പണി; വൈറലായി വീഡിയോ

> **Lead Summary:** സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ദിനംപ്രതി പോസ്റ്റ് ചെയ്യപ്പെടുന്നത് ആയിരക്കണക്കിന് വീഡിയോകൾ ആണ്. ലോകത്തിൻറെ മറ്റൊരു കോണിൽ നടന്ന സംഭവമാണെങ്കിൽ പോലും നമ്മുടെ കൺമുമ്പിൽ അത് എത്തിക്കുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

## Article Content

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ദിനംപ്രതി പോസ്റ്റ് ചെയ്യപ്പെടുന്നത് ആയിരക്കണക്കിന് വീഡിയോകൾ ആണ്. ലോകത്തിൻറെ മറ്റൊരു കോണിൽ നടന്ന സംഭവമാണെങ്കിൽ പോലും നമ്മുടെ കൺമുമ്പിൽ അത് എത്തിക്കുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

കൗതുകം ജനിപ്പിക്കുന്നതും രസിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും ദുഃഖം നിറയ്ക്കുന്നതും ഒക്കെയായ പലതരം വീഡിയോകൾ ഇത്തരത്തിൽ പോസ്റ്റ് ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞദിവസം ട്വിറ്ററിൽ ഏറെ രസകരമായ ഒരു വീഡിയോ വളരെയധികം പ്രചരിക്കപ്പെട്ടു. ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയ ജീവനക്കാരനെ സഹപ്രവർത്തകർ വളരെ രസകരമായി പറ്റിക്കുന്നതിന്റെ വീഡിയോയാണ് ഇത്.

@FunnyManPage എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്കേറിയ ജോലി സമയത്തിനിടയിൽ ഒരു ജീവനക്കാരൻ മാത്രം ഇരുന്ന് ഉറങ്ങുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അയാൾ ഉറങ്ങുന്നത് സഹപ്രവർത്തകരായ മറ്റു ജീവനക്കാരാരും ശ്രദ്ധിക്കുന്നില്ല. അപ്പോഴാണ് അവരുടെ ടീം ലീഡർ അവർക്കിടയിലേക്ക് വരുന്നത്. ജീവനക്കാരിൽ ഒരാൾ ഉറങ്ങുന്നത് കണ്ട ടീം ലീഡർ മറ്റുള്ള സഹപ്രവർത്തകരോട് ആംഗ്യഭാഷയിൽ തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് ഓഫീസിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി നിൽക്കാൻ ആവശ്യപ്പെടുന്നു.

കാര്യം പിടികിട്ടിയ മുഴുവൻ ജീവനക്കാരും ഉറങ്ങുന്ന ആളെ എഴുന്നേൽപ്പിക്കാതെ നിശബ്ദരായി വളരെ വേഗത്തിൽ ഓഫീസിൽ പെട്ടെന്നാരുടെയും ശ്രദ്ധയിൽപ്പെടാത്ത ഒരു ഭാഗത്തേക്ക് മാറിനിൽക്കുന്നു. അല്പസമയം കഴിഞ്ഞതും ഉറങ്ങി കൊണ്ടിരുന്ന ആൾ എഴുന്നേറ്റു.

[**https://twitter.com/i/status/1640702639481688064**](https://twitter.com/i/status/1640702639481688064)

തന്റെ ചുറ്റിലുമുള്ള കസേരകൾ മുഴുവൻ ശൂന്യമായി കിടക്കുന്നത് കണ്ട് അയാൾ അമ്പരന്നു. മറ്റ് സഹപ്രവർത്തകരെ ചുറ്റിലും തിരഞ്ഞതിനുശേഷം അയാൾ ഫോൺ എടുത്ത് തന്റെ സുഹൃത്തായ ഒരു ജീവനക്കാരനെ വിളിക്കുന്നു. ഓഫീസിനുള്ളിൽ തന്നെ മറഞ്ഞിരുന്നു കൊണ്ട് ആ ജീവനക്കാരൻ നൽകിയ മറുപടി തനിക്കിപ്പോൾ സംസാരിക്കാൻ കഴിയില്ല സൺഡേ ആയതുകൊണ്ട് തിയേറ്ററിൽ ആണെന്നും ആയിരുന്നു.

ഇതുകൂടി കേട്ടതോടെ അയാൾ ആകെ ടെൻഷനിലായി. അപ്പോൾ താൻ വെള്ളിയാഴ്ച മുതൽ ഉറങ്ങുകയായിരുന്നോ എന്ന് അമ്പരപ്പോടെ ചോദിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്ത് ഓഫീസിനുള്ളിലൂടെ നടക്കുന്നു. ഈ സമയം ഒളിച്ചിരുന്ന മുഴുവൻ ജീവനക്കാരും തിരിച്ച് തങ്ങളുടെ സീറ്റുകളിൽ വന്നിരുന്ന് ഒന്നുമറിയാത്തതുപോലെ വീണ്ടും ജോലി തുടരുന്നു.

ഇതിനിടയിൽ അവിടേക്ക് വരുന്ന ഉറങ്ങിപ്പോയ ജീവനക്കാരൻ തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്നറിയാതെ അമ്പരപ്പോടെ നിൽക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഈ വീഡിയോ ബോധപൂർവ്വം സൃഷ്ടിച്ചതാണോ അതോ യഥാർത്ഥത്തിൽ സംഭവിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തുതന്നെയായാലും വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/106352/work-given-by-colleagues-to-an-employee-who-fell-asleep-while-working-in-the-office-the-video-went-viral)