അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റുസ്സോ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന ആമസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റാഡലിന്‍റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷന്‍ സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ പരമ്ബരയില്‍ ഗെയിം ഓഫ് ത്രോണ്‍സില്‍ റോബ് സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാര്‍ഡ് മാഡനും അഭിനയിക്കുന്നുണ്ട്.

6 എപ്പിസോഡുകളുള്ള ആദ്യ സീസണിന്‍റെ ആദ്യ 2 എപ്പിസോഡുകള്‍ ഏപ്രില്‍ 28 ന് പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കും. മെയ് 26 വരെ ഓരോ ആഴ്ചയും ഓരോ എപ്പിസോഡ് വീതം റിലീസ് ചെയ്യും. ലോകമെമ്ബാടുമുള്ള 240 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ‘സിറ്റഡല്‍’ ലഭ്യമാകും.
ഇപ്പോള്‍ സിറ്റഡലിലെ അഭിനയത്തിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ കമന്‍റ് വൈറലാകുകയാണ്. സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ആമസോണ്‍ സ്റ്റുഡിയോ മേധാവി ജെന്നിഫര്‍ സാല്‍ക്കെയുമായി നടത്തിയ സംഭാഷണത്തിലാണ് പ്രിയങ്ക ചോപ്ര തന്‍റെ പ്രതിഫലത്തെക്കുറിച്ച് മനസ് തുറന്നത്.

‘താന്‍ 22 വര്‍ഷമായി അഭിനയ രംഗത്ത് വന്നിട്ട്. ഏകദേശം 70-ലധികം സിനിമകളിലും രണ്ട് ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് തനിക്ക് തുല്യവേതനം ലഭിക്കുന്നത്,’ പ്രിയങ്ക പറഞ്ഞു.
ആമസോണ്‍ സ്റ്റുഡിയോ ഇത് താങ്കള്‍ അര്‍ഹിക്കുന്നു എന്ന് പറഞ്ഞാണ് പ്രതിഫലം നല്‍കിയത്. ഒരു പക്ഷെ ആമസോണ്‍ സ്റ്റുഡിയോയുടെ മേധാവി ഒരു സ്ത്രീ ആയതിനാലാവാം ഇതെന്നും പ്രിയങ്ക പറഞ്ഞു. എന്നാല്‍ ആരാണെങ്കിലും ഇങ്ങനെ തന്നെയാവും പെരുമാറുക എന്നാണ് ആമസോണ്‍ സ്റ്റുഡിയോസ് മേധാവി ജെന്നിഫര്‍ സാല്‍കെ പ്രതികരിച്ചത്.
Content Highlight: For the first time in her 22-year career, Priyanka Chopra received equal pay


































