---
title: "സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി; ചന്ദ്രമുഖി സംവിധായകന്‍ പി വാസുവുമായി ഉടക്കി വടിവേലു "
english_title: "left the set; Udaki Vadivelu with Chandramukhi director P Vasu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/103244/left-the-set-udaki-vadivelu-with-chandramukhi-director-p-vasu"
published_at: "2023-03-15T20:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411db01d98e5_vadivelu.jpg"
keywords: []
---

# സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി; ചന്ദ്രമുഖി സംവിധായകന്‍ പി വാസുവുമായി ഉടക്കി വടിവേലു 

> **Lead Summary:** **ചെന്നൈ :** മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്.

## Article Content

**ചെന്നൈ :** മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്.

ചന്ദ്രമുഖി 2 എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. ബോളിവുഡ് താരം കങ്കണ റണൌത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.

പി വാസു സംവിധാനം ചെയ്യുന്ന സിനിമയുടെ മറ്റൊരു ആകര്‍ഷണം വടിവേലുവാണ്. വളരെക്കാലത്തിന് ശേഷം തന്‍റെ തട്ടകമായ കോമഡി വേഷത്തിലേക്ക് വടിവേലു തിരിച്ചുവരുന്നു എന്നത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. 2021 ല്‍ സിനിമ വിലക്ക് തീരും വരെ തമിഴ് സിനിമയില്‍ നിന്നും നിഷ്കാസിതനായ നിലയിലായിരുന്നു വടിവേലു.

ഇംസൈ അരശൻ 24 പുലികേശി എന്ന ചിത്രത്തിനിടെ ഉണ്ടായ പ്രശ്നങ്ങളാണ് വടിവേലുവിന് ഏറെക്കാലം തമിഴ്നാട്ടിലെ സിനിമ രംഗത്ത് നിന്നും വിലക്ക് കിട്ടാന്‍ കാരണമായത്. പിന്നീട് വിലക്ക് നീക്കിയതിന് ശേഷം അദ്ദേഹം വീണ്ടും സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. നായി ശേഖര്‍ റിട്ടേൺസ് എന്ന ഇദ്ദേഹം നായകനായ ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു.എന്നാല്‍ ഇത് വലിയ ഫ്ലോപ്പായിരുന്നു.

ചന്ദ്രമുഖി 2 നിര്‍മ്മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍ തന്നെയാണ് അതും നിര്‍മ്മിച്ചത്. അതേ സമയം ലൈക്കയുടെ നിര്‍ബന്ധത്തിലും വലിയ തുകയ്ക്കുമാണ് വടിവേലു ചന്ദ്രമുഖി 2വില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പുതിയ വിവരം അനുസരിച്ച് ചന്ദ്രമുഖി സംവിധായകന്‍ പി വാസുവുമായി വടിവേലു ഉടക്കിയെന്നാണ് പുതിയ വാര്‍ത്ത. സെറ്റില്‍ നിന്നും വടിവേലു ഇറങ്ങിപ്പോയെന്നും വിവരമുണ്ട്. തന്‍റെ രംഗങ്ങള്‍ വേഗം ചിത്രീകരിക്കണം, ആദ്യം ചിത്രീകരിക്കണം തുടങ്ങിയ നിബന്ധനകള്‍ വടിവേലു മുന്നോട്ട് വച്ചുവെന്നും.

ഇത് സ്ഥിരം സംഭവമായപ്പോള്‍ സംവിധായകന്‍ വാസു രൂക്ഷമായി പ്രതികരിച്ചെന്നും. ഇതിനെ തുടര്‍ന്ന് കൈയ്യേറ്റത്തോളം എത്തിയ തര്‍ക്കം നടന്നുവെന്നും. ഒടുവില്‍ വടിവേലു ഷൂട്ടിംഗ് ഉപേക്ഷിച്ച് പോയെന്നുമാണ് തമിഴ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തര്‍ക്ക പരിഹാര നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ചന്ദ്രമുഖി 2വിന് സംഗീതം നല്‍കുന്നത് ഓസ്കാര്‍ ജേതാവ് എം എം കീരവാണിയാണ്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്. കലാസംവിധാനം തോട്ട തരണി. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി ചന്ദ്രമുഖിയില്‍ നായകനായ രജനീകാന്തിനെ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/103244/left-the-set-udaki-vadivelu-with-chandramukhi-director-p-vasu)